മുഴുവൻ ഭിന്നശേഷിക്കാർക്കും യു.ഡി.ഐ.ഡി ലഭ്യമാക്കുന്ന രാജ്യത്തെ ആദ്യ നഗരസഭയാവാൻ മഞ്ചേരി
നഗരസഭയിൽ തന്നെ 1200 ലധികം ഭിന്നശേഷിക്കാരെ കണ്ടെത്താനും അവർക്ക് യു.ഡി.ഐ.ഡി ലഭ്യമാക്കാനുമുള്ള ത്വരിത പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്.
 
                                    മലപ്പുറം :2016 ലെ ഭിന്നശേഷി അവകാശ നിയമത്തിന്റെ ചുവട് പിടിച്ച് മുഴുവൻ ഭിന്നശേഷിക്കാർക്കും യു.ഡി.ഐ.ഡി ലഭ്യമാക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യ നഗരസഭയാകാൻ മഞ്ചേരി തയ്യാറെടുക്കുന്നു. കഴിഞ്ഞ ആറ് മാസമായി ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ നടത്തി വരികയാണ്. നഗരസഭയിൽ തന്നെ 1200 ലധികം ഭിന്നശേഷിക്കാരെ കണ്ടെത്താനും അവർക്ക് യു.ഡി.ഐ.ഡി ലഭ്യമാക്കാനുമുള്ള ത്വരിത പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്. ഇതോടൊപ്പം ഭിന്നശേഷിക്കാരുടെ സർവേ 'തന്മുദ്ര' പ്രവർത്തനവും പൂർത്തിയാക്കിയിട്ടുണ്ട്. യു.ഡി.ഐ.ഡിയെ കുറിച്ചുള്ള സംശയങ്ങളും പ്രശ്നങ്ങളും പരിഹരിക്കാനും ഭിന്നശേഷിക്കാരുടെ അവകാശ രേഖയായ യു.ഡി.ഐ.ഡി 100% ആളുകൾക്കും ലഭ്യമാക്കുന്നതിനുമുള്ള അവസാന ഘട്ട പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി ആശ പ്രവർത്തകർ, ജനപ്രതിനിധികൾ, അക്ഷയ കേന്ദ്രങ്ങളുടെ പ്രതിനിധികൾ എന്നിവർക്കായി മുനിസിപ്പൽ ടൗൺഹാളിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. നഗരസഭാ ചെയർപേഴ്സണ്‍ വി.എം. സുബൈദ ഉദ്ഘാടനം ചെയ്തു. അങ്കണവാടി,
ചടങ്ങില്‍ നഗരസഭ വൈസ് ചെയർമാൻ വി.പി ഫിറോസ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ എൻ.എം. എൽസി, യാഷിക് മേച്ചേരി, റഹീം പുതുക്കൊള്ളി, എൻ.കെ. ഖൈറുന്നീസ, സി. സക്കീന, കൗൺസിലർമാരായ മരുന്നൻ മുഹമ്മദ്, സി.പി. അബ്ദുൽകരീം, ചിറക്കൽ രാജൻ, ഹുസൈൻ മേച്ചേരി, വി.സി. മോഹനൻ, ജസീനാബി അലി, സുലൈഖ നൊട്ടിത്തൊടി, നഗരസഭ സെക്രട്ടറി എച്ച്. സിമി, ഐ.സി.ഡി.എസ് സൂപ്പർവൈസർമാരായ സഫിയ, പി. ഗിരിജ, എന്നിവർ സംസാരിച്ചു. കേരള സാമൂഹ്യ സുരക്ഷാ മിഷൻ ജില്ല കോഓർഡിനേറ്റർ ജിഷോ ജെയിംസ്, കോഓർഡിനേറ്റർ റാഫി എന്നിവർ യു.ഡി.ഐ.ഡി പരിശീലനത്തിന് നേതൃത്വം നൽകി. നഗരസഭ പരിധിയിൽ ഇത് വരെ 1080 ഭിന്നശേഷിക്കാർ യു.ഡി.ഐ.ഡി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 70 പേർക്ക് മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരാണ്. ഇവർക്കായി മഞ്ചേരി മെഡിക്കൽ കോളജിൽ സ്പെഷ്യൽ ബോർഡ് ചേരുമെന്ന് ചെയർപേഴ്സണ്‍ അറിയിച്ചു. രജിസ്ട്രേഷൻ ക്യാമ്പയിൻ പൂർത്തിയായാൽ ഉടനെ തന്നെ ആവശ്യമെങ്കിൽ യു.ഡി.ഐ.ഡി അദാലത്ത് സംഘടിപ്പിക്കുമെന്നും നഗരസഭ അധികൃതർ പറഞ്ഞു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            