തദ്ദേശീയമായി കപ്പല്‍ നിര്‍മാണം വര്‍ധിപ്പിക്കാന്‍ 69,725 കോടിയുടെ കേന്ദ്ര സര്‍ക്കാര്‍ പാക്കേജ്
കപ്പല്‍ നിര്‍മാണ മേഖലയുടെ കുതിപ്പിന് 69,725 കോടിയുടെ കേന്ദ്ര സര്‍ക്കാര്‍ പാക്കേജ്

ന്യൂഡൽഹി : കപ്പല്‍ നിര്‍മാണ സാമ്പത്തിക സഹായ പദ്ധതി പ്രകാരം 24,736 കോടി രൂപയും മാരിടൈം ഡെവലപ്‌മെന്റ് ഫണ്ട് പ്രകാരം 19,989 കോടി രൂപയും ഇതില്‍ ഉള്‍പ്പെടുന്നു.തദ്ദേശീയമായുള്ള നിര്‍മാണ ശേഷി വര്‍ധിപ്പിക്കുക, ദീര്‍ഘകാല സാമ്പത്തിക സഹായം കൂട്ടുക, പുതിയതും നിലവിലുള്ളതുമായ കപ്പല്‍ശാലകളുടെ വികസനം പ്രോത്സാഹിപ്പിക്കുക, സാങ്കേതിക കഴിവുകള്‍ വര്‍ധിപ്പിക്കുക, നയപരമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുക എന്നിവ ലക്ഷ്യമിട്ടാണ് പാക്കേജ് പ്രഖ്യാപനം.പത്ത് വര്‍ഷം നീളുന്ന പദ്ധതി പ്രകാരം 4.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കാന്‍ കഴിയുമെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2,500 ലധികം കപ്പലുകളുടെ നിര്‍മാണവും പ്രതീക്ഷിക്കുന്നുണ്ട്.
വേണ്ടത്ര സ്വീകാര്യത ലഭിക്കാതിരുന്നതിനാല്‍ നേരത്തെ അവതരിപ്പിച്ച കപ്പല്‍ നിര്‍മാണ പദ്ധതി വിജയംകണ്ടിരുന്നില്ല. കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍ തുറമുഖ, ജലപാത മന്ത്രാലയും കപ്പല്‍ശാലകള്‍ക്കുള്ള ആനുകൂല്യങ്ങള്‍ ഏകീകരിച്ചിട്ടുണ്ട്. 100 കോടി രൂപയില്‍ താഴെ മൂല്യമുള്ള കപ്പലുകള്‍ക്ക് 15 ശതമാനമാണ് ആനുകൂല്യം ലഭിക്കുക. അതിന് മുകളിലുള്ളവയ്ക്ക് 20 ശതമാനം പിന്തുണ സര്‍ക്കാര്‍ നല്‍കും. ഹൈബ്രിഡ്, ഹരിത സവിശേഷതകളുള്ള പ്രത്യേക കപ്പലുകള്‍ക്ക് 25 ശതമാനവും ആനുകൂല്യം ലഭിക്കും.