കോഴാ ഫാം ഫെസ്റ്റ് ശനിയാഴ്ച മുതൽ
മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും

കോട്ടയം: കാർഷിക വിജ്ഞാന-വിനോദ-വിപണന പ്രദർശനവും ചർച്ചകളും മത്സരങ്ങളുമായി കോഴാ ഫാം ഫെസ്റ്റ് -'ഹരിതാരവം 2കെ25' സെപ്റ്റംബർ 27 മുതൽ 30 വരെ കുറവിലങ്ങാട് കോഴായിൽ നടക്കും. കാർഷിക വികസന കർഷക ക്ഷേമ വകുപ്പും ജില്ലാ പഞ്ചായത്തും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ 27(ശനിയാഴ്ച) വൈകിട്ട് നാലു മണിയ്ക്ക് സഹകരണം-ദേവസ്വം-തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഫാം ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. മോൻസ് ജോസഫ് എം.എൽ.എ. ചടങ്ങിൽ അധ്യക്ഷനായിരിക്കും. അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി. മുഖ്യപ്രഭാഷണം നടത്തും.
കോഴായിലെ ജില്ലാ കൃഷിത്തോട്ടം, സംസ്ഥാന വിത്ത് ഉത്പാദന കേന്ദ്രം, പ്രാദേശിക കാർഷിക പരിശീലന കേന്ദ്രം, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് ഓപ്പൺ ഓഡിറ്റോറിയം എന്നിവിടങ്ങളിലായാണ് പരിപാടി.
കാർഷികാനുബന്ധ പ്രദർശന സ്റ്റാളുകൾ, നെല്ല്, തെങ്ങ്, പച്ചക്കറി കൃഷികളിലെ നൂതന വിഷയങ്ങളിലുള്ള സെമിനാറുകൾ, ഭക്ഷ്യമേള, കലാസന്ധ്യ, നെൽകൃഷിയിലെ അനുഭവ പരിചയം, കുട്ടികർഷക സംഗമം, രുചിക്കൂട്ട് സംഗമം, ഫാം തൊഴിലാളി ജീവനക്കാരുടെ സംഗമം, പെറ്റ് ഷോ എന്നിവ ഫെസ്റ്റിന്റെ ഭാഗമായി നടക്കും. നാലുദിവസവും കാർഷിക യന്ത്രങ്ങളുടെ സർവീസ് ക്യാമ്പും സൗജന്യ മണ്ണ് പരിശോധനാ സൗകര്യവും ലഭ്യമാകും. കൃഷിവകുപ്പിന്റെ അഗ്രോ ക്ലിനിക് ഓൺലൈൻ സേവനങ്ങൾക്ക് പ്രത്യേക കൗണ്ടറും സജ്ജമാക്കിയിട്ടുണ്ട്.
സാംസ്‌കാരിക ഘോഷയാത്ര, കലാസന്ധ്യ, സൗഹൃദ സദസുകൾ, ഫൺ ഗെയിംസ്, ലക്കി ഡ്രോ, സെൽഫി പോയിന്റുകൾ, കർഷകർക്കും വിദ്യാർഥികൾക്കുമുള്ള ക്വിസ്, നാടൻ പാട്ട്, ഉപന്യാസ രചന, പെൻസിൽ ഡ്രോയിങ്, മഡ് ഗെയിംസ്, തുടങ്ങിയവയും മേളയുടെ ഭാഗമായി നടക്കും.
കാർഷിക പ്രദർശനങ്ങളുടെ ഉദ്ഘാടനം സെപ്റ്റംബർ 27ന് രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ നിർവഹിക്കും. തുടർന്നു സെമിനാർ, കപ്പ പൊളിക്കൽ, കാർഷിക പ്രശ്‌നോത്തരി, പാചക മത്സരങ്ങളും, രുചിക്കൂട്ട് സംഗമവും വിവിധ വേദികളിലായി നടക്കും. വൈകിട്ട് മൂന്ന് മണിയ്ക്ക് കുറവിലങ്ങാട് പള്ളിക്കവലയിൽ നിന്ന് ഘോഷയാത്ര ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ ഫ്‌ളാഗ് ഓഫ് ചെയ്യും.
സെപ്തംബർ 28ന് ഫാം തൊഴിലാളി-ഫാം ഓഫീസർ സംഗമം ജോസ് കെ.മാണി എം.പി. ഉദ്ഘാടനം ചെയ്യും. സി.കെ. ആശ എം.എൽ.എ. അധ്യക്ഷത വഹിക്കും. സെപ്തംബർ 29ന് ചേറ്റിലോട്ടം, മുതിർന്നവർക്കായുള്ള ചേറിലെ ഫുട്‌ബോൾ മത്സരം, കുട്ടികർഷക സംഗമം എന്നിവ നടക്കും.
സമാപന സമ്മേളനം സെപ്തംബർ 30 വൈകിട്ട് നാലു മണിയ്ക്ക് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം നിർവഹിക്കും. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യക്ഷത വഹിക്കും. മോൻസ് ജോസഫ് എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തും.