ഒറിജിനൽ ആധാർ കാർഡുമായി ബംഗ്ളാദേശി പൗരൻ കൊച്ചിയിൽ പിടിയിൽ
വിരലടയാളവും കൃത്യം, ഞെട്ടി പോലീസ്
കൊച്ചി: അനധികൃതമായി കൊച്ചിയിൽ താമസിച്ചു ജോലി ചെയ്തു വരികയായിരുന്ന 27 ബംഗ്ലാദേശി പൗരന്മാരെ കഴിഞ്ഞദിവസം പോലീസ് പിടികൂടിയിരുന്നു. എറണാകുളം റൂറൽ പൊലീസും തീവ്രവാദ വിരുദ്ധ സേനയും സംയുക്തമായി നടത്തിയ ഓപ്പറേഷൻ ക്ളീനിലാണ് ഇവർ പിടിയിലായത്. ഇവരുടെ പക്കൽനിന്നും വ്യാജ ആധാർ കാർഡുകളും കണ്ടെടുത്തിട്ടുണ്ട്. കാർഡുകൾ ബംഗ്ലാദേശിൽ നിന്നാണ് സംഘടിപ്പിച്ചതെന്ന് പോലീസ് പറയുന്നു.
എന്നാൽ ഇപ്പോൾ, ഒറിജിനൽ ആധാർ കാർഡുമായി ബംഗ്ലാദേശ് പൗരനെ വൈപ്പിൻ ഞാറക്കൽ നിന്നും പൊലീസ് പിടികൂടി. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയതാണെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. യഥാർത്ഥ ആധാർ കാർഡും ഇയാളിൽ നിന്ന് കണ്ടെത്തി. തുടർന്ന് ആധാർകാർഡുമായി അക്ഷയ സെന്ററിൽ ചെന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ വിരലടയാളം വരെ കൃത്യമാണെന്ന് കണ്ടെത്തി.
ഇത് പൊലീസിനെ ഞെട്ടിച്ചിരിക്കുകയാണ്.മറ്റൊരു രാജ്യത്തിലെ പൗരൻ ഇവിടെ നുഴഞ്ഞു കയറി യഥാർത്ഥ ആധാർകാർഡ് വരെ സംഘടിപ്പിച്ചത് രാജ്യ സുരക്ഷയെത്തന്നെ ബാധിക്കുന്ന കാര്യമാണ്. നിരവധി ബംഗ്ളാദേശികൾ എറണാകുളത്തിന്റെ റൂറൽ പ്രദേശങ്ങളിൽ ഇത്തരത്തിൽ അനധികൃതമായി താമസിക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്.കൊച്ചിയിൽ നിരവധി ബംഗ്ലാദേശിൽ എത്തിയിട്ടുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിൻറെ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.