വിദൂരവിദ്യാഭ്യാസ കോഴ്സുകൾ പുനരാരംഭിക്കാൻ കാലിക്കറ്റ് സർവകലാശാല
യുജിസി അംഗീകാരമുള്ള എല്ലാ വിദൂരവിദ്യാഭ്യാസ കോഴ്‌സുകളും പുനരാരംഭിക്കാനാണ് കാലിക്കറ്റിന്റെ നീക്കം

കൊല്ലം : വിദൂരവിദ്യാഭ്യാസ കോഴ്സുകൾ പുനരാരംഭിക്കാൻ കാലിക്കറ്റ് സർവകലാശാലയടക്കം നീക്കം നടത്തുന്നത് ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്ക് തിരിച്ചടിയാകും. ഓപ്പൺ സർവകലാശാലയുടെ സ്ഥാപിതലക്ഷ്യംതന്നെ അട്ടിമറിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾക്കെതിരേ ഹൈക്കോടതിയിൽ നൽകിയ കേസിൽ കക്ഷിചേരാനാണ് തീരുമാനം.സംസ്ഥാനത്തെ വിവിധ സർവകലാശാലകൾ നടത്തിയിരുന്ന വിദൂരവിദ്യാഭ്യാസ കോഴ്‌സുകൾ ഒരുകുടക്കീഴിലാക്കിയാണ് 2020 ഒക്‌ടോബർ രണ്ടിന് കൊല്ലത്ത് ശ്രീനാരായണഗുരുവിന്റെ പേരിൽ ആദ്യ ഓപ്പൺ സർവകലാശാല സ്ഥാപിച്ചത്. നിയമസഭയുടെ അംഗീകാരത്തോടെ ഉന്നതവിദ്യാഭ്യാസവകുപ്പാണ് സർവകലാശാല സ്ഥാപിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. സർവകലാശാല അക്കാദമിക് പ്രവർത്തനങ്ങൾ ആരംഭിക്കുന്നതുവരെ വിദൂരവിദ്യാഭ്യാസ കോഴ്‌സുകൾ നടത്താൻ ഇതര സർവകലാശാലകൾക്ക് അനുവാദം ലഭിച്ചിരുന്നു. ഓപ്പൺ സർവകലാശാല പൂർണതോതിൽ പ്രവർത്തനസജ്ജമായതോടെ ഈ കോഴ്‌സുകൾ തുടരരുതെന്ന് മറ്റ് സർവകലാശാലകൾക്ക് ശ്രീനാരായണഗുരു സർവകലാശാല കത്ത് നൽകിയിരുന്നു. എന്നാൽ അത് അവഗണിക്കപ്പെട്ടതോടെ സർവകലാശാലാ അധികൃതർ ഉന്നതവിദ്യാഭ്യാസവകുപ്പിനെ സമീപിച്ചു.
നിലവിൽ 31 യുജി, പിജി പ്രോഗ്രാമുകളിലായി പ്രായഭേദമെന്യേ എഴുപതിനായിരത്തോളം പേരാണ് ഓപ്പൺ സർവകലാശാലയിൽ പഠിക്കുന്നത്. ഒരുലക്ഷം പഠിതാക്കളെന്ന ലക്ഷ്യത്തോടെ മുന്നോട്ടുപോകുമ്പോഴാണ് വിദൂരവിദ്യാഭ്യാസ കോഴ്‌സുകൾ പുനരാരംഭിക്കുന്നതിനുള്ള അനുവാദംതേടി കാലിക്കറ്റ് സർവകലാശാല ഹൈക്കോടതിയെ സമീപിക്കുന്നത്. യുജിസി അംഗീകാരമുള്ള എല്ലാ വിദൂരവിദ്യാഭ്യാസ കോഴ്‌സുകളും പുനരാരംഭിക്കാനാണ് കാലിക്കറ്റിന്റെ നീക്കം. ഈ കേസിൽ കക്ഷിചേരാനാണ് ശ്രീനാരായണഗുരു സർവകലാശാലയുടെ തീരുമാനം. നിയമസഭയെയും ഉന്നതവിദ്യാഭ്യാസവകുപ്പിനെയും മറികടന്നുള്ള നീക്കത്തെ പ്രതിരോധിക്കാനാണ് ശ്രമം.പ്രവർത്തനം തുടങ്ങി വർഷങ്ങളായിട്ടും സ്ഥിരം ജീവനക്കാരോ ആസ്ഥാനമോ ഇല്ലാത്തതിനാൽത്തന്നെ വലിയ പ്രതിസന്ധിയിലാണ് ഓപ്പൺ സർവകലാശാലയുടെ പ്രവർത്തനങ്ങൾ. അതിനിടയിൽ കോഴ്‌സുകൾകൂടി മറ്റ് സർവകലാശാലകൾ ആരംഭിച്ചാൽ അത് സർവകലാശാലയുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കും.