ബാങ്കുകളില്‍ അനാഥമായിക്കിടക്കുന്ന നിക്ഷേപങ്ങള്‍ എത്രയുംവേഗം ഉടമകള്‍ക്കോ അവകാശികള്‍ക്കോ തിരിച്ചുനല്‍കണം; നിര്‍ദേശവുമായി ആർബിഐ
പത്തുവര്‍ഷമായി ഉപയോഗിക്കാതെ കിടക്കുന്ന സേവിങ്‌സ്, കറന്റ് അക്കൗണ്ടുകളിലെ തുക, കാലാവധി കഴിഞ്ഞിട്ടും പത്തുവര്‍ഷമായി പിന്‍വലിക്കാതെ കിടക്കുന്ന സ്ഥിരനിക്ഷേപങ്ങള്‍ എന്നിവയാണ് അവകാശികളില്ലാതെ കിടക്കുന്ന നിക്ഷേപം

മുംബൈ : ബാങ്കുകളില്‍ അനാഥമായിക്കിടക്കുന്ന നിക്ഷേപങ്ങള്‍ എത്രയുംവേഗം ഉടമകള്‍ക്കോ അവകാശികള്‍ക്കോ മടക്കിനല്‍കുന്നതിന് നടപടിയെടുക്കണമെന്ന് ബാങ്കുകളോട് നിര്‍ദേശിച്ച് റിസര്‍വ് ബാങ്ക്. അടുത്ത മൂന്നുമാസംകൊണ്ട് പരമാവധിപേര്‍ക്ക് മടക്കിനല്‍കാന്‍ ശ്രമിക്കണമെന്നാണ് ബാങ്കുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
പത്തുവര്‍ഷമായി ഉപയോഗിക്കാതെ കിടക്കുന്ന സേവിങ്‌സ്, കറന്റ് അക്കൗണ്ടുകളിലെ തുക, കാലാവധി കഴിഞ്ഞിട്ടും പത്തുവര്‍ഷമായി പിന്‍വലിക്കാതെ കിടക്കുന്ന സ്ഥിരനിക്ഷേപങ്ങള്‍ എന്നിവയാണ് അവകാശികളില്ലാതെ കിടക്കുന്ന നിക്ഷേപമായി കണക്കാക്കുന്നത്. ഈ തുക ബാങ്കുകള്‍ റിസര്‍വ് ബാങ്കിന്റെ നിക്ഷേപക ബോധവത്കരണ ഫണ്ടിലേക്കു മാറ്റുകയാണ് പതിവ്. എങ്കിലും നിക്ഷേപകര്‍ അവകാശമുന്നയിച്ച് എത്തിയാല്‍ ഈ തുക പലിശസഹിതം മടക്കിനല്‍കും.
അടുത്തിടെനടന്ന സാമ്പത്തിക സുസ്ഥിരത-വികസന കൗണ്‍സില്‍ യോഗത്തോടനുബന്ധിച്ച് ബാങ്കുകള്‍ക്കു നല്‍കിയ അറിയിപ്പിലാണ് ഇത്തരമൊരു നിര്‍ദേശം ആര്‍ബിഐ മുന്നോട്ടുവെച്ചിരിക്കുന്നത്. ഇതിനായി ജില്ലാ അടിസ്ഥാനത്തില്‍ ബാങ്കുകളുടെ സംയുക്ത ക്യാമ്പുകള്‍ സംഘടിപ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഒക്ടോബര്‍ ആദ്യം ഗുജറാത്തിലായിരിക്കും ആദ്യ ക്യാമ്പ്. ഡിസംബര്‍വരെ പലയിടത്തായി ഇത്തരം ക്യാമ്പുകള്‍ സംഘടിപ്പിക്കും.
സംസ്ഥാനതല ബാങ്കേസ് സമിതിക്കാകും ഇതിന്റെ പ്രാഥമിക ചുമതല. അവകാശികളില്ലാതെ കിടക്കുന്ന നിക്ഷേപങ്ങളുടെ പട്ടിക ജില്ലാ അടിസ്ഥാനത്തില്‍ തയ്യാറാക്കിയാകും ക്യാമ്പ് സംഘടിപ്പിക്കുക. ജൂലായില്‍ പാര്‍ലമെന്റില്‍ നല്‍കിയ രേഖകള്‍പ്രകാരം രാജ്യത്തെ ബാങ്കുകളില്‍ 67,003 കോടി രൂപയോളം അവകാശികളില്ലാതെ കിടക്കുന്നതായാണ് കണക്ക്. സ്വകാര്യ ബാങ്കുകളിലേതുള്‍പ്പെടെയാണിത്.പല അക്കൗണ്ടുകളുള്ളവര്‍ ചിലത് ഉപയോഗിക്കാതെ കിടക്കുകയോ ഇതേക്കുറിച്ച് മറന്നുപോകുകയോ ചെയ്യുന്നതും ഇത്തരത്തില്‍ അവകാശികളില്ലാത്ത പണം കുമിഞ്ഞുകൂടാന്‍ കാരണമാകുന്നതായി ബാങ്ക് വൃത്തങ്ങള്‍ സൂചിപ്പിച്ചു. ആര്‍ബിഐ തയ്യാറാക്കിയ ഉദ്ഗം പോര്‍ട്ടല്‍ വഴി അവകാശികളില്ലാത്ത അക്കൗണ്ടുകളെക്കുറിച്ച് നിക്ഷേപകര്‍ക്കും അക്കൗണ്ട് ഉടമകള്‍ക്കും പരിശോധിക്കാന്‍ സൗകര്യമുണ്ട്. 2024 മാര്‍ച്ചുവരെ 30 ബാങ്കുകള്‍ ഈ പോര്‍ട്ടലിന്റെ ഭാഗമാണ്.