25-ാം വർഷത്തിലേക്ക് കടക്കുന്ന വേളയിൽ ജനങ്ങളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി 2001-ൽ ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് അനുസ്മരിച്ച് നരേന്ദ്ര മോദി
എപ്പോഴും ദരിദ്രർക്കുവേണ്ടി പ്രവർത്തിക്കണമെന്നും ഒരിക്കലും കൈക്കൂലി വാങ്ങരുതെന്നുമുള്ള അമ്മയുടെ ഉപദേശം പ്രധാനമന്ത്രി പങ്കുവെച്ചു

ഒരു ഗവൺമെന്റിന്റെ തലവനായി സേവനമനുഷ്ഠിച്ചതിന്റെ 25-ാം വർഷത്തിലേക്ക് കടക്കുന്ന വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ത്യയിലെ ജനങ്ങളോട് നന്ദി പറഞ്ഞു. 2001-ൽ ഈ ദിവസം ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതുമുതലുള്ള തന്റെ യാത്ര അനുസ്മരിച്ചുകൊണ്ട്, ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും രാജ്യത്തിന്റെ പുരോഗതിക്ക് സംഭാവന നൽകുന്നതിനുമുള്ള തന്റെ നിരന്തരമായ ശ്രമമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
വളരെ പരീക്ഷണാത്മകമായ സാഹചര്യങ്ങളിലാണ് ഗുജറാത്ത് മുഖ്യമന്ത്രിയാകാനുള്ള ഉത്തരവാദിത്തം തന്നെ ഏൽപ്പിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആ വർഷം സംസ്ഥാനം ഒരു വലിയ ഭൂകമ്പത്താൽ ദുരിതമനുഭവിക്കുകയായിരുന്നു, മുൻ വർഷങ്ങളിൽ ചുഴലിക്കാറ്റും തുടർച്ചയായ വരൾച്ചയും രാഷ്ട്രീയ അസ്ഥിരതയും നേരിട്ടു. ജനങ്ങളെ സേവിക്കാനും ഗുജറാത്തിനെ പുതിയ ഊർജ്ജസ്വലതയോടെയും പ്രതീക്ഷയോടെയും പുനർനിർമ്മിക്കാനുമുള്ള ദൃഢനിശ്ചയത്തെ ഈ വെല്ലുവിളികൾ ശക്തിപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു.
ദരിദ്രർക്കുവേണ്ടി എപ്പോഴും പ്രവർത്തിക്കണമെന്നും ഒരിക്കലും കൈക്കൂലി വാങ്ങരുതെന്നുമുള്ള തന്റെ അമ്മയുടെ വാക്കുകൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ ശ്രീ മോദി ഓർമ്മിച്ചു. താൻ ചെയ്യുന്നതെന്തും ഏറ്റവും നല്ല ഉദ്ദേശ്യത്തോടെയായിരിക്കുമെന്ന് ജനങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നുവെന്നും ഏറ്റവും അവസാനത്തെ വ്യക്തിയെ വരെ സേവിക്കുക എന്ന ദർശനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്തിലെ തന്റെ ഭരണകാലത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട്, ആ സമയത്ത് സംസ്ഥാനത്തിന് ഇനി ഒരിക്കലും ഉയിർത്തെഴുന്നേൽക്കാൻ കഴിയില്ലെന്ന് ആളുകൾ വിശ്വസിച്ചിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. വൈദ്യുതിയും വെള്ളവും ഇല്ലെന്ന് കർഷകർ പരാതിപ്പെട്ടു, കൃഷി മന്ദഗതിയിലായിരുന്നു, വ്യാവസായിക വളർച്ച സ്തംഭിച്ചു. കൂട്ടായ പരിശ്രമത്തിലൂടെ ഗുജറാത്ത് സദ്ഭരണത്തിന്റെ ശക്തികേന്ദ്രമായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. ഒരുകാലത്ത് വരൾച്ചാബാധിതമായിരുന്ന സംസ്ഥാനം കാർഷിക മേഖലയിൽ മികച്ച പ്രകടനം കാഴ്ചവെച്ചു, വ്യാപാരം ഉൽപ്പാദന, വ്യാവസായിക ശേഷികളിലേക്ക് വികസിച്ചു, സാമൂഹികവും ഭൗതികവുമായ അടിസ്ഥാന സൗകര്യങ്ങൾക്ക് ഉത്തേജനം ലഭിച്ചു.
2013-ൽ, രാജ്യം വിശ്വാസത്തിന്റെയും ഭരണത്തിന്റെയും പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കെ, 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാനുള്ള ഉത്തരവാദിത്തം തനിക്ക് ലഭിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ ജനങ്ങൾ തന്റെ സഖ്യത്തിന് വൻ ഭൂരിപക്ഷവും തന്റെ പാർട്ടിക്ക് കേവല ഭൂരിപക്ഷവും നൽകി, അത് പുതിയ ആത്മവിശ്വാസത്തിന്റെയും ലക്ഷ്യത്തിന്റെയും ഒരു യുഗത്തിന് തുടക്കമിട്ടു.
കഴിഞ്ഞ 11 വർഷത്തിനിടെ ഇന്ത്യ നിരവധി മാറ്റങ്ങൾ കൈവരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 25 കോടിയിലധികം ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചു, പ്രധാന ആഗോള സമ്പദ്‌വ്യവസ്ഥകളിൽ രാജ്യം ഒരു തിളക്കമാർന്ന ഇടമായി ഉയർന്നുവന്നിട്ടുണ്ട്. ഇന്ത്യയിലുടനീളമുള്ള ആളുകൾക്ക്, പ്രത്യേകിച്ച് നാരി ശക്തി, യുവ ശക്തി, കഠിനാധ്വാനികളായ അന്നദാതാക്കൾ എന്നിവർക്ക്, വിപ്ലവകരമായ ശ്രമങ്ങളിലൂടെയും പരിഷ്കാരങ്ങളിലൂടെയും ശാക്തീകരണം ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
'ഗർവ് സേ കഹോ, യേ സ്വദേശി ഹേ'( ഇത് സ്വദേശിയാണെന്ന് അഭിമാനത്തോടെ പറയൂ) എന്ന ആഹ്വാനത്തിൽ പ്രതിഫലിക്കുന്ന, എല്ലാ മേഖലകളിലും ഇന്ത്യയെ ആത്മനിർഭർ (സ്വയംപര്യാപ്തം) ആക്കുക എന്നതാണ് ഇന്നത്തെ ജനകീയ വികാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ ജനങ്ങളുടെ തുടർച്ചയായ വിശ്വാസത്തിനും സ്നേഹത്തിനും നന്ദി ആവർത്തിച്ചുകൊണ്ട്, രാഷ്ട്രത്തെ സേവിക്കുക എന്നത് ഏറ്റവും ഉയർന്ന ബഹുമതിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭരണഘടനയുടെ മൂല്യങ്ങളാൽ നയിക്കപ്പെട്ട, വികസിത ഭാരതം എന്ന കൂട്ടായ സ്വപ്നം സാക്ഷാത്കരിക്കുന്നതിന് കൂടുതൽ കഠിനാധ്വാനം ചെയ്യാനുള്ള തന്റെ പ്രതിബദ്ധത അദ്ദേഹം വീണ്ടും ഉറപ്പിച്ചു.
എക്സ് പോസ്റ്റിൽ പ്രധാനമന്ത്രി കുറിച്ചു;
“2001 ലെ ഈ ദിവസം, ഞാൻ ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഒരു ഗവൺമെന്റിന്റെ തലവനായി ഞാൻ 25-ാം വർഷത്തിലേക്ക് കടക്കുന്നു, എന്റെ സഹപൗരന്മാർ നൽകിയ തുടർച്ചയായ അനുഗ്രഹങ്ങൾക്ക് നന്ദി. ഇന്ത്യയിലെ ജനങ്ങളോടുളള എന്റെ നന്ദി രേഖപ്പെടുത്തുന്നു. ഈ വർഷങ്ങളിലെല്ലാം, നമ്മുടെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും നമ്മെയെല്ലാം വളർത്തിയ ഈ മഹത്തായ രാഷ്ട്രത്തിന്റെ പുരോഗതിക്ക് സംഭാവന നൽകുന്നതിനുമുള്ള എന്റെ നിരന്തരമായ ശ്രമമാണ് ഇത്.”
"ഗുജറാത്ത് മുഖ്യമന്ത്രി എന്ന ഉത്തരവാദിത്തം എന്റെ പാർട്ടി എന്നെ ഏൽപ്പിച്ചത് വളരെ പരീക്ഷണാത്മകമായ സാഹചര്യത്തിലായിരുന്നു. അതേ വർഷം തന്നെ സംസ്ഥാനം ഒരു വലിയ ഭൂകമ്പത്താൽ കഷ്ടപ്പെടുകയായിരുന്നു. മുൻ വർഷങ്ങൾ ചുഴലിക്കാറ്റിനും തുടർച്ചയായ വരൾച്ചയ്ക്കും രാഷ്ട്രീയ അസ്ഥിരതയ്ക്കും സാക്ഷ്യം വഹിച്ചു. ജനങ്ങളെ സേവിക്കാനും നവോന്മേഷത്തോടെയും പ്രതീക്ഷയോടെയും ഗുജറാത്തിനെ പുനർനിർമ്മിക്കാനുമുള്ള ദൃഢനിശ്ചയത്തെ ആ വെല്ലുവിളികൾ ശക്തിപ്പെടുത്തി."
"ഞാൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ, എന്റെ അമ്മ എന്നോട് പറഞ്ഞത് ഞാൻ ഓർക്കുന്നു - നിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് എനിക്ക് വലിയ ധാരണയില്ല, പക്ഷേ ഞാൻ രണ്ട് കാര്യങ്ങൾ മാത്രമേ ആഗ്രഹിക്കുന്നുള്ളൂ. ഒന്നാമതായി, നീ എപ്പോഴും ദരിദ്രർക്കുവേണ്ടി പ്രവർത്തിക്കണം, രണ്ടാമതായി, നീ ഒരിക്കലും കൈക്കൂലി വാങ്ങരുത്. ഞാൻ എന്ത് ചെയ്താലും അത് ഏറ്റവും നല്ല ഉദ്ദേശ്യത്തോടെയായിരിക്കുമെന്നും
"ഈ 25 വർഷങ്ങൾ നിരവധി അനുഭവങ്ങൾ നിറഞ്ഞതാണ്. ഞങ്ങൾ ഒരുമിച്ച് ശ്രദ്ധേയമായ മുന്നേറ്റങ്ങൾ നടത്തി. ഞാൻ മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോൾ, ഗുജറാത്തിന് ഇനി ഒരിക്കലും ഉയിർത്തെഴുന്നേൽക്കാൻ കഴിയില്ലെന്ന് വിശ്വസിച്ചിരുന്നുവെന്ന് ഞാൻ ഇപ്പോഴും ഓർക്കുന്നു. കർഷകർ ഉൾപ്പെടെയുള്ള സാധാരണ പൗരന്മാർ വൈദ്യുതിയുടെയും വെള്ളത്തിന്റെയും അഭാവത്തെക്കുറിച്ച് പരാതിപ്പെട്ടു. കൃഷി മന്ദഗതിയിലായിരുന്നു, വ്യാവസായിക വളർച്ച സ്തംഭിച്ചു. അവിടെ നിന്ന്, ഗുജറാത്തിനെ നല്ല ഭരണത്തിന്റെ ശക്തികേന്ദ്രമാക്കാൻ ഞങ്ങൾ എല്ലാവരും കൂട്ടായി പ്രവർത്തിച്ചു."
"വരൾച്ചാബാധിത സംസ്ഥാനമായ ഗുജറാത്ത്, കാർഷിക മേഖലയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സംസ്ഥാനമായി മാറി. വ്യാപാര സംസ്കാരം ശക്തമായ വ്യാവസായിക, ഉൽപ്പാദന ശേഷികളിലേക്ക് വികസിച്ചു. പതിവ് കർഫ്യൂകൾ പഴയകാല കാര്യമായി മാറി. സാമൂഹികവും ഭൗതികവുമായ അടിസ്ഥാന സൗകര്യങ്ങൾക്ക് ഉത്തേജനം ലഭിച്ചു. ഈ നേട്ടങ്ങൾ കൈവരിക്കുന്നതിന് ജനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കാൻ കഴിയുന്നത് വളരെ സംതൃപ്തി നൽകുന്നതായിരുന്നു."
"2013-ൽ, 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാനുള്ള ഉത്തരവാദിത്തം എനിക്ക് ലഭിച്ചു. ആ ദിവസങ്ങളിൽ, രാജ്യം വിശ്വാസത്തിന്റെയും ഭരണത്തിന്റെയും പ്രതിസന്ധിക്ക് സാക്ഷ്യം വഹിക്കുകയായിരുന്നു. അന്നത്തെ യുപിഎ ഗവൺമെന്റ് ഏറ്റവും മോശമായ തരത്തിലുള്ള അഴിമതിയുടെയും, സ്വജനപക്ഷപാതത്തിന്റെയും, നയ സ്തംഭനത്തിന്റെയും പര്യായമായിരുന്നു. ആഗോള ക്രമത്തിൽ ഇന്ത്യയെ ഒരു ദുർബല കണ്ണിയായിട്ടാണ് കണ്ടിരുന്നത്. എന്നാൽ, ഇന്ത്യയിലെ ജനങ്ങളുടെ വിവേകം നമ്മുടെ സഖ്യത്തിന് വൻ ഭൂരിപക്ഷം നൽകുകയും, മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായി നമ്മുടെ പാർട്ടിക്ക് കേവല ഭൂരിപക്ഷം ലഭിക്കുകയും ചെയ്തു."
"കഴിഞ്ഞ 11 വർഷമായി, നമ്മൾ ഇന്ത്യയിലെ ജനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുകയും നിരവധി പരിവർത്തനങ്ങൾ കൈവരിക്കുകയും ചെയ്തിട്ടുണ്ട്. വിപ്ലവകരമായ ശ്രമങ്ങളിലൂടെ ഇന്ത്യയിലുടനീളമുള്ള ആളുകളെ, പ്രത്യേകിച്ച് നാരി ശക്തി, യുവ ശക്തി, കഠിനാധ്വാനികളായ അന്നദാതാക്കൾ എന്നിവരെ ശാക്തീകരിച്ചിട്ടുണ്ട്. 25 കോടിയിലധികം ആളുകളെ ദാരിദ്ര്യത്തിന്റെ പിടിയിൽ നിന്ന് മോചിപ്പിച്ചു. പ്രധാന ആഗോള സമ്പദ്‌വ്യവസ്ഥകളിൽ ഇന്ത്യ ഒരു തിളക്കമുള്ള സ്ഥലമായി കാണുന്നു. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സംരക്ഷണ, സാമൂഹിക സുരക്ഷാ പദ്ധതികളിൽ ഒന്നിന്റെ കേന്ദ്രമാണ് നമ്മൾ. നമ്മുടെ കർഷകർ പുതുമ കണ്ടെത്തുകയും നമ്മുടെ രാഷ്ട്രം സ്വാശ്രയമാണെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. ഞങ്ങൾ വിപുലമായ പരിഷ്കാരങ്ങൾ ഏറ്റെടുത്തിട്ടുണ്ട്, 'ഗർവ് സേ കഹോ, യേ സ്വദേശി ഹേ' (ഇത് സ്വദേശിയാണെന്ന് അഭിമാനത്തോടെ പറയൂ) എന്ന വ്യക്തമായ ആഹ്വാനത്തെ പ്രതിഫലിപ്പിച്ചുകൊണ്ട്, എല്ലാ മേഖലകളിലും ഇന്ത്യയെ ആത്മനിർഭർ (സ്വയംപര്യാപ്തം) ആക്കുക എന്നതാണ് ജനകീയ വികാരം."
"ഇന്ത്യയിലെ ജനങ്ങളുടെ തുടർച്ചയായ വിശ്വാസത്തിനും വാത്സല്യത്തിനും ഞാൻ ഒരിക്കൽ കൂടി നന്ദി പറയുന്നു. നമ്മുടെ പ്രിയപ്പെട്ട രാഷ്ട്രത്തെ സേവിക്കുക എന്നത് ഏറ്റവും ഉയർന്ന ബഹുമതിയാണ്, ഈ കടമ എന്നിൽ നന്ദിയും ലക്ഷ്യബോധവും നിറയ്ക്കുന്നു. നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങൾ എന്റെ നിരന്തരമായ വഴികാട്ടിയായതിനാൽ, ഒരു വികസിത ഭാരതം എന്ന നമ്മുടെ കൂട്ടായ സ്വപ്നം സാക്ഷാത്കരിക്കാൻ വരുംകാലങ്ങളിൽ ഞാൻ കൂടുതൽ കഠിനാധ്വാനം ചെയ്യും."