മുതിർന്ന മാധ്യമ പ്രവർത്തകനും
പത്രപ്രവർത്തക യൂണിയൻ ആദ്യകാല ജനറൽ സെക്രട്ടറിയുമായ ഇ.കെ.ജോസ് അന്തരിച്ചു.
പത്തു പന്ത്രണ്ടു വർഷം മുമ്പ് കേരള പത്രപ്രവർത്തക യൂണിയൻ മുഖമാസികയായ പത്രപ്രവർത്തകനിൽ മുൻ സാരഥികളുടെ സംഘടനാ അനുഭവം പങ്ക് വെക്കുന്ന കോളത്തിലേക്ക് ഒരു കുറിപ്പ് എഴുതിക്കേണ്ട ആവശ്യത്തിനാണ് മുൻ ജനറൽ സെക്രട്ടറി ഇ.കെ ജോസ് എന്ന ജോസ് ഇമ്മട്ടിയെ ഫോണിൽ ബന്ധപ്പെടുന്നത്. ഒരു മടിയുമില്ലാതെ അദ്ദേഹം കൃത്യമായ ഡെഡ്ലൈനിൽ എഴുതിത്തന്ന അനുഭവക്കുറിപ്പ് ആ ലക്കത്തിലെ ഏറ്റവും വായനാക്ഷമതയുള്ള ആർട്ടിക്കിളുമായിരുന്നു.
പിന്നീടിങ്ങോട്ട് പല ആവശ്യങ്ങൾക്കായി അദ്ദേഹത്തെ ബന്ധപ്പെടാറുണ്ടായിരുന്നു. തിരുവനന്തപുരത്തു മുൻ കാല നേതാക്കളെ പങ്കെടുപ്പിച്ചു യൂണിയൻ നടത്തിയ പല പരിപാടികൾക്കും ക്ഷണിച്ചെങ്കിലും ആരോഗ്യപ്രശ്നങ്ങൾ അടക്കമുള്ള കാരണങ്ങളാൽ അദ്ദേഹത്തിന് എത്താനായില്ല. അടുത്ത പരിപാടിക്ക് ഉറപ്പായും എത്തുമെന്ന് കഴിഞ്ഞതവണ എസ്. ജയശങ്കറേട്ടന്റെ അനുസ്മരണ ചടങ്ങിന് എത്താൻ കഴിയാത്ത പ്രയാസം പറഞ്ഞു വിളിച്ചപ്പോൾ പറഞ്ഞിരുന്നു.
പക്ഷേ, ഇന്ന് രാവിലെ എത്തിയത് യൂണിയന്റെ കരുത്തനായ നേതാവിന്റെ വിയോഗ വാർത്തയായിരുന്നു. ജോസ് ചേട്ടൻ മരിച്ചെന്നു കേൾക്കുന്നല്ലോ എന്നു പറഞ്ഞ് ഏഷ്യാനെറ്റിൽനിന്ന് കമലേഷ് വിളിച്ചപ്പോൾ കൺഫേം ചെയ്യാൻ വിളിച്ചത് അദ്ദേഹത്തിന്റെ തന്നെ നമ്പറിലേക്കാണ്. ‘പപ്പ പോയി’ എന്ന് മകൻ ജിജോയുടെ വിങ്ങുന്ന വാക്കുകൾ...
കേരള പത്രപ്രവർത്തക യൂണിയന് ഒരിക്കലും മറക്കാൻ കഴിയാത്ത പോരാളിയായ സാരഥിയാണ് ബഹുമാന്യനായ ജോസ് ഇമ്മട്ടി. മാധ്യമപ്രവർത്തകരുടെ തൊഴിൽ അവകാശങ്ങൾ മുമ്പെങ്ങുമില്ലാത്തവിധം വെല്ലുവിളിക്കപ്പെടുമ്പോൾ ജോസ് ചേട്ടനെപ്പോലുള്ളവരുടെ ജീവിതപാഠം പുതു തലമുറയ്ക്ക് എക്കാലത്തേക്കുമുള്ള സിലബസ് ആണ്.
ബഹുമാന്യ നേതാവിന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റിയുടെ ആദരാഞ്ജലികൾ...
കെ.യു.ബ്ല്യു.ജെ
മുൻ ജനറൽ സെക്രട്ടറി
ഇ.കെ. ജോസ് അന്തരിച്ചു
തിരുവനന്തപുരം: കേരള പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കൊച്ചുള്ളൂർ സന്തോഷ് നഗർ ധന്യയിൽ ഇ.കെ.ജോസ് (ജോസ് ഇമ്മട്ടി-80) അന്തരിച്ചു. ജന്മനാടായ തൃശൂരിലേക്കു പോകാൻ രാവിലെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ എത്തിയ അദ്ദേഹം ഒമ്പതരയോടെ കുഴഞ്ഞുവീഴുകയായിരുന്നു.
ഭാര്യ: ടെസി (റിട്ട. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥ). മക്കൾ: ജിജോ, റോസ്മേരി. മരുമക്കൾ: മരിയ, പ്രദീപ്. തിങ്കളാഴ്ച വൈകുന്നേരം 3.30ന് വസതിയിലെ ശുശ്രൂഷക്ക് ശേഷം നാലാഞ്ചിറ സെമിത്തേരിയിൽ സംസ്കരിക്കും.
എക്സ്പ്രസ് ദിനപത്രത്തിന്റെ തൃശൂർ, കൊച്ചി, തിരുവനന്തപുരം ബ്യൂറോകളുടെ മേധാവിയായിരുന്നു. ജീവൻ ടി.വി എഡിറ്ററായും പ്രവർത്തിച്ചു. പഠനകാലത്ത് കമ്യൂണിസ്റ്റ് പാർട്ടിയുടെ വിദ്യാർഥി വിഭാഗമായ എ.ഐ.എസ്.എഫിന്റെ സജീവ പ്രവർത്തകനും നേതാവുമായിരുന്നു. പിന്നീട് ‘ജഗദ് സാക്ഷി‘ എന്ന വാരിക തുടങ്ങി.
തേക്കിൻകാടിന് ചുറ്റും എന്ന പേരിൽ എക്സ്പ്രസിൽ എഴുതിയിരുന്ന പംക്തി ഏറെ ശ്രദ്ധേയമായിരുന്നു. തൃശൂർ പ്രസ് ക്ലബ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
webdesk
As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.