ഒക്ടോബർ 8, 9 തീയതികളിൽ പ്രധാനമന്ത്രി മഹാരാഷ്ട്ര സന്ദർശിക്കും ,ഏകദേശം 19,650 കോടി രൂപ ചെലവിൽ നിർമ്മിച്ച നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഒന്നാം ഘട്ടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
11 പൊതുഗതാഗത ഓപ്പറേറ്റർമാർക്കുള്ള ഇന്ത്യയിലെ ആദ്യ സംയോജിത പൊതു മൊബിലിറ്റി ആപ്പായ "മുംബൈ വൺ" പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

11 പൊതുഗതാഗത ഓപ്പറേറ്റർമാർക്കുള്ള ഇന്ത്യയിലെ ആദ്യ സംയോജിത പൊതു മൊബിലിറ്റി ആപ്പായ "മുംബൈ വൺ" പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിൽ പുതിയ പദ്ധതികൾ ശ്രദ്ധ കേന്ദ്രീകരിക്കും
ഇന്ത്യയും യുകെയും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് മുംബൈയിൽ പ്രധാനമന്ത്രി മോദി യുകെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
ഇന്ത്യ-യുകെ പങ്കാളിത്തവും വിഷൻ 2035 റോഡ്മാപ്പും പ്രധാനമന്ത്രി മോദിയും പ്രധാനമന്ത്രി സ്റ്റാർമറും അവലോകനം ചെയ്യും
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2025 ൽ പ്രധാനമന്ത്രി മോദിയും പ്രധാനമന്ത്രി സ്റ്റാർമറും മുഖ്യപ്രഭാഷണം നടത്തും
ഒക്ടോബർ 8, 9 തീയതികളിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മഹാരാഷ്ട്ര സന്ദർശിക്കും. നവി മുംബൈയിൽ എത്തുന്ന പ്രധാനമന്ത്രി ഉച്ചകഴിഞ്ഞ് 3 മണിക്ക് പുതുതായി നിർമ്മിച്ച നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം നടന്ന് കാണും. തുടർന്ന്, 3:30 ന് നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും മുംബൈയിലെ വിവിധ പദ്ധതികൾക്ക് തുടക്കം കുറിക്കുകയും നാടിന് സമർപ്പിക്കുകയും ചെയ്യും. പിന്നീട് അദ്ദേഹം ചടങ്ങിനെ അഭിസംബോധന ചെയ്യും.
ഒക്ടോബർ 9 ന് രാവിലെ 10 മണിക്ക് യുകെ പ്രധാനമന്ത്രി സർ കെയർ സ്റ്റാർമറെ പ്രധാനമന്ത്രി മുംബൈയിൽ സ്വീകരിക്കും. ഉച്ചയ്ക്ക് 1:40 ന് ഇരു പ്രധാനമന്ത്രിമാരും മുംബൈയിലെ ജിയോ വേൾഡ് സെന്ററിൽ നടക്കുന്ന സിഇഒ ഫോറത്തിൽ പങ്കെടുക്കും. തുടർന്ന്, ഉച്ചയ്ക്ക് 2:45 ന് ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിന്റെ ആറാം പതിപ്പിൽ പങ്കെടുക്കും. ഫെസ്റ്റിൽ ഇരുവരും മുഖ്യപ്രഭാഷണം നടത്തും.
പ്രധാനമന്ത്രി നവി മുംബൈയിൽ
ഇന്ത്യയെ ഒരു ആഗോള വ്യോമയാന കേന്ദ്രമാക്കി മാറ്റുക എന്ന തന്റെ ലക്ഷ്യത്തിന് അനുസൃതമായി, ഏകദേശം 19,650 കോടി രൂപ ചെലവിൽ നിർമ്മിച്ച നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (NMIA) ഒന്നാം ഘട്ടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ (PPP) വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതിയാണ് നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം. മുംബൈ മെട്രോപൊളിറ്റൻ മേഖലയിലെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളമെന്ന നിലയിൽ, തിരക്ക് കുറയ്ക്കുന്നതിനും മുംബൈയെ ആഗോള മൾട്ടി-എയർപോർട്ട് സംവിധാനങ്ങളുടെ ലീഗിലേക്ക് ഉയർത്തുന്നതിനും NMIA ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളവുമായി (CSMIA) സഹകരിച്ച് പ്രവർത്തിക്കും. 1160 ഹെക്ടർ വിസ്തൃതിയുള്ള ലോകത്തിലെ ഏറ്റവും കാര്യക്ഷമമായ വിമാനത്താവളങ്ങളിലൊന്നായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ വിമാനത്താവളം, പ്രതിവർഷം 90 ദശലക്ഷം യാത്രക്കാരെയും (MPPA) 3.25 ദശലക്ഷം മെട്രിക് ടൺ ചരക്കും കൈകാര്യം ചെയ്യും.
സുഗമമായ ഇന്റർ-ടെർമിനൽ മാറ്റങ്ങൾക്കായി, നാല് പാസഞ്ചർ ടെർമിനലുകളെയും ബന്ധിപ്പിക്കാൻ ആസൂത്രണം ചെയ്തിട്ടുള്ള ഗതാഗത സംവിധാനമായ ഓട്ടോമേറ്റഡ് പീപ്പിൾ മൂവർ (APM) ഇതിന്റെ സവിശേഷതകളിൽ ഉൾപ്പെടുന്നു, ഒപ്പം നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങളെ ബന്ധിപ്പിക്കുന്ന ഒരു ലാൻഡ്‌സൈഡ് APM ഉം. സുസ്ഥിരമായ രീതികൾക്ക് അനുസൃതമായി, സുസ്ഥിര വ്യോമയാന ഇന്ധനം (SAF) സംഭരിക്കുന്നതിനുള്ള പ്രത്യേക സംവിധാനം, ഏകദേശം 47 മെഗാവാട്ട് സൗരോർജ്ജ ഉൽപ്പാദനം, നഗരത്തിലുടനീളമുള്ള പൊതു ഗതാഗതത്തിനായി EV ബസ് സർവീസുകൾ എന്നിവ വിമാനത്താവളത്തിൽ ഉണ്ടായിരിക്കും. വാട്ടർ ടാക്സി വഴി ബന്ധിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ വിമാനത്താവളം കൂടിയായിരിക്കും NMIA.
ആചാര്യ ആത്രേ ചൗക്ക് മുതൽ കഫെ പരേഡ് വരെ നീളുന്ന മുംബൈ മെട്രോ ലൈൻ-3 ന്റെ 2B ഘട്ടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും, ഏകദേശം 12,200 കോടി രൂപയാണ് ഇതിന്റെ നിർമ്മാണ ചെലവ്. ഇതോടെ, 37,270 കോടി രൂപയിലധികം ചെലവിൽ നിർമ്മിച്ച മുംബൈ മെട്രോ ലൈൻ 3 (അക്വാ ലൈൻ) പൂർണമായും അദ്ദേഹം രാജ്യത്തിന് സമർപ്പിക്കും. ഇത് മുംബൈയിലെ നഗര ഗതാഗത പരിവർത്തനത്തിലെ ഒരു പ്രധാന നാഴികക്കല്ലായി മാറും.
മുംബൈയിലെ ആദ്യത്തെ പൂർണ്ണ ഭൂഗർഭ മെട്രോ ലൈൻ എന്ന നിലയിൽ, ദശലക്ഷക്കണക്കിന് നഗര നിവാസികൾക്ക് വേഗതയേറിയതും കൂടുതൽ കാര്യക്ഷമവും ആധുനികവുമായ ഗതാഗത പരിഹാരം വാഗ്ദാനം ചെയ്യുന്ന ഈ പദ്ധതി മുംബൈ മെട്രോപൊളിറ്റൻ മേഖലയിലുടനീളമുള്ള (MMR) യാത്രാമാർഗ്ഗത്തെ പുനർനിർവചിക്കും.
കഫെ പരേഡ് മുതൽ ആരേ ജെവിഎൽആർ വരെ 33.5 കിലോമീറ്റർ ദൈർഘ്യമുള്ള മുംബൈ മെട്രോ ലൈൻ–3, 27 സ്റ്റേഷനുകളിലായി, പ്രതിദിനം 13 ലക്ഷം യാത്രക്കാരെ ഉൾക്കൊള്ളും. പദ്ധതിയുടെ അവസാന ഘട്ടം, ഫോർട്ട്, കാല ഘോഡ, മറൈൻ ഡ്രൈവ് തുടങ്ങിയ ദക്ഷിണ മുംബൈയുടെ പൈതൃക, സാംസ്കാരിക ജില്ലകളിലേക്ക് തടസ്സമില്ലാതെ ബന്ധിപ്പിക്കും. കൂടാതെ ബോംബെ ഹൈക്കോടതി, മന്ത്രാലയ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ), ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (ബിഎസ്ഇ), നരിമാൻ പോയിന്റ് എന്നിവയുൾപ്പെടെയുള്ള പ്രധാന ഭരണ, സാമ്പത്തിക കേന്ദ്രങ്ങളിലേക്ക് നേരിട്ട് പ്രവേശനം നൽകും.
റെയിൽവേ, വിമാനത്താവളങ്ങൾ, മറ്റ് മെട്രോ ലൈനുകൾ, മോണോറെയിൽ സേവനങ്ങൾ എന്നിവയുൾപ്പെടെയുള്ള മറ്റ് ഗതാഗത മാർഗ്ഗങ്ങളുമായി കാര്യക്ഷമമായ സംയോജനം ഉറപ്പാക്കുന്നതിനാണ് മെട്രോ ലൈൻ–3 രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതുവഴി ലാസ്റ്റ് മൈൽ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുകയും മെട്രോപൊളിറ്റൻ മേഖലയിലുടനീളമുള്ള തിരക്ക് കുറയ്ക്കുകയും ചെയ്യുന്നു.
മെട്രോ, മോണോറെയിൽ, സബർബൻ റെയിൽവേകൾ, ബസ് എന്നിവയിലുടനീളമുള്ള 11 പൊതുഗതാഗത ഓപ്പറേറ്റർമാർ (പി.ടി.ഒ)ക്കായി "മുംബൈ വൺ" - ഇന്റഗ്രേറ്റഡ് കോമൺ മൊബിലിറ്റി ആപ്പ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇതിൽ മുംബൈ മെട്രോ ലൈൻ 2A & 7, മുംബൈ മെട്രോ ലൈൻ 3, മുംബൈ മെട്രോ ലൈൻ 1, മുംബൈ മോണോറെയിൽ, നവി മുംബൈ മെട്രോ, മുംബൈ സബർബൻ റെയിൽവേ, ബ്രിഹൻമുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്പോർട്ട് (BEST), താനെ മുനിസിപ്പൽ ട്രാൻസ്പോർട്ട്, മീര ഭയന്ദർ മുനിസിപ്പൽ ട്രാൻസ്പോർട്ട്, കല്യാൺ ഡോംബിവാലി മുനിസിപ്പൽ ട്രാൻസ്പോർട്ട്, നവി മുംബൈ മുനിസിപ്പൽ ട്രാൻസ്പോർട്ട് എന്നിവ ഉൾപ്പെടുന്നു.
ഒന്നിലധികം പൊതുഗതാഗത ഓപ്പറേറ്റർമാരിൽ സംയോജിത മൊബൈൽ ടിക്കറ്റിംഗ്, ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ക്യൂ ഒഴിവാക്കൽ, ഒന്നിലധികം ഗതാഗത മോഡുകൾ ഉൾപ്പെടുന്ന യാത്രകൾക്കായി ഒരൊറ്റ ഡൈനാമിക് ടിക്കറ്റിലൂടെ തടസ്സമില്ലാത്ത മൾട്ടിമോഡൽ കണക്റ്റിവിറ്റി എന്നിവ ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ മുംബൈ വൺ ആപ്പ് യാത്രക്കാർക്ക് വാഗ്ദാനം ചെയ്യുന്നു. കാലതാമസം, ബദൽ റൂട്ടുകൾ, എത്തിച്ചേരുന്ന സമയം എന്നിവയെക്കുറിച്ചുള്ള തത്സമയ യാത്രാ അപ്‌ഡേറ്റുകൾ, സമീപത്തുള്ള സ്റ്റേഷനുകൾ, ആകർഷണങ്ങൾ, പോകേണ്ട സ്ഥലങ്ങൾ എന്നിവയെക്കുറിച്ചുള്ള മാപ്പ് അധിഷ്ഠിത വിവരങ്ങൾ, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള SOS സവിശേഷത എന്നിവയും ഇത് നൽകുന്നു. ഇവയെല്ലാം സൗകര്യം, കാര്യക്ഷമത, സുരക്ഷ എന്നിവ വർദ്ധിപ്പിക്കുകയും മുംബൈയിലുടനീളമുള്ള പൊതുഗതാഗതം അനുഭവഭേദ്യമാക്കി മാറ്റുകയും ചെയ്യുന്നു.
മഹാരാഷ്ട്രയിലെ നൈപുണ്യ, തൊഴിൽ, സംരംഭകത്വ, നവീകരണ വകുപ്പിന്റെ ഒരു പ്രധാന ഉദ്യമമായ ഹ്രസ്വകാല തൊഴിൽദായക പരിപാടി (STEP) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. തൊഴിൽ സാധ്യത വർദ്ധിപ്പിക്കുന്നതിനും വ്യവസായ ആവശ്യകതകളുമായി നൈപുണ്യ വികസനം സമന്വയിപ്പിക്കുന്നതിനുമുള്ള ഒരു പ്രധാന ചുവടുവെപ്പായി 400 ഗവൺമെന്റ് ഐടിഐകളിലും 150 ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളുകളിലും ഈ പരിപാടി നടപ്പിലാക്കും. സ്ത്രീകൾക്കായി 364 എക്സ്ക്ലൂസീവ് ബാച്ചുകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഇന്റർനെറ്റ് ഓഫ് തിംഗ്സ് (IoT), ഇലക്ട്രിക് വെഹിക്കിൾസ് (EV), സോളാർ, അഡിറ്റീവ് മാനുഫാക്ചറിംഗ് തുടങ്ങിയ വളർന്നുവരുന്ന സാങ്കേതിക കോഴ്സുകളിൽ 408 ബാച്ചുകളും ഉൾപ്പെടെ 2,500 പുതിയ പരിശീലന ബാച്ചുകൾ STEP സ്ഥാപിക്കും.
യുകെ പ്രധാനമന്ത്രിയുടെ സന്ദർശനവും ഗ്ലോബൽ ഫിൻടെക് ഫെസ്റ്റും
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം, യുണൈറ്റഡ് കിംഗ്ഡം പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ 2025 ഒക്ടോബർ 8, 9 തീയതികളിൽ ഇന്ത്യ സന്ദർശിക്കും. പ്രധാനമന്ത്രി സ്റ്റാർമറുടെ ആദ്യ ഔദ്യോഗിക ഇന്ത്യാ സന്ദർശനമാണിത്.
സന്ദർശന വേളയിൽ വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, നവീകരണം, പ്രതിരോധം, സുരക്ഷ, കാലാവസ്ഥ, ഊർജ്ജം, ആരോഗ്യം, വിദ്യാഭ്യാസം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നീ പ്രധാന മേഖലകളിലെ കർമപരിപാടികളുടെയും പദ്ധതികളുടെയും കേന്ദ്രീകൃതവും സമയബന്ധിതവുമായ 10 വർഷത്തെ റോഡ്മാപ്പായ 'വിഷൻ 2035' ന് അനുസൃതമായി, ഇന്ത്യ-യുകെ തന്ത്രപരമായ പങ്കാളിത്തത്തിന്റെ വിവിധ നിലകളിലുള്ള പുരോഗതി രണ്ട് പ്രധാനമന്ത്രിമാരും വിലയിരുത്തും.
ഭാവിയിലെ ഇന്ത്യ-യുകെ സാമ്പത്തിക പങ്കാളിത്തത്തിന്റെ കേന്ദ്രബിന്ദുവായി ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാറി(സിഇടിഎ)ലൂടെയുള്ള അവസരങ്ങളെക്കുറിച്ച് ഇരു നേതാക്കളും വ്യവസായ നേതാക്കളുമായി ചർച്ച ചെയ്യും. പ്രാദേശിക, ആഗോളതലത്തിൽ പ്രാധാന്യമുള്ള വിഷയങ്ങളിൽ അവർ കാഴ്ചപ്പാടുകൾ പങ്കിടും. വ്യവസായ വിദഗ്ധർ, നയരൂപീകരണക്കാർ, നൂതനാശയക്കാർ എന്നിവരുമായും നേതാക്കൾ ഇടപഴകും.
പ്രധാനമന്ത്രി മോദിയും പ്രധാനമന്ത്രി സ്റ്റാർമറും മുംബൈയിലെ ജിയോ വേൾഡ് സെന്ററിൽ നടക്കുന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിന്റെ ആറാമത് പതിപ്പിൽ പങ്കെടുക്കുകയും മുഖ്യ പ്രഭാഷണങ്ങൾ നടത്തുകയും ചെയ്യും.
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2025, ലോകമെമ്പാടുമുള്ള നൂതനാശയക്കാർ, നയരൂപകർത്താക്കൾ, സെൻട്രൽ ബാങ്കർമാർ, റെഗുലേറ്റർമാർ, നിക്ഷേപകർ, വിദ്യാഭ്യാസ പണ്ഡിതർ, വ്യവസായ നേതാക്കൾ എന്നിവരെ ഒരു കുടക്കീഴിൽ കൊണ്ടുവരും. ഈ സമ്മേളനത്തിന്റെ കേന്ദ്ര പ്രമേയമായ മെച്ചപ്പെട്ട ലോകത്തിനായി സമ്പത്ത് വർദ്ധിപ്പിക്കൽ - AI, ഓഗ്മെന്റഡ് ഇന്റലിജൻസ്, ഇന്നൊവേഷൻ, ഇൻക്ലൂഷൻ എന്നിവയിലൂടെ - ധാർമ്മികവും സുസ്ഥിരവുമായ സാമ്പത്തിക ഭാവി രൂപപ്പെടുത്തുന്നതിൽ സാങ്കേതികവിദ്യയുടെയും മനുഷ്യന്റെ ഉൾക്കാഴ്ചയുടെയും സംയോജനത്തെ എടുത്തുകാണിക്കുന്നു.
ഈ വർഷത്തെ പതിപ്പിൽ 75-ലധികം രാജ്യങ്ങളിൽ നിന്നുള്ള 100,000-ത്തിലധികം പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് ലോകത്തിലെ ഏറ്റവും വലിയ ഫിൻടെക് ഒത്തുചേരലുകളിൽ ഒന്നായി മാറുന്നു. ഏകദേശം 7,500 കമ്പനികൾ, 800 പ്രഭാഷകർ, 400 പ്രദർശകർ, ദേശീയ, അന്തർദേശീയ അധികാരപരിധികളെ പ്രതിനിധീകരിക്കുന്ന 70 റെഗുലേറ്റർമാർ എന്നിവരുടെ പങ്കാളിത്തം ഈ പരിപാടിയിൽ ഉണ്ടാകും.
സിംഗപ്പൂരിലെ മോണിറ്ററി അതോറിറ്റി, ജർമ്മനിയിലെ ഡച്ച് ബുണ്ടസ്ബാങ്ക്, ബാങ്ക് ഡി ഫ്രാൻസ്, സ്വിസ് ഫിനാൻഷ്യൽ മാർക്കറ്റ് സൂപ്പർവൈസറി അതോറിറ്റി (FINMA) തുടങ്ങിയ പ്രശസ്ത റെഗുലേറ്റർമാർ പങ്കെടുക്കുന്ന അന്താരാഷ്ട്ര സ്ഥാപനങ്ങളിൽ ഉൾപ്പെടുന്നു. സാമ്പത്തിക നയ സംഭാഷണത്തിനും സഹകരണത്തിനുമുള്ള ഒരു ആഗോള വേദി എന്ന നിലയിൽ അവരുടെ പങ്കാളിത്തം GFF ന്റെ വളർന്നുവരുന്ന നിലവാരത്തെ അടിവരയിടുന്നു.