2024ലെ കേരള പഞ്ചായത്ത് രാജ് (രണ്ടാം ഭേദഗതി) ബില്ലും കേരളാ മുൻസിപ്പാലിറ്റി (രണ്ടാം ഭേദഗതി) ബില്ലും നിയമസഭ പാസാക്കി

Jun 10, 2024
2024ലെ കേരള പഞ്ചായത്ത് രാജ് (രണ്ടാം ഭേദഗതി) ബില്ലും കേരളാ മുൻസിപ്പാലിറ്റി (രണ്ടാം ഭേദഗതി) ബില്ലും നിയമസഭ പാസാക്കി

               2024ലെ കേരള പഞ്ചായത്ത് രാജ് (രണ്ടാം ഭേദഗതി) ബില്ലും കേരളാ മുൻസിപ്പാലിറ്റി (രണ്ടാം ഭേദഗതി) ബില്ലും നിയമസഭ പാസാക്കി. 1994 ലെ കേരളാ പഞ്ചായത്ത് രാജ് ആക്ടിലെയും മുൻസിപ്പാലിറ്റി ആക്ടിലെയും ആറാം വകുപ്പ് മൂന്നാം ഉപവകുപ്പിലാണ് ഭേദഗതി വരുത്തുന്നത്. പഞ്ചായത്ത്- മുൻസിപ്പൽ ഭരണസമിതിയിലെ അംഗസംഖ്യ സംബന്ധിച്ച വ്യവസ്ഥകളിലാണ് മാറ്റമുണ്ടാവുന്നത്. ഭരണസമിതിയിലെ കുറഞ്ഞതും കൂടിയതുമായ ആകെ സ്ഥാനങ്ങളുടെ എണ്ണം ഒന്നു വീതം വർധിപ്പിക്കുന്നതാണ് നിയമ ഭേദഗതി 2015ൽ പുതുതായി രൂപീകരിച്ച ചുരുക്കം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളൊഴികെ ബാക്കിയുള്ളയിടത്ത് ഇപ്പോഴും 2001ലെ സെൻസസിന്റെ അടിസ്ഥാനത്തിലാണ് വാർഡ് വിഭജനമുള്ളത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനസംഖ്യ വർധനവിനൊപ്പം, വിവിധ വാർഡുകളിലെ ജനസംഖ്യയിലും വൻതോതിൽ അന്തരമുണ്ടായിട്ടുണ്ട്. മെച്ചപ്പെട്ട ഭരണനിർവഹണം ജനങ്ങള്‍ക്ക് പ്രദാനം ചെയ്യുന്നതിനായി ജനസംഖ്യാനുപാതികമായി വാർഡുകളുടെ എണ്ണവും അതിർത്തിയും പുതുക്കി നിശ്ചയിക്കേണ്ടതുണ്ട്. ഈ രണ്ട് ഭേദഗതി ഉത്തരവുകളുടെയും ഉള്ളടക്കം 2020ൽ നിയമസഭയിൽ അവതരിപ്പിക്കുകയും, സഭയിൽ ചർച്ച നടത്തുകയും, സബ്ജക്ട് കമ്മിറ്റിക്ക് വിടുകയും, സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് ചെയ്ത പ്രകാരം സഭ വീണ്ടും പരിഗണിക്കുകയും പാസാക്കുകയും ചെയ്തിരുന്നു. കോവിഡ് ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ മൂലം പാസായ ബില്ലിലെ വ്യവസ്ഥകള്‍ അന്ന് വീണ്ടും ഭേദഗതി ചെയ്ത് പഴയ രൂപത്തിലേക്ക് മാറ്റേണ്ടിവന്നിരുന്നു. 2020ലെ ഭേദഗതിയിലെ അതേ ഉള്ളടക്കം തന്നെയാണ് ഇന്ന് വീണ്ടും നിയമസഭ പാസാക്കിയത്. 2024ലെ കേരള പഞ്ചായത്ത് രാജ് (രണ്ടാം ഭേദഗതി) കേരളാ മുൻസിപ്പാലിറ്റി (രണ്ടാം ഭേദഗതി) ബില്ലുകളിലെ വിശദാംശങ്ങള്‍ ഗ്രാമപഞ്ചായത്തുകള്‍- ആദ്യ 15,000 ജനസംഖ്യയ്ക്ക് കുറഞ്ഞത് 13 വാർഡുകള്‍, തുടർന്ന് ഓരോ 2,500 ജനസംഖ്യയ്ക്കും ഓരോ വാർഡ് വീതം, പരമാവധി 23 വാർഡുകള്‍. കുറഞ്ഞതും കൂടിയതുമായ വാർഡുകളുടെ എണ്ണം 14, 24 ആയി ഭേദഗതി ചെയ്യുന്നു. ബ്ലോക്ക് പഞ്ചായത്തുകള്‍- ആദ്യ 1,50,000 ജനസംഖ്യയ്ക്ക് കുറഞ്ഞത് 13 വാർഡുകള്‍, തുടർന്ന് ഓരോ 25,000 ജനസംഖ്യയ്ക്കും ഓരോ വാർഡ് വീതം, പരമാവധി 23 വാർഡുകള്‍. കുറഞ്ഞതും കൂടിയതുമായ വാർഡുകളുടെ എണ്ണം 14, 24 ആയി ഭേദഗതി ചെയ്യുന്നു. ജില്ലാ പഞ്ചായത്തുകള്‍- ആദ്യ 10 ലക്ഷം ജനസംഖ്യയ്ക്ക് കുറഞ്ഞത് 16 വാർഡുകള്‍, തുടർന്ന് ഓരോ ലക്ഷം ജനസംഖ്യയ്ക്കും ഓരോ വാർഡ് വീതം, പരമാവധി 32 വാർഡുകള്‍. കുറഞ്ഞതും കൂടിയതുമായ വാർഡുകളുടെ എണ്ണം 17,33 ആയി ഭേദഗതി ചെയ്യുന്നു. മുൻസിപ്പാലിറ്റികള്‍- ആദ്യ 20,000 ജനസംഖ്യയ്ക്ക് കുറഞ്ഞത് 25 വാർഡുകള്‍, തുടർന്ന് 2,500 ജനസംഖ്യയ്ക്കും ഓരോ വാർഡ് വീതം, പരമാവധി 52 വാർഡുകള്‍. കുറഞ്ഞതും കൂടിയതുമായ വാർഡുകളുടെ എണ്ണം 26, 53 ആയി ഭേദഗതി ചെയ്യുന്നു. കോർപറേഷനുകള്‍- ആദ്യ 4 ലക്ഷം ജനസംഖ്യയ്ക്ക് കുറഞ്ഞത് 55 വാർഡുകള്‍, തുടർന്ന് ഓരോ 10,000 ജനസംഖ്യയ്ക്കും ഓരോ വാർഡ് വീതം, പരമാവധി 100 വാർഡുകള്‍. കുറഞ്ഞതും കൂടിയതുമായ വാർഡുകളുടെ എണ്ണം 56, 101 ആയി ഭേദഗതി ചെയ്യുന്നു.