2024 സാംസ്‌കാരിക ഉണർവിന്റെ വർഷമായതെങ്ങനെ

സാംസ്‌കാരിക പൈതൃകത്തിന്റെ പുനരുജ്ജീവനം

Dec 31, 2024
2024 സാംസ്‌കാരിക ഉണർവിന്റെ വർഷമായതെങ്ങനെ
narendra modi
മോദി ഗവൺമെന്റിന്റെ പത്ത് വർഷങ്ങളിൽ, ഇന്ത്യ തന്റെ സമ്പന്നമായ പൈതൃകത്തിന്റെ അഭിമാനം ഉയർത്തിക്കൊണ്ട് ശ്രദ്ധേയമായ ഒരു സാംസ്‌കാരിക നവോത്ഥാനത്തിന് സാക്ഷ്യം വഹിച്ചു. ജമ്മു കശ്മീരിലെ പുരാതന ക്ഷേത്രങ്ങൾ പുനഃസ്ഥാപിച്ചതു മുതൽ മഹത്തായ കാശി വിശ്വനാഥ് ധാം പോലുള്ള ആത്മീയ ഇടനാഴികളുടെ നവീകരണവും രാജ്യത്തുടനീളമുള്ള ക്ഷേത്രങ്ങളുടെ പുനർനിർമ്മാണവും വരെയുള്ള ഈ ശ്രമങ്ങൾ നമ്മുടെ വേരുകളുമായി നമ്മെ വീണ്ടും ബന്ധിപ്പിച്ചു. വിസ്മരിക്കപ്പെട്ട മീരാ ബായിയെപ്പോലുള്ള പുണ്യാത്മാക്കളേയും ഭഗവാൻ ബിർസ മുണ്ടയെപ്പോലുള്ള ഗോത്ര നായകന്മാരെയും ആദരിച്ചു, അതോടൊപ്പം ഇന്ത്യയുടെ ആത്മീയ മഹത്വം പ്രകടമാക്കുന്ന മഹാകുംഭ് പോലുള്ള പാരമ്പര്യങ്ങളെ ആഗോളതലത്തിൽ ഉയർത്തിക്കാട്ടുകയും ചെയ്തു. അയോദ്ധ്യയിലെ ദീപാവലി, പാർലമെന്റിൽ വിശുദ്ധ ചെങ്കോൽ സ്ഥാപിക്കൽ തുടങ്ങി റെക്കോർഡ് ഭേദിച്ച ആഘോഷങ്ങൾ നമ്മുടെ സാംസ്‌ക്കാരിക മൂല്യങ്ങളോട് ആഴത്തിലുള്ള ബഹുമാനത്തെ പ്രതിഫലിപ്പിക്കുന്നു. കാലാതീതമായ ആ ചൈതന്യത്തെ വിലമതിക്കാനും ഉയർത്തിപ്പിടിക്കാനും ഇന്ത്യയുടെ പൈതൃകം ഭാവിതലമുറയെ
പ്രചോദിപ്പിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുമായി പതിറ്റാണ്ടായി തുടർന്നുകൊണ്ടിരിക്കുന്ന പരിശ്രമങ്ങളുടെ യാത്ര ഈ വർഷവും തുടരുന്നു.

ദശലക്ഷക്കണക്കിന് ആളുകൾ നെഞ്ചിലേറ്റിയ നൂറ്റാണ്ടുകൾ പഴക്കമുള്ള സ്വപ്‌നത്തെ സാക്ഷാത്കരിച്ചുകൊണ്ട് അയോദ്ധ്യയിൽ ശ്രീരാംലാലയുടെ ചരിത്രപരമായ പ്രതിഷ്ഠയോടെയും, ഇന്ത്യയുടെ ആത്മീയ പൈതൃകം അതിർത്തികൾ കടക്കുന്നതിന്റെ പ്രതീകമായ അബുദാബിയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തോടെയുമാണ് ഈ വർഷം ആരംഭിച്ചത്. മൊയ്ദാമിന് യുനെസ്‌കോയുടെ അംഗീകാരം ലഭിച്ചതും കടത്തികൊണ്ടുപോയ 297 പുരാവസ്തുക്കൾ മടക്കി കൊണ്ടുവന്നതും ഇതിനോട് ചേർത്തുവായിക്കാം.

ശ്രീരാമൻ തന്റെ ജന്മസ്ഥലത്ത് മടങ്ങിയെത്തി


പ്രധാനമന്ത്രി മോദിയുടെ നേതൃത്വം 2024 ൽ ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തിന്റെയും സാംസ്‌കാരിക അഭിമാനത്തിന്റെയും ശ്രദ്ധേയമായ പുനരുജ്ജീവനത്തിന് നേതൃത്വം നൽകി. ലോകമെമ്പാടുമുള്ള ഹിന്ദുക്കളുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അഭിലാഷം പൂർത്തീകരിച്ചുകൊണ്ട് അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ നടന്ന ശ്രീരാംലാലയുടെ പ്രതിഷ്ഠ സവിശേഷവും ആത്മീയവും സാംസ്‌കാരികവുമായ ഒരു നിമിഷമായി അടയാളപ്പെടുത്തുന്നു.

ഇന്ത്യയുടെ സാംസ്‌ക്കാരിക ആഖ്യാനത്തിൽ അയോദ്ധ്യയുടെ സ്ഥായിയായ പ്രാധാന്യത്തിന് ഈ സംഭവം അടിവരയിടുന്നു. ഇന്ത്യയുടെ സാംസ്‌കാരിക നയതന്ത്രത്തിലെ ഒരു സുപ്രധാന നിമിഷമായിരുന്നു അബുദാബിയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രമായ ബാപാസ് (ബി.എ.പി.എസ്) പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തത്. ശിൽപ ശാസ്ത്രങ്ങൾ എന്നറിയപ്പെടുന്ന പുരാതന ഹൈന്ദവ വാസ്തുവിദ്യാ തത്വങ്ങൾക്കനുസൃതമായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ ക്ഷേത്രം മദ്ധ്യപൂർവ്വേഷ്യയിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ശിലാക്ഷേത്രമാണ്.

ഇത് ഇന്ത്യൻ പ്രവാസികളുടെ സംഭാവനകളെ ആഘോഷിക്കുക മാത്രമല്ല, ആഗോള മതസൗഹാർദ്ദത്തെ പ്രതീകപ്പെടുത്തുകയും ചെയ്യുന്നു. ആഭ്യന്തരമായിട്ടാണെങ്കിൽ, അസമിലെ പൂജനീയമായ മാ കാമാഖ്യാക്ഷേത്രത്തിന്റെ പവിത്രമായ പൈതൃകം കാത്തുസൂക്ഷിച്ചുകൊണ്ട് അവിടേയ്ക്കുള്ള പ്രവേശനക്ഷമത വർദ്ധിപ്പിക്കുന്നതിനായി അതീവ ഉൽകർഷേച്ഛയോടെയുള്ള മാ കാമാഖ്യ ദിവ്യ പരിയോജന എന്ന ഇടനാഴി പദ്ധതിക്ക് തറക്കല്ലിട്ടു. ഇന്ത്യയുടെ പൈതൃകത്തെ പുനരുജ്ജീവിപ്പിക്കാനും അതിന്റെ മഹത്തായ ഭൂതകാല അഭിമാനം മനസിൽ പതിപ്പിക്കാനുമുള്ള പ്രധാനമന്ത്രി മോദിയുടെ അചഞ്ചലമായ പ്രതിബദ്ധതയുടെ തെളിവുകളാണ് ഈ സംരംഭങ്ങൾ.

സാംസ്‌കാരിക പൈതൃകത്തിന്റെ പുനരുജ്ജീവനം

പ്രധാനമന്ത്രി മോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിന് കീഴിൽ, 2024-ൽ, ഇന്ത്യ അതിന്റെ സാംസ്‌കാരിക പാരമ്പര്യം സംരക്ഷിക്കുന്നതിലും ആഘോഷിക്കുന്നതിലും ശ്രദ്ധേയമായ മുന്നേറ്റം നടത്തി. ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തിന്റെ ആഗോള പ്രാധാന്യം ഉയർത്തിക്കാട്ടുന്ന, അസമിലെ മൊയ്ദമുകളെ ഇന്ത്യയുടെ 43-ാമത് ലോക പൈതൃക കേന്ദ്രമായി യുനെസ്‌കോ അംഗീകരിക്കുന്നതിലേക്ക് മോദി ഗവൺമെന്റിന്റെ ശ്രമങ്ങൾ നയിച്ചു. കുരുക്ഷേത്രയിലെ അനുഭവ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ത്യയുടെ പൈതൃകം പ്രാപ്യവും അനുഭവപരവുമാക്കാനുള്ള ഗവൺമെന്റിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിച്ചുകൊണ്ട് മഹാഭാരതവും ഭഗവദ് ഗീതയും പോലുള്ള പുരാതന ഗ്രന്ഥങ്ങൾക്ക് ജീവൻ നൽകി.

അതിനുപുറമെ, ചരിത്രപ്രസിദ്ധമായ ഗുജറാത്തിലെ കൊച്രാബ് ആശ്രമത്തിന്റെ പുനർവികസനം ഗാന്ധിയൻ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഗവൺമെന്റിന്റെ അർപ്പണബോധം വീണ്ടും ഉറപ്പിച്ചു. അതേസമയം സംഭാലിലെ ശ്രീ കൽക്കി ധാമിന്റെ ശിലാസ്ഥാപനം ആത്മീയവും സാംസ്‌കാരികവുമായ കേന്ദ്രങ്ങൾ വളർത്തുന്നതിനുള്ള ഗവൺമെന്റിന്റെ ശ്രദ്ധയും പ്രകടമാക്കി. ഭാവിയിലേക്കുള്ള പുരോഗമന ഗതി രൂപപ്പെടുത്തുന്നതിനൊപ്പം ഇന്ത്യയുടെ പുരാതന ജ്ഞാനം സംരക്ഷിക്കുന്നതിനുള്ള മോദി ഗവൺമെന്റിന്റെ ശ്രദ്ധ ഈ ശ്രമങ്ങൾ പ്രതിഫലിപ്പിക്കുന്നു.

2024 സാമ്പത്തികവർഷത്തിൽ, ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷന്റെ (കെ.വി.ഐ.സി) വിറ്റുവരവ് 1.5 ലക്ഷം കോടി രൂപ കവിയുകയും ആത്മനിർഭർ ഭാരതിനെ മൂർത്തമാക്കികൊണ്ട് 10 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. പ്രാദേശികതയ്ക്കായി ശബ്​ദമുയർത്തുന്നതിനോടൊപ്പം പാരമ്പര്യവും സുസ്ഥിരതയും ആധുനീക നൂതാശയങ്ങളും കൂട്ടിക്കലർത്തികൊണ്ടുള്ള ഈ വളർച്ച ഖാദിയുടെ ആഗോള ഉയർച്ചയെ ഒരു ഇക്കോ-ഫാഷൻ പ്രസ്താവനയായി ഉയർത്തിക്കാട്ടുന്നു,

ഭാഷാപരവും ആത്മീയവുമായ പൈതൃകം ആഘോഷിക്കുന്നു

അസമീസ്, ബംഗാളി, മറാഠി, പാലി, പ്രാകൃത് എന്നിവയ്ക്ക് ക്ലാസിക്കൽ ഭാഷാ പദവി അനുവദിച്ചുകൊണ്ട് ഇന്ത്യ അതിന്റെ ഭാഷാ വൈവിദ്ധ്യം ആഘോഷിച്ചതും 2024-ൽ കാണാനായി. ഈ അംഗീകാരം രാജ്യത്തിന്റെ സമ്പന്നമായ ഭാഷാ പൈതൃകത്തെ ആദരിക്കുക മാത്രമല്ല, തലമുറകളിലങ്ങോളമിങ്ങോളം സാംസ്‌കാരിക സംരക്ഷണം ശക്തിപ്പെടുത്തുകയും ചെയ്യുന്നു. മാത്രമല്ല, 2024 ജൂൺ 13-ന് പുരി ശ്രീ ജഗന്നാഥ ക്ഷേത്രത്തിന്റെ നാല് കവാടങ്ങളും വീണ്ടും തുറന്നത്, ദീർഘകാലമായുള്ള ഭക്തരുടെ ആവശ്യം പൂർത്തീകരിക്കുകയും പൂജനീയമായ ഈ ആത്മീയ സ്ഥലത്തേക്കുള്ള പ്രവേശനം പുനഃസ്ഥാപിക്കുകയും ചെയ്തു.

പോർട്ട് ബ്ലെയറിന്റെ പേര് 2024 സെപ്തംബർ 13-ന് ശ്രീ വിജയ പുരം എന്നാക്കി പുനർനാമകരണം ചെയ്തത്, അതിന്റെ ചരിത്രത്തെ, പ്രത്യേകിച്ച് സ്വാതന്ത്ര്യ സമരത്തിലെ ഈ പ്രദേശത്തിന്റെ പ്രാധാന്യത്തെ ബഹുമാനിക്കുന്നതിനുള്ള ഇന്ത്യയുടെ സമർപ്പണത്തിന് കൂടുതൽ ഊന്നൽ നൽകുന്നു.

2025 ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെ പ്രയാഗ്‌രാജിൽ നടക്കാനിരിക്കുന്ന മഹാ കുംഭമേള 2025-ന് ഇന്ത്യ ഒരുങ്ങുകയാണ്. ഏകദേശം 45 കോടി (450 ദശലക്ഷം) ഭക്തരും സന്ദർശകരും പങ്കെടുക്കുന്ന കുംഭമേളയെ ലോകത്തിലെ ഏറ്റവും വലിയ ആത്മീയ സമ്മേളനങ്ങളിലൊന്നായി കണക്കാക്കുന്നു.

സാംസ്‌കാരിക നയതന്ത്രവും ആഗോള അംഗീകാരവും

ആഗോള തലത്തിൽ അതിന്റെ സ്ഥാനം ഉറപ്പിച്ചുകൊണ്ട് സാംസ്‌കാരിക നയതന്ത്രത്തിലും 2024ൽ ഇന്ത്യ കാര്യമായ മുന്നേറ്റം നടത്തി. ഇന്ത്യയുടെ അമൂല്യമായ സാംസ്‌കാരിക സമ്പത്തുകളെ അനധികൃത കടത്തിൽ നിന്ന് സംരക്ഷിക്കുന്നതിന് ലക്ഷ്യമിട്ട് ഇന്ത്യയും യു.എസ്.എയും തങ്ങളുടെ ആദ്യത്തെ സാംസ്‌കാരിക സ്വത്തവകാശ ഉടമ്പടിയിൽ ഒപ്പുവച്ചു. ഏകദേശം 10 ദശലക്ഷം ഡോളർ വിലമതിക്കുന്ന കൊള്ളയടിച്ചുകൊണ്ടുപോയ 1,400 ലധികം പുരാവസ്തുക്കൾ 2024 നവംബർ 15-ന്, ഇന്ത്യയ്ക്ക് യു.എസ്. മടക്കി നൽകും. ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും യു.എസ്. പ്രസിഡണ്ട് ജോ ബൈഡനും പങ്കെടുത്ത 2024 സെപ്റ്റംബറിൽ നടന്ന ഒരു ചടങ്ങിൽ വച്ച്, 297 പുരാവസ്തുക്കൾ ഇന്ത്യക്ക് തിരികെ നൽകി. സ്ത്രീ ശാക്തീകരണത്തിനും ലിംഗസമത്വത്തിനുമുള്ള ഗവൺമെന്റിന്റെ പ്രതിബദ്ധതയ്ക്ക് അടിവരയിട്ടുകൊണ്ട് ചരിത്രപരമായ മറ്റൊരു നീക്കത്തിൽ, 100 കലാകാരികൾ ആദ്യമായി റിപ്പബ്ലിക് ദിന പരേഡിന് നേതൃത്വം നൽകി.

സമ്പന്നമായ പാരമ്പര്യങ്ങളെ ബഹുമാനിക്കുന്നതോടൊപ്പം രാജ്യത്തെ വലിയ ആഗോള അംഗീകാരത്തിലേക്ക് നയിക്കുകയെന്ന പ്രധാനമന്ത്രി മോദിയുടെ വീക്ഷണത്തോടൊപ്പം ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന സാംസ്‌കാരിക സ്വാധീനത്തിനുള്ള ഉദാഹരണങ്ങൾ കൂടിയാണ് ഈ ശ്രമങ്ങൾ.

സാംസ്‌കാരിക പദ്ധതികളുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും സാമ്പത്തിക വളർച്ചയും

പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ, 2024-ൽ, സാംസ്‌കാരിക പദ്ധതികളെ അടിസ്ഥാന സൗകര്യങ്ങളുമായും സാമ്പത്തിക വളർച്ചയുമായും തടസ്സങ്ങളില്ലാതെ ബന്ധിപ്പിക്കുന്ന പരിവർത്തനാത്മക മുൻകൈകൾക്ക് ഇന്ത്യ സമാരംഭം കുറിച്ചു. ബിഹാറിലെ വിഷ്ണുപദ് ക്ഷേത്രം, ബോധഗയയിലെ മഹാബോധി ക്ഷേത്രം എന്നിവിടങ്ങളിലെ ഇടനാഴികളുടെ വികസന പ്രഖ്യാപനം ആത്മീയ വിനോദസഞ്ചാരത്തെ ഉയർത്താനും ഈ പ്രദേശങ്ങൾക്ക് ആവശ്യമായ സാമ്പത്തിക ഉത്തേജനം ലഭ്യമാക്കാനും സഹായകമായി. ഇന്ത്യയിലെ ഏറ്റവും വിശുദ്ധമായ രണ്ട് സ്ഥലങ്ങളിലേക്കുള്ള പ്രവേശനക്ഷമത മെച്ചപ്പെടുത്തുന്നതിലൂടെ, ഈ പദ്ധതികൾ ഇന്ത്യയുടെ ആത്മീയ പൈതൃകവും ആധുനിക അടിസ്ഥാന സൗകര്യങ്ങളും തമ്മിലുള്ള വിടവും നികത്തും.

ഇന്ത്യയുടെ പുരാതന സമുദ്രചരിത്രം സംരക്ഷിക്കുന്നതിനുള്ള സുപ്രധാന നീക്കത്തിന്റെ ഭാഗമായി ഗുജറാത്തിലെ ലോഥലിൽ നാഷണൽ മാരിടൈം ഹെറിറ്റേജ് കോംപ്ലക്‌സിനും തറക്കല്ലിട്ടു. ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഡോക്ക് യാർഡും 4,500 വർഷത്തിലേറെ നീണ്ടുകിടക്കുന്ന നമ്മുടെ സമ്പന്നമായ സമുദ്രചരിത്രം പ്രദർശിപ്പിക്കുന്ന സിന്ധുനദീതട സംസ്‌കാരത്തിന്റെ ചരിത്രപ്രാധാന്യവുമുള്ള സ്ഥലവുമായ ലോഥലിനെ വികസിപ്പിക്കും. ഈ പദ്ധതി നടപ്പിലാക്കുന്നതിലൂടെ നേരിട്ടുള്ള 15,000ഉം പരോക്ഷമായി 7,000വും ഉൾപ്പെടെ ഏകദേശം 22,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രാദേശിക സമ്പദ്ഘടനയ്ക്ക് ഉത്തേജനം നൽകുമെന്നും സമൂഹത്തിന്റെ സുസ്ഥിര വികസനത്തെ പ്രോത്സാഹിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു.

സാംസ്‌കാരിക ആഘോഷങ്ങളും മുൻകൈകളും

ബോഡോലാൻഡ് മേഖലയുടെ തനതായ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ചരിത്രത്തിന്റെയും ആഘോഷമായ ഒന്നാം ബോഡോലാൻഡ് മാഹോത്സവം പ്രധാനമന്ത്രി മോദി ഡൽഹിയിൽ ഉദ്ഘാടനം ചെയ്തു. വടക്കുകിഴക്കൻ മേഖലയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം പ്രദർശിപ്പിക്കുന്ന അഷ്ടലക്ഷ്മി മഹോത്സവവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ജീവിതത്തിന്റെ എല്ലാ തുറകളിൽ നിന്നുള്ള ജനങ്ങളെ ഒന്നിപ്പിച്ചുകൊണ്ട് ഇന്ത്യയുടെ വൈവിദ്ധ്യമാർന്ന സാംസ്‌കാരിക സ്വത്വം സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്നുള്ള പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാടിനെ ഈ സാംസ്‌കാരിക ആഘോഷങ്ങൾ, ശക്തിപ്പെടുത്തുന്നു.
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.