അന്താരാഷ്ട്ര യോഗാദിനാചരണം: സിബിസിയുടെ ദ്വിദിന ബോധവൽക്കരണ പരിപാടിക്ക് സമാപനമായി
 
                                    ശാരീരിക മാനസിക സ്വാസ്ഥ്യത്തിന് യോഗയുടെ പ്രസക്തി ചൂണ്ടിക്കാട്ടി സമ്മേളനം
അന്താരാഷ്ട്ര യോഗാദിനാചരണത്തോടനുബന്ധിച്ച് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരത്തെ, സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദ്വിദിന സംയോജിത ബോധവൽക്കരണ പരിപാടിക്ക് സമാപനമായി. സമാപന സമ്മേളനത്തിൽ സിനിമാ സംവിധായകനും, മാധ്യമപ്രവർത്തകനുമായ കെ ബി വേണു മുഖ്യാതിഥിയായി. സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ കേരള-ലക്ഷദ്വീപ് മേഖല അഡീഷണൽ ഡയറക്ടർ ജനറൽ ശ്രീ വി. പളനിച്ചാമി ഐഐഎസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജീവിതശൈലി രോഗങ്ങളെ അകറ്റി നിർത്തുന്നതിൽ വ്യായാമത്തിന് മുഖ്യ പങ്കാണ് ഉള്ളതെന്നും ശാരീരിക മാനസിക സ്വാസ്ഥ്യത്തിന് യോഗ കരുത്ത് പകരുമെന്നും അദ്ദേഹം പറഞ്ഞു. ഐ സി ഡി എസ് അർബൻ 1 സിഡിപിഒ ശ്രീമതി ഇന്ദു വി എസ് ആശംസകൾ അർപ്പിച്ചു. സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ ഫീൽഡ് എക്‌സിബിഷൻ ഓഫിസർ ശ്രീമതി ജൂണി ജേക്കബ് സ്വാഗതവും, സി ബി സി എക്സിബിഷൻ അസിസ്റ്റന്റ് ശ്രീമതി ആര്യ നന്ദിയും പറഞ്ഞു
പേട്ട ശ്രീ പഞ്ചമി ദേവീ ഹാളിൽ സംഘടിപ്പിച്ച സംയോജിത ബോധവൽക്കരണ പരിപാടിയുടെ രണ്ടാം ദിനം വിവിധ പരിപാടികളാണ് അരങ്ങേറിയത്. ഏക ഭൂമി, ഏക ആരോഗ്യത്തിന് യോഗ എന്ന പ്രമേയം മുൻനിർത്തി സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗാദിനത്തിൽ യോഗ പരിശീലന ക്ലാസുകളും, യോഗ പ്രശ്നോത്തരിയും, ബോധവൽക്കരണ ക്ലാസുകളും, മെഡിക്കൽ ക്യാമ്പും, കലാപരിപാടികളും അരങ്ങേറി. മാറനല്ലൂർ ഗവ. ആയുർവേദ ഡിസ്പെൻസറിയിലെ മെഡിക്കൽ ഓഫീസർ ഡോ. ആതിരയും അരുവിപ്പുറം ആയുർവേദ ഡിസ്പെൻസറിയിലെ മെഡിക്കൽ ഓഫീസർ ഡോ. രേഷ്മയും അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ ഭാഗമായുള്ള സെഷനും ക്ലാസുകളും നയിച്ചു. കടകംപള്ളി ആയുർവേദ ഡിസ്പെൻസറിയിലെ മെഡിക്കൽ ഓഫീസർ ഡോ. ശ്രീദേവി, ആയുർവേദയും സൗഖ്യവും എന്ന വിഷയത്തിൽ ക്ലാസെടുത്തു.
ഉച്ചക്ക് ശേഷം ചുള്ളിമാനൂർ , ഗുരുകൃപ നാടൻ കലാകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ചരടുപിന്നിക്കളി, തിരുവാതിര, മൊന്തയും താലവും, കോലാട്ടക്കളി എന്നിവ അരങ്ങേറി. പരിപാടിയുടെ ഭാഗമായി രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ച ആയുർവേദ, ഹോമിയോ, നാച്ചുറോപ്പതി മെഡിക്കൽ ക്യാമ്പുകളിൽ നിരവധി പേർ ചികിത്സ തേടി. ഫോട്ടോപ്രദർശനവും, ഗവണ്മെൻ്റ് വകുപ്പുകളുടെ സ്റ്റാളുകളും ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി സജ്ജീകരിച്ചിരുന്നു. സമാപന സമ്മേളനത്തിൽ യോഗ പ്രശ്നോത്തരി മത്സരത്തിലെ വിജയികൾക്കുളള സമ്മാനങ്ങളും പങ്കെടുത്ത വകുപ്പുകൾക്കുള്ള മൊമന്റോകളും വിതരണം ചെയ്തു. ഐസിഡിഎസ് തിരുവനന്തപുരം, നാഷണൽ ആയുഷ് മിഷൻ കേരളം, ഭാരതീയ ചികിത്സാ വകുപ്പ്, ജില്ലാ ഹോമിയോ ആശുപത്രി തിരുവനന്തപുരം എന്നിവയുമായി സഹകരിച്ച് സംഘടിപ്പിച്ച ദ്വിദിദ സംയോജിത ബോധവൽക്കരണ പരിപാടി വെള്ളിയാഴ്ച്ച (20-06-2025) ശ്രീ ആന്റണി രാജു എം എൽ എയാണ് ഉദ്ഘാടനം ചെയ്തത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            