തലസ്ഥാനത്ത് വര്‍ണപ്പകിട്ടോടെ ഓണാഘോഷം; ടൂറിസം -ഓണം വാരാഘോഷം 24 മുതല്‍ 30 വരെ
- തലസ്ഥാനത്ത് മാത്രം 35 വേദികളില്‍ 340-ലേറെ പരിപാടികള്‍
- തലസ്ഥാനത്ത് 3,000ത്തോളം കലാകാരന്മാരും അണിയറപ്രവര്‍ത്തകരും
- സംസ്ഥാനത്താകെ 8000 ലേറെ കലാകാരന്മാർ പങ്കെടുക്കും
- നാടൻ കലകളുടെയും പരമ്പരാഗത കലാരൂപങ്ങളുടെയും സവിശേഷ അവതരണങ്ങൾ
- സമാപന ദിവസം ഉപരാഷ്ട്രപതി വിശിഷ്ടാതിഥി കേരള ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ സംസ്ഥാനതല ഓണം ടൂറിസം വാരാഘോഷം ആഗസ്റ്റ് 24 മുതല്‍ 30 വരെ തലസ്ഥാന നഗരിയിലെ 35 വേദികളില്‍ വിപുലമായി സംഘടിപ്പിക്കുമെന്ന് ടൂറിസം, സാംസ്‌കാരികം, സിനിമ വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് സമ്മേളനത്തില്‍ അറിയിച്ചു. ആഗസ്റ്റ് 24 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ഓണം-ടൂറിസം വാരാഘോഷത്തിന്റെ സമാപന ദിവസം ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണന്‍ പങ്കെടുക്കും. കേരളത്തിന്റെ സാംസ്‌കാരിക വൈവിധ്യവും പാരമ്പര്യവും കലാപൈതൃകവും വിനോദസഞ്ചാര സാധ്യതകളും ഒരുമിച്ച് അവതരിപ്പിക്കുന്ന തരത്തിലാണ് ഇത്തവണത്തെ ഓണാഘോഷം ഒരുക്കിയിരിക്കുന്നത്. വിവിധ വേദികളിലായി 340-ലേറെ പരിപാടികളാണ് അരങ്ങേറുക. സംസ്ഥാനതല ഓണാഘോഷത്തിന്റെ ഭാഗമായി മാത്രം 3,000ത്തോളം കലാകാരന്മാരും അണിയറപ്രവര്‍ത്തകരും പങ്കെടുക്കും. വിവിധ ജില്ലകളിലും നൂറുകണക്കിന് വേദികളാണ് സജ്ജമാകുന്നത്. ഇത്തവണത്തെ ഓണം-ടൂറിസം വാരാഘോഷത്തിൽ സംസ്ഥാനത്താകെ 8000 ലേറെ കലാകാരന്മാർ പങ്കാളികളാകും. ഓണാഘോഷത്തിന് മുന്നോടിയായി പബ്ലിസിറ്റി കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 16ന് മാനവീയം വീഥിയില്‍ സംഘടിപ്പിച്ച സൈക്കിള്‍ റാലി ബൈജു, എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന ട്രേഡ് ഫെയര്‍ ആന്‍ഡ് എക്സിബിഷന്റെ ഉദ്ഘാടനം ആഗസ്റ്റ് 21ന് ടൂറിസം, സാംസ്‌കാരിക, സിനിമാ വകുപ്പ് മന്ത്രി നിര്‍വഹിക്കും. ബഹു. ആരോഗ്യ, ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരന്‍ അധ്യക്ഷത വഹിക്കും. ഇതേ ദിവസം കോവളത്ത് നിന്ന് പതാക ഘോഷയാത്ര ആരംഭിക്കും. വിവിധ മണ്ഡലങ്ങളിലൂടെ പര്യടനം നടത്തുന്ന പതാക ഘോഷയാത്ര ആഗസ്റ്റ് 23ന് കനകക്കുന്നില്‍ സമാപിക്കും. തുടര്‍ന്ന് ഓണപ്പതാക ഉയര്‍ത്തുകയും നഗരത്തിലെ ഇല്യൂമിനേഷന്റെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിക്കുകയും ചെയ്യും. അന്നുതന്നെ ഫുഡ് ഫെസ്റ്റിവലിന്റെ ഉദ്ഘാടനവും പായസ മത്സരവും നടക്കും. പായസ മത്സരത്തിലെ വിജയികള്‍ക്ക് ആകര്‍ഷകമായ ക്യാഷ് പ്രൈസുകളും സമ്മാനിക്കും. ആഗസ്റ്റ് 23ന് വൈകുന്നേരം ഭാരത് ഭവനില്‍ തിരുവാതിര മത്സരം സംഘടിപ്പിക്കും. 23 ന് വൈകിട്ട് 5 ന് കനകക്കുന്നില്‍ ഫുഡ് ഫെസ്റ്റിവല്‍ ബഹു.ഗതാഗത വകുപ്പ് മന്ത്രി സി.പി ജോണ്‍ ഉദ്ഘാടനം ചെയ്യും. ഇതേ ദിവസം വൈകിട്ട് ആറിന് ഇലൂമനേഷന്‍ പരിപാടിയുടെ ഉദ്ഘാടനം ബഹു.ആരോഗ്യ, ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരന്‍ നിര്‍വഹിക്കും. ആഗസ്റ്റ് 24ന് മാധ്യമ വിഭാഗത്തിനും പൊതുവിഭാഗത്തിനുമായി ജവഹര്‍ ബാലഭവനില്‍ പ്രത്യേകം അത്തപ്പൂക്കള മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനതല ഉദ്ഘാടനം നിശാഗന്ധിയില്‍ ആഗസ്റ്റ് 24ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ബഹു. കേരള മുഖ്യമന്ത്രി വി.ഡി സതീശന്‍ സംസ്ഥാനതല ഓണം ടൂറിസം വാരാഘോഷം ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനച്ചടങ്ങില്‍ പ്രശസ്ത ചലച്ചിത്ര താരം കുഞ്ചാക്കോ ബോബന്‍ വിശിഷ്ടാതിഥിയായിയാകും. വൈകുന്നേരം 5.30ന് പത്മഭൂഷണ്‍ ശോഭനയുടെ പ്രത്യേക നൃത്തപരിപാടിയും അരങ്ങേറും. ഇത്തവണത്തെ ഓണാഘോഷത്തിന് കൂടുതല്‍. വൈവിധ്യവും ജനപങ്കാളിത്തവും ഉറപ്പാക്കുന്നതിനായി 14 പ്രമുഖ മാധ്യമ സ്ഥാപനങ്ങള്‍ സര്‍ക്കാരുമായി സഹകരിക്കുന്നുണ്ട്. നിശാഗന്ധി, സെന്‍ട്രല്‍ സ്റ്റേഡിയം, പൂജപ്പുര എന്നിവിടങ്ങളിലായി കേരളത്തിലെ പ്രമുഖ കലാകാരന്മാരെ അണിനിരത്തി വിവിധ ആകര്‍ഷക പരിപാടികളാണ് ഇവര്‍ ഒരുക്കുന്നത്. മാതൃഭൂമി, മലയാള മനോരമ, കേരള കൗമുദി, ടൈംസ് ഓഫ് ഇന്ത്യ, മാധ്യമം വീക്ഷണം, ദേശാഭിമാനി, മംഗളം , ന്യൂസ് മലയാളം 24*7, മീഡിയവണ്‍, , എ.സി.വി., കൈരളി, ജീവന്‍ ടി.വി., ജനം ടി.വി. എന്നീ മാധ്യമ സ്ഥാപനങ്ങളാണ് നിശാഗന്ധിയില്‍ വിവിധ പരിപാടികള്‍ അവതരിപ്പിക്കുന്നത്. ഉണ്ണി മേനോന്‍, ഹരിശങ്കര്‍, അനൂപ് ശങ്കര്‍, വിനീത് ശ്രീനിവാസന്‍, ഹരീഷ് ശിവരാമകൃഷ്ണന്‍ (അഗം ബാന്‍ഡ്), സൂരജ് സന്തോഷ്, നിത്യ മാമന്‍, മധു ബാലകൃഷ്ണന്‍, അരവിന്ദ് വേണുഗോപാല്‍, പന്തളം ബാലന്‍, നജീം അര്‍ഷാദ്, മഞ്ജരി, വൈക്കം വിജയലക്ഷ്മി, അഭയ ഹിരണ്‍മയി, സച്ചിന്‍ വാരിയര്‍, രശ്മി സതീഷ്, അപര്‍ണ രാജീവ്, അതുല്‍ നറുകര തുടങ്ങിയ പ്രമുഖ ഗായകരും സംഗീതജ്ഞരും വിവിധ പരിപാടികളില്‍ പങ്കെടുക്കും. കേരളത്തിന്റെ അഭിമാനങ്ങളായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ എന്നിവര്‍ക്കൊപ്പം നിരവധി പ്രമുഖ കലാകാരന്മാരും ഓണാഘോഷത്തിന്റെ ഭാഗമാകും. ************* അവിസ്മരണീയ ദൃശ്യവിരുന്നൊരുക്കി ഘോഷയാത്ര 30ന് നടക്കുന്ന ഓണം ഘോഷയാത്ര അവിസ്മരണീയമായ ദൃശ്യവിരുന്നാകും. വിശിഷ്ടാതിഥിയായ് ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണന്‍ പങ്കെടുക്കും. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മുഖ്യാതിഥിയാവും. മുഖ്യമന്ത്രി ഉൾപ്പെടെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും. മാനവീയം വീഥിയില്‍ നിന്നും 5 മണിക്ക് ആരംഭിച്ച് ഘോഷയാത്ര കിഴക്കേ കോട്ടയില്‍ അവസാനിക്കും. 62 സര്‍ക്കാര്‍ വകുപ്പുകള്‍ പങ്കെടുക്കും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഫോക്ക് കലാരൂപങ്ങള്‍ ഉള്‍പ്പെടെ നൂറിലേറെ കലാ രൂപങ്ങള്‍ ഘോഷയാത്രയില്‍ അണി നിരക്കും. ഇതോടൊപ്പം ഘോഷയാത്ര ഉദ്ഘാടന സ്ഥലത്ത് കൊച്ചി നേവി ബാന്‍ഡ് ഉണ്ടാകും. ഘോഷയാത്ര വീക്ഷിക്കുന്നതിന് വിവിധ പാവലിയനുകള്‍ ഉണ്ടാകും. ഉദ്ഘാടന പവലിയന്‍ മാനവീയത്തിനു സമീപവും വി വി ഐ പി പവലിയന്‍ സ്റ്റെയ്റ്റ് പബ്ലിക് ലൈബ്രറി ക്കു സമീപവും വി ഐ പി പവലിയന്‍ യൂണിവേഴ്‌സിറ്റി കോളേജിന് സമീപവും ജഡ്ജസ് പോയിന്റ് ടൂറിസം ഡയറക്ടറേറ്റിനു സമീപവും സജ്ജമാക്കും. കൂടാതെ, വിദേശ വിനോദ സഞ്ചാരികള്‍ക്ക് സൗകര്യ പൂര്‍വം ഘോഷ യാത്ര വീക്ഷിക്കുന്നതിനു പ്രത്യേക പവലിയന്‍ ഇത്തവണ ഒരുക്കുന്നുണ്ട് . ************* പൈതൃക കലകളുടെ പ്രത്യേകാവിഷ്‌കാരം കേരളത്തിന്റെ തനത് കലാപൈതൃകത്തിന് ഇത്തവണ പ്രത്യേക പ്രാധാന്യമാണ് നല്‍കുന്നത്. പ്രധാന വേദിയായ നിശാഗന്ധിയില്‍ ആഗസ്റ്റ് 25 മുതല്‍ 30 വരെ എല്ലാ ദിവസവും വൈകുന്നേരം 6 മുതല്‍ 7 മണി വരെ വിവിധ നാടന്‍ കലാരൂപങ്ങള്‍ അരങ്ങേറും. മുടിയേറ്റ്, തോല്‍പ്പാവക്കൂത്ത്, പടയണി, അര്‍ജുനനൃത്തം, പൂതനും തിറയും, സംസ്‌കാര സാഹിതിയുടെ ഫോക്ക്‌ലോര്‍ ഫ്യൂഷന്‍ എന്നിവയാണ് നിശാഗന്ധിയില്‍ അവതരിപ്പിക്കുന്ന പ്രധാന പരിപാടികള്‍. കനകക്കുന്നിലെ സോപാനം, നാട്ടരങ്ങ് എന്നീ വേദികളിലും നാടന്‍ കലാരൂപങ്ങള്‍ ഉള്‍പ്പെടെയുള്ള വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറും. തലസ്ഥാനത്തെ മറ്റ് വേദികളിലും വിവിധ ജില്ലകളിലെ ഡി.ടി.പി.സി.കളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളിലും നിരവധി നാടന്‍ കലാരൂപങ്ങള്‍ അവതരിപ്പിക്കും. ഇത്തവണ കോവളത്തെയും ഓണാഘോഷത്തിന്റെ പുതിയ വേദിയായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. *********** കനകക്കുന്നില്‍ നാല് സോണുകള്‍ കനകക്കുന്ന് വളപ്പിലെ ആഘോഷമേഖലയെ ബിസിനസ് സോണ്‍, ഫ്യൂച്ചര്‍ സോണ്‍, ആര്‍ട്ട് ആന്‍ഡ് കള്‍ച്ചര്‍ സോണ്‍, ഫുഡ് സോണ്‍ എന്നിങ്ങനെ നാല് മേഖലകളായി തിരിച്ചാണ് ഒരുക്കിയിരിക്കുന്നത്. പൊതുജനങ്ങളെ ആകര്‍ഷിക്കുന്ന നിരവധി ഇന്ററാക്ടീവ് വിനോദങ്ങളും അനുഭവപരിപാടികളും ഇവിടെ ഒരുക്കും. കേരളത്തിന്റെ കലാപൈതൃകത്തെ അടുത്തറിയാന്‍ അവസരമൊരുക്കുന്ന ലൈവ് സെഷനുകളും ഉണ്ടാകും. തോല്‍പ്പാവക്കൂത്ത്, കഥകളി ചമയം, ചെണ്ടമേളം തുടങ്ങിയ കലാരൂപങ്ങളെയും അവയുടെ പിന്നിലെ കലാപ്രക്രിയകളെയും നേരിട്ട് പരിചയപ്പെടാന്‍ ഇത്തരം സെഷനുകളിലൂടെ അവസരമൊരുക്കും. ********* നഗരവീഥികളില്‍ ദീപാലംകൃതമാവും ഓണാഘോഷത്തിന്റെ ഭാഗമായി തലസ്ഥാന നഗരിക്ക് ഉത്സവാന്തരീക്ഷം പകരുന്ന വിപുലമായ ഇല്യൂമിനേഷനും ഒരുക്കും. കവടിയാര്‍ മുതല്‍ അട്ടക്കുളങ്ങര വരെയും ശാസ്തമംഗലം മുതല്‍ വെള്ളയമ്പലം വരെയും സര്‍ക്കാര്‍ നേരിട്ടും വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയും ആകര്‍ഷകമായ ദീപാലങ്കാരങ്ങള്‍ ഒരുക്കും. ********* വിനോദസഞ്ചാരികള്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ നിശാഗന്ധിയില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്കായി പ്രത്യേക ഇരിപ്പിട സൗകര്യങ്ങളും വോളണ്ടിയര്‍ സംവിധാനവും ഒരുക്കും. പോലീസ് എയ്ഡ് പോസ്റ്റുകളും വോളണ്ടിയര്‍ പോസ്റ്റുകളും സജ്ജീകരിക്കും. വിവിധ പരിപാടികളുടെയും വേദികളുടെയും മറ്റ് ആവശ്യമായ വിവരങ്ങളുടെയും വിശദാംശങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനായി ക്യു.ആര്‍. കോഡ് സംവിധാനവും ഏര്‍പ്പെടുത്തും. ******** 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മീഡിയ സെന്റര്‍ ഓണാഘോഷവുമായി ബന്ധപ്പെട്ട വിവിധ പരിപാടികളുടെ വിശദാംശങ്ങളും ഫോട്ടോകളും മറ്റ് വിവരങ്ങളും മാധ്യമങ്ങള്‍ക്ക് യഥാസമയം ലഭ്യമാക്കുന്നതിനായി കനകക്കുന്ന് വളപ്പില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മീഡിയ സെന്റര്‍ സജ്ജീകരിക്കും. ************* വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഓണാഘോഷത്തിനെത്തുന്ന ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനും വിപുലമായ ക്രമീകരണങ്ങളാണ് പോലീസ് ഒരുക്കുന്നത്. പാര്‍ക്കിങ് സൗകര്യം, ഗതാഗത നിയന്ത്രണം, ജനക്കൂട്ട നിയന്ത്രണം എന്നിവയ്ക്കായി പ്രത്യേക സംവിധാനങ്ങളും ഏര്‍പ്പെടുത്തും. ************* എങ്ങും ഗ്രീന്‍ പ്രോട്ടോക്കോള്‍ ഓണാഘോഷ പരിപാടികള്‍ പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും സംഘടിപ്പിക്കുക. ഇതിനായി ശുചിത്വ മിഷനുമായി സഹകരിച്ച് ആവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. തിരുവനന്തപുരം നഗരസഭയും പരിപാടികളുടെ നടത്തിപ്പില്‍ സഹകരിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. കേരളത്തിന്റെ തനത് സംസ്‌കാരവും കലാപൈതൃകവും ആധുനിക വിനോദാനുഭവങ്ങളും ഒരേ വേദിയില്‍ സമന്വയിപ്പിച്ചുകൊണ്ട് തലസ്ഥാനത്തെ ഓണാഘോഷത്തെ കൂടുതല്‍ ജനകീയവും ആകര്‍ഷകവും വിനോദസഞ്ചാരസൗഹൃദവുമാക്കുകയാണ് ഇത്തവണത്തെ സംസ്ഥാനതല ഓണം ടൂറിസം വാരാഘോഷത്തിലൂടെ ലക്ഷ്യമിടുന്നത്. ***************** പോലീസിന്റെ വൈവിധ്യ സേവനങ്ങള്‍ 2026 ആഗസ്റ്റ് 24 മുതല്‍ ആരംഭിക്കുന്ന സംസ്ഥാനതല ഓണം വാരാഘോഷങ്ങളുടെ ഭാഗമായി കനകക്കുന്നില്‍ പോലീസ് കണ്‍ട്രോള്‍ റൂമിനോട് ചേര്‍ന്ന് കേരള പോലീസിന്റെ വിവിധ സേവനങ്ങളും ജനകീയ പദ്ധതികളും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിനായി പ്രത്യേക പോലീസ് സ്റ്റാള്‍ സജ്ജീകരിക്കും. മയക്കുമരുന്നിനെതിരായ Operation Toofan - 'The Narco Hunt', K9 Squad, Mounted Police Unit, പോലീസ് ആയുധങ്ങള്‍, Fingerprint Bureau എന്നിവയുടെ പ്രദര്‍ശനത്തോടൊപ്പം സൈബര്‍ തട്ടിപ്പുകള്‍ക്കെതിരായ ബോധവല്‍ക്കരണവും സൈബര്‍ പോലീസ് സേവനങ്ങളുടെ പരിചയപ്പെടുത്തലും ഉണ്ടായിരിക്കും. Pol-App, Pol-Blood, Thuna Portal തുടങ്ങിയ ഓണ്‍ലൈന്‍ പോലീസ് സേവനങ്ങളും സ്റ്റുഡന്റ് പോലീസ് കേഡറ്റ്, School Protection Group, HOPE, Chiri, D-DAD, Nirbhaya Nisha തുടങ്ങിയ സാമൂഹിക പോലീസിംഗ് പദ്ധതികളും പരിചയപ്പെടുത്തും. വനിതാ സെല്‍ഫ് ഡിഫന്‍സ് ടീമിന്റെ തത്സമയ സ്വയംരക്ഷാ പ്രദര്‍ശനം, ട്രാഫിക് ബോധവല്‍ക്കരണ പരിപാടികള്‍, പോലീസ് സേവനങ്ങളെയും ജനകീയ പദ്ധതികളെയും പരിചയപ്പെടുത്തുന്ന വീഡിയോകള്‍, പോസ്റ്ററുകള്‍, ലഘുലേഖകള്‍ എന്നിവയും സ്റ്റാളിന്റെ ഭാഗമായി ഉണ്ടാകും. പോലീസിന്റെ പ്രവര്‍ത്തനങ്ങളും സേവനങ്ങളും ജനങ്ങളിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നതിനും പോലീസ്-ജന സൗഹൃദം ശക്തിപ്പെടുത്തുന്നതിനും പൊതുജന പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനും സ്റ്റാള്‍ സഹായകരമാകും. ************** ഫെസ്റ്റിവല്‍ ഓഫീസ് തുറന്നു ടൂറിസം ഡയറക്ടറേറ്റിലെ ഫെസ്റ്റിവല്‍ ഓഫീസ് ഉദ്ഘാടനവും ഈ വര്‍ഷത്തെ ഓണം ടൂറിസം വാരാഘോഷത്തിന്റെ ലോഗോ പ്രകാശനവും ആഗസ്റ്റ് 18-ന് ബഹുമാനപ്പെട്ട ടൂറിസം വകുപ്പ് മന്ത്രി നിര്‍വഹിച്ചു. കൂടാതെ ഹരിത ഓണവുമായി ബന്ധപ്പെട്ട മാവേലിയാത്രയുടെ ഫ്ലാഗ് ഓഫ് ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ. എം. ഷാജിയും ബഹു.ടൂറിസം വകുപ്പ് മന്ത്രിയും ചേര്‍ന്ന് സംയുക്തമായി നിര്‍വഹിച്ചു. ***************** ജില്ലാതലങ്ങളില്‍ 170 ല്‍ പരം കലാപരിപാടികള്‍ ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ 170ല്‍ പരം കലാപരിപാടികള്‍ നടത്തും. ഗാനമേള നൃത്തം കോമഡി ഷോ, നാടകം, കഥാപ്രസംഗം എന്നിവ കൂടാതെ ഫോക്ക് കലാരൂപങ്ങള്‍ക്ക് ജില്ലകളില്‍ ഇത്തവണ വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്. നാടന്‍ പാട്ടുകള്‍, ചാക്യാര്‍കൂത്ത്, ഗരുഡന്‍ തൂക്കം, തോല്‍പാവക്കൂത്ത്, വില്‍ കലാമേള, കണ്യര്‍ കളി, പൊറാട്ടുകളി, തിറയും പൂതനയും തുടങ്ങി നിരവധി കലാരൂപങ്ങളും അവതരിപ്പിക്കപ്പെടും. വാര്‍ത്താസമ്മേളനത്തില്‍ ടൂറിസം സെക്രട്ടറി കെ.ബിജു, ടൂറിസം ഡയറക്ടര്‍ അഞ്ജന.എം, കെടിഡിസി എംഡി ഹര്‍ഷില്‍. ആര്‍.മീന സംബന്ധിച്ചു,


