ഭിന്നശേഷിക്കാരായ യുവ കലാപ്രതിഭകളുടെ സംസ്ഥാന ആർട്ട് ട്രൂപ്പ് – റിഥം -ഒക്ടോബർ 23ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം ലുലു ഇന്റർനാഷണൽ മാളിലാണ് ‘റിഥ’ത്തിന് തുടക്കം
തിരുവനന്തപുരം:സർക്കാരിന്റെ നാലാം നൂറുദിന പരിപാടിയോടനുബന്ധിച്ച് സാമൂഹ്യനീതി വകുപ്പിന് കീഴിൽ നൂതനമായ ഒരു സംരംഭത്തിന് തുടക്കം കുറിക്കപ്പെടുകയാണ്. സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓൺ ഡിസെബിലിറ്റീസിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാരായ യുവ കലാപ്രതിഭകളുടെ സംസ്ഥാന ആർട്ട് ട്രൂപ്പ് – റിഥം - ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. ഒക്ടോബർ 23ന് വൈകിട്ട് ആറു മണിയ്ക്ക് തിരുവനന്തപുരം ലുലു ഇന്റർനാഷണൽ മാളിലാണ് ‘റിഥ’ത്തിന് തുടക്കം കുറിക്കുക.
സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓൺ ഡിസെബിലിറ്റീസും കേരള ഡെവലപ്മെന്റ് ആന്റ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിലും (KDISC) സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ടാലന്റ് സെർച്ച് ഫോർ യൂത്ത് വിത്ത് ഡിസെബിലിറ്റീസ് (Talent Search for Youth with Disabilities). കലാ-സാഹിത്യ മേഖലകളിൽ കഴിവും പ്രാഗത്ഭ്യം തെളിയിച്ച ഭിന്നശേഷിക്കാരായ കലാപ്രതിഭകളെ കണ്ടെത്തുന്നതിനും അവരുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് വേണ്ട സഹായവും പരിശീലനവും ലഭ്യമാക്കാനും സ്വന്തം കലയിൽ അവരുടെ വൈദഗ്ധ്യം മികവുറ്റതാക്കാനും ആരംഭിച്ച പദ്ധതിയാണിത്.
ഈ പദ്ധതിയ്ക്കു കീഴിൽ സംഗീതം, നൃത്തം വിഡിയോഗ്രാഫി&ഫോട്ടോഗ്രാഫി, ഡ്രോയിംഗ്&പെയിന്റിംഗ്, മിമിക്രി തുടങ്ങിയ മേഖലകളിൽ പ്രാഗത്ഭ്യം ഉള്ള, നാല്പതു ശതമാനമോ അതിലധികമോ ഭിന്നശേഷിയുള്ള പ്രതിഭകളെ പത്രം, സാമൂഹ്യമാധ്യമങ്ങൾ എന്നിവയിലൂടെ അറിയിപ്പ് നൽകി സ്ക്രീനിംഗ് നടത്തി കണ്ടെത്തുകയാണ് ആദ്യം ചെയ്തത്. തിരഞ്ഞെടുക്കപ്പെട്ട 46 കലാപ്രതിഭകൾക്ക് ടാലന്റ് സെർച്ച് ഫോർ യൂത്ത് വിത്ത് ഡിസെബിലിറ്റീസ് (TSYD) ആദ്യഘട്ട പരിപാടിയുടെ ഭാഗമായി ത്രിദിന സഹവാസ ക്യാമ്പ് നടത്തി. അവരവരുടെ കഴിവുകൾ വികസിപ്പിക്കുന്ന പരിശീലനങ്ങളും സഹായങ്ങളും നൽകി. 2022-23 സാമ്പത്തികവർഷം രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന തലത്തിൽ 41 പ്രതിഭകളെ തിരഞ്ഞെടുത്തു. ഇവർക്ക് സർക്കാരിന്റെ കേരളീയം, മുഖാമുഖം എന്നിവയടക്കം വിവിധ പരിപാടികളിൽ വേദികൾ നൽകി.
തുടർന്നാണ് ഇവർക്ക് തുടർന്നും വേദികളൊരുക്കി സർഗ്ഗാവിഷ്കാരങ്ങൾക്ക് അവസരം നൽകാൻ സംസ്ഥാന തലത്തിൽ കലാ ട്രൂപ്പ് രൂപീകരിക്കണമെന്ന ആശയം മന്ത്രിയെന്ന നിലയിൽ മുന്നോട്ടുവച്ചത്. അങ്ങനെ നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ‘അനുയാത്ര’ പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാരിന്റെ നാലാമത് നൂറുദിന പരിപാടിയുടെ ഭാഗമായി ‘റിഥം’ രൂപംകൊണ്ടിരിക്കുന്നത്.
അതിനായി കൈക്കൊണ്ട പ്രക്രിയ ഇങ്ങനെയാണ്:
മുൻപറഞ്ഞ രണ്ടു ഘട്ടങ്ങളിലായി തിരഞ്ഞെടുത്ത പ്രതിഭകളിൽ പെർഫോമിങ് ആർട്സ് ഇനങ്ങളിൽ - മ്യൂസിക്, ഡാൻസ്, ഉപകരണസംഗീതം, ശബ്‌ദാനുകരണ കല - മികവുറ്റ 44 പ്രതിഭകളെ ശ്രീശങ്കരാചാര്യ സംസ്കൃത സംസ്കൃത സർവ്വകലാശാലയിൽ സ്ക്രീനിംഗിന് ക്ഷണിച്ചു. സ്ക്രീനിംഗിൽ പങ്കെടുത്ത 35 പേരെ നൃത്ത, സംഗീത, തിയേറ്റർ പഠനവിഭാഗങ്ങളിലെ വിദഗ്ദ്ധർ വിലയിരുത്തി. ഏറ്റവും മികവാർന്നവരായി കണ്ടെത്തിയ 28 പേരെ തിരഞ്ഞെടുക്കുകയും ചെയ്തു. ഇവരെ അതാത് മേഖലകളിലെ വിദഗ്ദ്ധരെ പങ്കെടുപ്പിച്ച് മൂന്നു ദിവസത്തെ സഹവാസക്യാമ്പ് ഒരുക്കി പൂർണ്ണസജ്ജരാക്കി.
‘റിഥം’ അരങ്ങുകളിൽ എത്തുന്നതിന് തുടക്കം കുറിക്കുന്ന ചടങ്ങിൽ സാമൂഹിക-സാംസ്കാരിക-തിയറ്റർ-
സാമൂഹ്യനീതി വകുപ്പ്, സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓൺ ഡിസെബിലിറ്റീസിനു കീഴിൽ നടപ്പിലാക്കി വരുന്ന മറ്റു പദ്ധതികളെക്കുറിച്ചു കൂടി അല്പം:
കേരള സാമൂഹ്യസുരക്ഷാ മിഷൻ ഭിന്നശേഷി പരിപാലനവുമായി ബന്ധപ്പെട്ട പദ്ധതികൾ സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓൺ ഡിസെബിലിറ്റീസിലൂടെയാണ് (SID) ആസൂത്രണംചെയ്ത് നടപ്പാക്കുന്നത്. വൈകല്യങ്ങൾക്ക് കാരണമാകുന്ന അവസ്ഥകൾ പ്രതിരോധിക്കുക, വൈകല്യം എത്രയും നേരത്തെ കണ്ടെത്തുക, ആവശ്യമായ ഇടപെടലുകളിലൂടെ വൈകല്യത്തിന്റെ തീവ്രത ലഘൂകരിക്കുക (Early Screening, Early Detections and Early Intervention), ഇതിനാവശ്യമായ സ്ഥാപന സംവിധാനങ്ങളുമായി ഈ പ്രവർത്തനങ്ങളെ ബന്ധിപ്പിക്കുക (Organized Network of Institution) എന്ന സമീപനമാണിതിൽ കൈക്കൊള്ളുന്നത്. ‘അനുയാത്ര’ എന്ന പേരിൽ ഒരു സമഗ്ര പരിപാടിയുടെ ഭാഗമായാണ് സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓൺ ഡിസെബിലിറ്റീസ് പദ്ധതികളുടെ നിർവ്വഹണം.
സർക്കാർ ആശുപത്രികളിൽ നവജാത ശിശുക്കളുടെ കേൾവി പരിശോധന
കുഞ്ഞുങ്ങളിലെ കേൾവി സംബന്ധമായ പ്രശ്നങ്ങൾ എത്രയും നേരത്തെ കണ്ടെത്തി ആവശ്യമായ ഇടപെടലുകൾ നടത്തുന്നതിന് കുഞ്ഞ് ജനിച്ചയുടൻ തന്നെ കേള്‍വി പരിശോധനയ്ക്ക് സൗകര്യം സംസ്ഥാനത്തെ 61 സര്‍ക്കാർ കേന്ദ്രങ്ങളിൽ ലഭ്യമാണ്. നവജാത ശിശുക്കളുടെ ഈ കേൾവി പരിശോധനയിൽ കേൾവിപ്രശ്നം കണ്ടെത്തുന്ന കുഞ്ഞുങ്ങളെ വിദഗ്ധ പരിശോധന നടത്തി കേള്‍വിപരിമിതി സ്ഥിരീകരിക്കുന്നതിനുളള BERA (Brain Evoked Response Audiometry) സംവിധാനം 14 ജില്ലാ ആശുപത്രികളിലും ഒരുക്കിയിട്ടുണ്ട്. കേള്‍വിപ്രശ്നം സ്ഥിരീകരിക്കുന്നവര്‍ക്ക് വിദഗ്ധ വൈദ്യസഹായവും ശ്രവണ ഉപകരണങ്ങളും ലഭ്യമാക്കുന്നതിനും, കോക്ലിയാർ ഇംപ്ലാന്റേഷൻ ആവശ്യമുള്ളവർക്ക് ഇംപ്ലാന്റേഷന് മുമ്പുള്ള പ്രീ-ഹാബിലിറ്റേഷൻ തെറാപ്പിയും ഇംപ്ലാന്റേഷന് ശേഷമുള്ള പോസ്റ്റ് ഹാബിലിറ്റേഷൻ തെറാപ്പികളും നൽകാൻ ഇരിങ്ങാലക്കുടയിലുള്ള നാഷണൽ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആന്റ് റിഹാബിലിറ്റേഷൻ (NIPMR), കോഴിക്കോടും തിരുവനന്തപുരത്തുമുളള സർക്കാർ മെഡിക്കൽ കോളേജുകളിലെ ENT വിഭാഗം എന്നിവിടങ്ങളിൽ ആധുനിക സജീകരണങ്ങളോടെ ഓഡിറ്ററി വെര്‍ബൽ തെറാപ്പി കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.
പ്രാരംഭ ഇടപെടൽ കേന്ദ്രങ്ങൾ
പരിമിതികൾ എത്രയും നേരത്തെ കണ്ടെത്തുന്നതിനും, തെറാപ്പികൾ, പരിശീലനങ്ങള്‍, ചികിത്സകൾ ഉള്‍പ്പെടെയുളള സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനുമായി സംസ്ഥാനത്തെ അഞ്ച് മെഡിക്കൽ കോളേജുകളിൽ (തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട്) റീജിയണല്‍ ഏര്‍ളി ഇന്റര്‍വെന്‍ഷൻ സെന്ററുകൾ സ്ഥാപിച്ചിട്ടുണ്ട്.
ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേകിച്ചും കുട്ടികള്‍ക്ക് തുടര്‍ച്ചയായ തെറാപ്പികൾ ആവശ്യമാണ്. ജില്ലാ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രാരംഭ ഇടപെടൽ കേന്ദ്രങ്ങളിലും മറ്റ് സ്ഥാപനങ്ങളിലും എത്തി ഈ സൗകര്യം പ്രയോജനപ്പെടുത്താൻ വിവിധ കാരണങ്ങളാൽ പലരും പ്രയാസപ്പെടുന്നുണ്ട്. ഗ്രാമപ്രദേശങ്ങളില്‍ ഉളളവരെയാണ് ഈ പ്രശ്നം കൂടുതലായി ബാധിക്കുന്നത്. ഇത് പരിഹരിക്കുന്നതിന് 25 മൊബൈൽ ഇന്റര്‍വെന്‍ഷൻ യൂണിറ്റുകൾ പ്രവര്‍ത്തിച്ചു വരുന്നു.
പ്രീ-സ്കൂള്‍ തലത്തിൽ തന്നെ ബുദ്ധിപരിമിതി, വളര്‍ച്ചാവികാസ പ്രശ്നങ്ങൾ തുടങ്ങി പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികളെ കണ്ടെത്തി അനുയോജ്യമായ പരിശീലനങ്ങളും പരിചരണങ്ങളും നൽകി ജനറൽ സ്കൂളുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്പെഷ്യൽ അങ്കണവാടികളുടെ പ്രവര്‍ത്തനം കോഴിക്കോട് ജില്ലയിൽ നടന്നുവരുന്നു. ഒരു സ്പെഷ്യല്‍ എഡ്യൂക്കേറ്ററുടെ സേവനവും ആവശ്യമായ പ്രത്യേക പരിശീലന സാമഗ്രികളും സ്പെഷ്യൽ അങ്കണവാടികളിൽ ലഭ്യമാണ്. ഇതുവരെ 1174 കുട്ടികളെ ജനറൽ സ്കൂളിൽ ചേരാൻ ഇങ്ങനെ പ്രാപ്തരാക്കാൻ കഴിഞ്ഞിട്ടുണ്ട്.
ഓട്ടിസം ബാധിതർക്കായുളള പദ്ധതി – സ്പെക്ട്രം
ഓട്ടിസം ബാധിതരായ കുട്ടികൾക്ക് സേവനങ്ങൾ ലഭ്യമാക്കുന്നതിന് സംസ്ഥാനത്തെ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട്, മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജുകളിലും, കോഴിക്കോട് ഇംഹാന്‍സിലും ഓട്ടിസം സെന്‍ററുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ സെന്ററുകളിലൂടെ ഓട്ടിസം സ്ക്രീനിംഗ്, വിവിധ തെറാപ്പികള്‍, പരിശീലനങ്ങൾ, കൗണ്‍സിലിംഗ്, വൈദ്യസേവനങ്ങള്‍ എന്നിവ ലഭ്യമാക്കുന്നു.
ആധുനികവും ശാസ്ത്രീയവുമായ സംവിധാനങ്ങൾ ഉപയോഗിച്ച് ഓട്ടിസം മേഖലയിൽ പുനരധിവാസ പ്രവര്‍ത്തനങ്ങൾ നടത്തുന്നതിനും, ഓട്ടിസം മേഖലയിലെ പഠനഗവേഷണങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനുമായി ഇരിങ്ങാലക്കുടയിലുള്ള നാഷണൽ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആന്റ് റിഹാബിലിറ്റേഷനിൽ ആധുനിക സംവിധാനങ്ങളോടു കൂടിയ റീജിയണൽ ഓട്ടിസം റിഹാബിലിറ്റേഷൻ ആന്‍റ് റിസര്‍ച്ച് സെന്റർ സ്ഥാപിച്ച് പ്രവര്‍ത്തിച്ചു വരുന്നു.
ഹോര്‍ട്ടികള്‍ച്ചർ തെറാപ്പി
ഭിന്നശേഷി പരിപാലനവുമായി ബന്ധപ്പെട്ട നൂതന ഇടപെടലുകളുടെ ഭാഗമായി ഹോർട്ടികൾച്ചർ തെറാപ്പിയിലൂടെ ഭിന്നശേഷി പരിപാലനം നടത്തുന്ന പദ്ധതി കേരള കാർഷിക സർവ്വകലാശാലയുടെ സഹകരണത്തോടെ നടപ്പാക്കി വരുന്നു. വെളളായണി കാർഷിക കോളേജിലെ കമ്മ്യൂണിറ്റി സയൻസ് വിഭാഗം വഴിയാണ് ഹോർട്ടികൾച്ചർ തെറാപ്പിയും അനുബന്ധ പ്രവർത്തനങ്ങളും നടത്തി വരുന്നത്.
ഭിന്നശേഷിക്കാരായ കുട്ടികൾക്കും യുവാക്കൾക്കും തെറാപ്പി നൽകുകയും ഇതിലൂടെ അവരെ ശാക്തീകരിച്ച് ആത്മവിശ്വാസം വളർത്തുകയും സ്വന്തമായി തൊഴിൽ ചെയ്യുന്നതിന് ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കുയും ചെയ്യുകയാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്. ഈ പദ്ധതിയുടെ ഭാഗമായി വെളളായണി കാർഷിക കോളേജിൽ ഒരു ഭിന്നശേഷിസൗഹൃദ മാതൃകാ ഹോർട്ടികൾച്ചർ തെറാപ്പി ഗാർഡനും സജ്ജമാക്കിയിട്ടുണ്ട്. കാസർഗോഡ് ജില്ലയിലെ പടന്നക്കാട് കാർഷിക കോളേജിലും ഇതേ പദ്ധതി ആരംഭിച്ചിട്ടുണ്ട്.
ആങ്കയിലോസിംഗ് സ്പോണ്‍ഡിലൈറ്റിസ്, മള്‍ട്ടിപ്പിൾ സ്ക്ലീറോസിസ് എന്നീ രോഗങ്ങൾ മൂലം ഉണ്ടാകാൻ സാധ്യതയുളള വൈകല്യം തടയുന്നതിനായുള്ള പ്രത്യേക പദ്ധതി
ആങ്കലോസിംഗ് സ്പോണ്ടിലൈറ്റിസ്, മള്‍ട്ടിപ്പിൾ സ്ക്ലീറോസിസ് എന്നീ രോഗങ്ങൾ മൂലം ഉണ്ടാകാൻ സാധ്യതയുള്ള വൈകല്യങ്ങൾ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രോഗികള്‍ക്ക് ചികിത്സയുടെ ഭാഗമായി സൗജന്യമായി മരുന്ന് നല്‍കുന്ന പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്. സംസ്ഥാനത്ത് രണ്ട് നോഡൽ ആശുപത്രികളിലൂടെയാണ് ഈ പദ്ധതി നടപ്പിലാക്കി വരുന്നത്.
മോഡൽ ചൈൽഡ് റീഹാബിലിറ്റേഷൻ സെന്ററുകൾ
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് തെറാപ്പി, പരിശീലനം തുടങ്ങിയവ നൽകാൻ മോഡൽ ചൈൽഡ് റീഹാബിലിറ്റേഷൻ സെന്ററുകൾ ‘അനുയാത്ര’യുടെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സ്ഥാപിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ മട്ടന്നൂർ നഗരസഭയിൽ ആധുനിക സജ്ജീകരണങ്ങളോടെയുളള മോഡൽ ചൈൽഡ് റീഹാബിലിറ്റേഷൻ സെന്റർ സ്വന്തം കെട്ടിടത്തിൽ ആവശ്യമായ ആധുനിക ഉപകരണങ്ങളോടെ പ്രവർത്തിച്ചു വരുന്നു. കൂടാതെ കണ്ണൂർ ജില്ലയിലെ മാടായി, എരിഞ്ഞോളി പഞ്ചായത്തുകള്‍, മലപ്പുറം ജില്ലയിലെ താനാളൂർ എന്നിവിടങ്ങളിൽ മോഡൽ ചൈൽഡ് റീഹാബിലിറ്റേഷൻ സെന്ററുകളിലും ഇതേ സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.
ഭിന്നശേഷിക്കാർക്കായുളള ഹെല്‍പ്പ് ഡെസ്ക് (1800 120 1001)
ഭിന്നശേഷിക്കാര്‍ക്ക് അർഹമായ വിവിധ സേവനങ്ങൾ, പദ്ധതികൾ, സ്ഥാപനങ്ങൾ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ നൽകാൻ കേരള സാമൂഹ്യ സുരക്ഷാ മിഷൻ ഓഫീസിൽ ഹെല്‍പ്പ് ഡെസ്ക് പ്രവര്‍ത്തിക്കുന്നുണ്ട്. ഭിന്നശേഷിക്കാര്‍ക്കായി പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങൾ, അവയുടെ സേവനങ്ങൾ, ക്ഷേമപദ്ധതികൾ തുടങ്ങി വിവിധ വിവരങ്ങൾ ഈ കേന്ദ്രത്തിൽ ലഭ്യമാണ്. 1800 120 1001എന്ന ടോൾഫ്രീ നമ്പറിലാണ് ഈ സേവനം.
റീഹാബ് എക്സ്പ്രസ്
ഭിന്നശേഷിക്കാര്‍ക്ക് തെറാപ്പികൾ ഉള്‍പ്പെടെയുളള ഇടപെടലുകൾ ലഭ്യമാക്കുന്നതിനും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന വ്യക്തിഗത ഭിന്നശേഷി സഹായ ഉപകരണ വിതരണ പദ്ധതികളിൽ അസസ്മെന്‍റ്, പരിശീലനം എന്നിവയുൾപ്പെട്ട പ്രവര്‍ത്തനങ്ങളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ സഹായിക്കുന്നതിനുമായി NIPMR-മായി ചേർന്ന് ‘റീഹാബ് എക്സ്പ്രസ്സ്’ എന്ന ഒരു മൊബൈൽ യൂണിറ്റ് പ്രവർത്തിച്ചു വരുന്നു.ഫോട്ടോകാപ്ഷൻ
നൂറുദിന പരിപാടിയോടനുബന്ധിച്ച് സാമൂഹികനീതി വകുപ്പ് സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓൺ ഡിസെബിലിറ്റീസിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ഭിന്നശേഷിക്കാരായ യുവ കലാപ്രതിഭകളുടെ സംസ്ഥാന ആർട്ട് ട്രൂപ്പ് 'റിഥ'ത്തിന്റെ ലോഗോ ഉന്നതവിദ്യാഭ്യാസ-സാമൂഹികനീതി വകുപ്പു മന്ത്രി ഡോ. ആർ. ബിന്ദു പ്രകാശനം ചെയ്യുന്നു. ജില്ലാ സാമൂഹിക നീതി ഓഫീസർ പി. പ്രദീപ്, കേരള സാമൂഹിക സുരക്ഷ മിഷൻ ജില്ലാ കോ -ഓർഡിനേറ്റർ ജോജി ജോസഫ്, എസ്.ഐ.ഡി. കോ -ഓർഡിനേറ്റർ നൗഫൽ കെ. മീരാൻ എന്നിവർ സമീപം