മുണ്ടക്കയം- എരുമേലി പേരുത്തോട് ജംഗ്ഷനിൽ 5 ഏക്കറോളം വരുന്ന വനഭൂമി എരുമേലി വികസനത്തിനായി ഏറ്റെടുക്കാൻ നടപടി

Oct 9, 2025
മുണ്ടക്കയം- എരുമേലി  പേരുത്തോട് ജംഗ്ഷനിൽ 5 ഏക്കറോളം  വരുന്ന വനഭൂമി എരുമേലി വികസനത്തിനായി ഏറ്റെടുക്കാൻ നടപടി
adv sebastian kulathumkal mla
എരുമേലി :എരുമേലി ടൗണിന് സമീപം മുണ്ടക്കയം- എരുമേലി സ്റ്റേറ്റ് ഹൈവേയുടെ സൈഡിൽ പേരുത്തോട് ജംഗ്ഷനിൽ 5 ഏക്കറോളം വരുന്ന സർക്കാർ ഭൂമി വനം വകുപ്പിന്റെ അധീനതയിൽ ഉണ്ട് . ഈ ഭൂമി ഏറ്റെടുത്ത് എരുമേലിയുടെ സമഗ്ര വികസനത്തിന് ഉപകരിക്കുന്ന വിവിധ പൊതു ആവശ്യങ്ങൾക്കായി ഉപയുക്തമാക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ പൂഞ്ഞാർ എം എൽ എ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ സബ്മിഷൻ ഉന്നയിച്ചു.
സബ്മിഷന് ആസ്പദമായി ചൂണ്ടിക്കാട്ടിയ വസ്തുതകൾ.
പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ, ജനസംഖ്യ കൊണ്ടും, ഭൂവിസ്തൃതി കൊണ്ടും ഏറ്റവും വലിയ പഞ്ചായത്ത് ആണ് എരുമേലി. ശബരിമലയുടെ പ്രവേശന കവാടം എന്ന നിലയിൽ ഓരോ വർഷവും ലക്ഷക്കണക്കിന് അയ്യപ്പഭക്തർ എത്തിച്ചേരുന്ന തീർത്ഥാടന കേന്ദ്രവും ആണ് എരുമേലി. കൂടാതെ ഇപ്പോൾ സംസ്ഥാന ഗവൺമെന്റിന്റെ നേതൃത്വത്തിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന നിർദ്ദിഷ് ശബരി ഗ്രീൻഫീൽഡ് ഇന്റർനാഷണൽ എയർപോർട്ടിൻ്റെ ആസ്ഥാനവും എരുമേലി യാണ്. എരുമേലിയിൽ പൊതു ആവശ്യങ്ങൾക്കുള്ള സ്ഥലലഭ്യതയുടെ അഭാവം മൂലം വികസനത്തിന് വളരെയേറെ തടസ്സങ്ങൾ ഉണ്ട്. എരുമേലിയിലെ ഒട്ടുമിക്ക സർക്കാർ സ്ഥാപനങ്ങളും വാടക കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. എരുമേലിയിൽ അനുവദിച്ചിട്ടുള്ള പുതിയ ഫയർ സ്റ്റേഷനും സ്ഥാപിക്കുന്നതിന് സ്ഥലലഭ്യത ഇല്ലാത്തതുമൂലം ആരംഭിക്കാൻ കഴി‌യാത്ത സ്ഥിതിയുണ്ട്. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ടും നിർദ്ദിഷ്ട എയർപോർട്ട്, പരിഗണനയിലുള്ള ശബരി റെയിൽവേ തുടങ്ങിയ എല്ലാ സംവിധാനങ്ങളുമായി ബന്ധപ്പെട്ട് ഒട്ടേറെ അടിസ്ഥാന സൗകര്യങ്ങൾ എരുമേലിയിൽ വികസിപ്പിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങളിൽ എല്ലാം പൊതുസ്ഥലം ഇല്ലായ്മ ഒരു പ്രധാന തടസ്സമാണ്.
ടി 5 ഏക്കർ വസ്തുവിൽ വനം വകുപ്പിൻ്റെ ഒരു ക്വാർട്ടേഴ്സും ഒരു ഗാർഡ് ഓഫീസും സ്ഥിതിചെയ്യുന്നുണ്ട്. ബാക്കി മുഴുവൻ ഭാഗങ്ങളും കാടുപിടിച്ച് കിടക്കുകയാണ്. ഈ ഭൂമിയോട് ചേർന്ന് ഒരിടത്തും വനഭൂമിയില്ല എന്നുമാത്രമല്ല ഒരു അതിർത്തി വളരെയേറെ ഗതാഗത തിരക്കുള്ള ഇപ്പോൾ ദേശീയ പാതാ പദവിയിലേക്ക് ഉയർത്തപ്പെട്ടിട്ടുള്ള (NH183 A) സംസ്ഥാന പാതയും മറ്റു മൂന്ന് അതിരുകളിലും സ്വകാര്യ വ്യക്തികളുടെ കൃഷിഭൂമികളും മറ്റും ആണ്. ഏതു നിർമ്മാണ പ്രവർത്തനത്തിനും ഏറ്റവും അനുയോജ്യമായതും, തൊട്ടുചേർന്ന് പേരുത്തോട് എന്ന പുഴ ഒഴുകുന്നതുമായ ഈ സ്ഥലം എരുമേലിയിൽ അനുവദിക്കപ്പെട്ടിട്ടുള്ളതും സ്ഥലമില്ലാത്തതിനാൽ ആരംഭിക്കാൻ കഴിയാത്തതുമായ ഫയർ സ്റ്റേഷൻ ഉൾപ്പെടെ എരുമേലിയുടെ എല്ലാവിധ സർക്കാർ ഓഫീസുകളും ഒരു മേൽക്കൂരയ്ക്ക് കൊണ്ടുവരാൻ കഴിയുന്ന മിനി സിവിൽ സ്റ്റേഷൻ ഉൾപ്പെടെ എരുമേലിയുമായി ബന്ധപ്പെട്ട എല്ലാ സർക്കാർ ഔദ്യോഗിക സംവിധാനങ്ങളും ആരംഭിക്കുന്നതിന് അനുയോജ്യമായ ഭൂമിയും ആണ്.
ആയതിനാൽ ഇപ്പോൾ ആവിഷ്കരിക്കപ്പെട്ടിട്ടുള്ള എരുമേലി മാസ്റ്റർ പ്ലാനിൻ്റെ ഭാഗമായി വിവിധ ഔദ്യോഗിക സംവിധാനങ്ങൾ ഒരുക്കുന്നതിന് വേണ്ടി ഈ ഭൂമി വനം വകുപ്പിൽ നിന്നും തിരികെ എടുത്ത് മറ്റ് സർക്കാർ ആവശ്യങ്ങൾക്കായി ഉപയുക്തമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു. വനം വകുപ്പിന്റെ റേഞ്ച് ഓഫീസും മറ്റ് അനുബന്ധ ഓഫീസുകളും സമീപത്തു തന്നെ എരുമേലി ടൗൺ അതിർത്തിയിൽ സ്വന്തം സ്ഥലത്ത് തന്നെ സ്ഥിതിചെയ്യുന്നുണ്ട്. അവിടെ വനം വകുപ്പിന്റെ ഏത് ആവശ്യത്തിനും ഇനിയും ഉപയോഗിക്കുന്നതിന് മതിയായ സ്ഥലം ലഭ്യമാണ്. ആയതിനാൽ തന്നെ ഈ റവന്യൂ ഭൂമി വനം വകുപ്പിൽ നിലനിർത്തേണ്ടതായ പ്രത്യേക സാഹചര്യം ഒന്നുമില്ലാത്തതും ആകുന്നു. ആയതിനാൽ ഈ ഭൂമി തിരികെ സർക്കാർ ആവശ്യത്തിലേക്ക് എടുക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
സബ്മിഷന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടി.
കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിർവഹണവും സംബന്ധിച്ച ചട്ടങ്ങളിലെ 304-ാം ചട്ടപ്രകാരം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉന്നയിച്ച സബ്‌മിഷനുള്ള മറുപടി
എരുമേലി തെക്ക് വില്ലേജിൽ ബ്ലോക്ക് നമ്പർ 27 ൽ റീസർവ്വേ 12(1) ൽപ്പെട്ട 1.8250 ഹെക്ടർ സ്ഥലം (നാലര ഏക്കറിൽ അധികം) സർക്കാർ പുറമ്പോക്ക് ഭൂമി, നിലവിൽ വനം വകുപ്പ് കൈവശത്തിൽ വെച്ചിട്ടുള്ളത് തിരികെ എടുത്ത് സർക്കാർ ആവശ്യങ്ങൾക്ക് ഉപയുക്തമാക്കണമെന്ന അംഗത്തിന്റെ ആവശ്യം സ്വാഗതാർഹമാണ്.
എരുമേലി ടൗണിന് സമീപം എരുമേലി- മുണ്ടക്കയം സംസ്ഥാന പാതയോട് ചേർന്ന് എരുമേലി തെക്ക് വില്ലേജിൽ ബ്ലോക്ക് നമ്പർ 27 റിസർവേ 12(1)ൽ പെട്ട ഏകദേശം 5 ഏക്കറോളം സർക്കാർ പുറമ്പോക്ക് ഭൂമി നിലവിൽ വനം വകുപ്പിന്റെ അധീനതയിൽ ഉള്ളതും, ടി 5 ഏക്കർ വസ്തുവിൽ വനം വകുപ്പിന്റെ ഒരു ക്വാർട്ടേഴ്സും ഒരു ഗാർഡ് ഓഫീസും സ്ഥിതിചെയ്യുന്നതുമാണ്. ബാക്കി മുഴുവൻ ഭാഗങ്ങളും കാടുപിടിച്ച അവസ്ഥയിലുമാണ്.
എരുമേലി തെക്ക് വില്ലേജിൽ ബ്ലോക്ക് 27-ൽ റീസർവ്വേ 12/1 ൽപ്പെട്ട 1.820 ഹെക്ടർ സ്ഥലം വില്ലേജ് രേഖകൾ (റെലിസ്) പ്രകാരം പുറമ്പോക്ക് 'ഫോറസ്റ്റ് ഗാർഡ് സ്റ്റേഷൻ' എന്ന് രേഖപ്പെടുത്തിയിട്ടുള്ളതാണ്. ടി സ്ഥലത്ത് നിലവിൽ ഫോറസ്റ്റ് ഗാർഡ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നു. എന്നാൽ ടി ബി.റ്റി.ആർ. പകർപ്പ് എരുമേലി തെക്ക് വില്ലേജാഫീസിൽ ലഭ്യമല്ല. അതിനാൽ വസ്തുവിന്റെ ഉടമസ്ഥാവകാശം തിട്ടപ്പെടുത്തുന്നതിലേക്കായി സെൻട്രൽ സർവ്വേ ആഫീസ്, തിരുവനന്തപുരത്തിന് കത്ത് നൽകിയിരുന്നുവെങ്കിലും ടി ആഫീസിൽ പ്രസ്തുത വസ്തുവിൻ്റെ ബി.റ്റി.ആർ. പകർപ്പ് ലഭ്യമല്ലെന്ന് അറിയിച്ചിട്ടുള്ളതാണ്. ടി വസ്തുവിന്മേൽ വനം വകുപ്പിന് ഉടമസ്ഥാവകാശം ഉണ്ടോ എന്നത് സംബന്ധിച്ച് എരുമേലി റേഞ്ച് ഫോറസ്റ്റ് ഓഫീസർക്ക് ജില്ലാ കളക്ടറുടെ കാര്യാലയത്തിൽ നിന്നും കത്ത് നല്കിയിട്ടുള്ളതാണ്.
പ്രസ്തുത ഭൂമിയുടെ ഉടമസ്ഥാവകാശം നിർണ്ണയിക്കുന്നതിനുള്ള നടപടികൾ ജില്ലാ കളക്ടറുടെ കാര്യാലയം മുഖേന നടന്നു വരുന്നതിനാൽ ആയത് പൂർത്തീകരിച്ചതിനുശേഷം മാത്രമേ എരുമേലി തെക്ക് വില്ലേജിൽ ബ്ലോക്ക് നമ്പർ 27-ൽ റീസർവേ 12/1 ൽപ്പെട്ട ഭൂമി വനം വകുപ്പിൻ്റെ കൈവശത്തിൽ നിന്നും തിരികെ ഏറ്റെടുത്ത് സർക്കാർ ആവശ്യങ്ങൾക്കായി ഉപയുക്തമാക്കുന്ന വിഷയത്തിൽ തീരുമാനം എടുക്കുവാൻ സാധിക്കുകയുള്ളൂ.
ബഹു. എം.എൽ.എ ചൂണ്ടിക്കാണിച്ചിട്ടുള്ള വസ്തുതകളുടെ പ്രാധാന്യം കണക്കിലെടുത്തു ഈ വിഷയത്തിൽ ജില്ലാ കലക്‌ടറുടെ തുടർ റിപ്പോർട്ടു ലഭ്യമാക്കി ആവശ്യമെങ്കിൽ മന്ത്രിയുടെയും, അംഗത്തിന്റെയും സാന്നിധ്യത്തിൽ ഒരു യോഗം ചേർന്നു കൊണ്ട് സമയബന്ധിതമായി തുടർനടപടി കൈക്കൊള്ളുന്നതാണ്.
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.