വേരിറങ്ങാൻ വേർതിരിക്കാം; ഉപയോഗശൂന്യ പ്ലാസ്റ്റിക്ക് കൊണ്ടാരു കേരള ഭൂപടം ഒരുക്കി
സിവിൽ സ്‌റ്റേഷൻ കോമ്പൗണ്ടിൽ ഒരുക്കിയ പ്ലാസ്റ്റിക് കൊണ്ടുള്ള കേരളത്തിന്റെ ഭൂപടം

കോട്ടയം: ഉപയോഗശൂന്യമായ പ്ലാസറ്റിക് കവറുകളുപയോഗിച്ച് നിർമിച്ച കേരളത്തിന്റെ ഭൂപടം നമ്മൾ നേരിടുന്ന പ്ലാസ്റ്റിക് വിപത്തിന്റെ നേർ പ്രതീകമായി. തദ്ദേശ സ്വയംഭരണ വകുപ്പും രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാനും ചേർന്ന് അജൈവ മാലിന്യങ്ങളുടെ പരിസ്ഥിതി മലിനീകരണത്തിനെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായാണ് പ്ലാസ്റ്റിക് കൊണ്ട് കേരളത്തിന്റെ ഭൂപടം കോട്ടയം സിവിൽ സ്‌റ്റേഷൻ കോമ്പൗണ്ടിൽ ഒരുക്കിയത്. പരിപാടി അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ അധ്യക്ഷത വഹിച്ചു.
മാലിന്യ മുക്ത കേരളം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പരിപാടി ബ്ലോക്ക് തലങ്ങളിലേക്കും വ്യാപിപ്പിക്കും. വലിച്ചെറിയൽ മുക്ത ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ എം.സി. റോഡ് കടന്ന് പോകുന്ന പ്രദേശങ്ങൾ സൗന്ദര്യവൽക്കരിക്കുന്നതിന്റെ ഭാഗമായി കില ജില്ലാ ഫെസിലിറ്റേറ്റർ ബിന്ദു അജിയ്ക്കും നഗരസഭകളുടെ സൗന്ദര്യവൽക്കരണത്തിനായി ജില്ലാ ശുചിത്വ മിഷൻ റിസോഴ്‌സ് പേഴ്‌സൺ നിഷാ ഷാജിയ്ക്കും അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ശ്രീജിത്ത് ചെടികൾ കൈമാറി.
രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാൻ അംഗങ്ങളാണ് പാഴ് വസ്തുക്കൾ ഉപയോഗിച്ച് കേരളത്തിന്റെ ഭൂപടം നിർമ്മിച്ചത്. ഉപയോഗശൂന്യമായ വസ്തുകൾ ഉപയോഗിച്ച് നിർമ്മിച്ച അലങ്കാര വസ്തുക്കളുടെ പ്രദർശനവും നടന്നു. അവ നിർമ്മിച്ച വിദ്യാർഥി ആദിത്യ ബാബുവിനെ ചടങ്ങിൽ അനുമോദിച്ചു. ക്ലീൻ ഡ്രൈവ് വഴി ശേഖരിച്ച പ്ലാസ്റ്റിക് പ്രദർശനത്തിനു ശേഷം ക്ലീൻ കേരള കമ്പനിയ്ക്ക് കൈമാറും. പ്ലാസ്റ്റിക്കിന്റെ കൃത്യമായ സംസ്‌കരണം നടത്തുക, ഉപയോഗം കുറയ്ക്കുക, പുനരുപയോഗവും പുനർചക്രമണവും നടത്തുക എന്നീ സന്ദേശം പൊതുജനങ്ങൾക്ക് നൽകുകയാണ് പരിപാടിയുടെ ലക്ഷ്യം. ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ജൂനിയർ സൂപ്രണ്ട്് വി.എ. ഷാനവാസ്, ഗ്രാമ സ്വരാജ് അഭിയാൻ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് എക്‌സ്‌പെർട്ട് വിജയ് ഘോഷ്, രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാൻ ജില്ലാ പ്രേജക്ട് മാനേജർ ആർ. രാഹുൽ, രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാൻ ബ്ലോക്ക് കോർഡിനേറ്റർമാർ എന്നിവർ പങ്കെടുത്തു.
ഫോട്ടോ ക്യാപ്ഷൻ:: പരിസ്ഥിതി മലിനീകരണത്തിനെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി സിവിൽ സ്‌റ്റേഷൻ കോമ്പൗണ്ടിൽ ഒരുക്കിയ പ്ലാസ്റ്റിക് കൊണ്ടുള്ള കേരളത്തിന്റെ ഭൂപടം