അടുത്ത അഞ്ച് ദിവസം കൂടി ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത : ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
മറ്റ് ജില്ലകളില്‍ അലര്‍ട്ട് ഇല്ലെങ്കിലും എല്ലായിടത്തും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത. ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് അലര്‍ട്ടുള്ളത്.
മറ്റ് ജില്ലകളില്‍ അലര്‍ട്ട് ഇല്ലെങ്കിലും എല്ലായിടത്തും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. മഴയ്ക്കൊപ്പം മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. മലയോര-തീരദേശ മേഖലകളിലുള്ളവര്‍ ജാഗ്രത പാലിക്കണം. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ഏര്‍പ്പെടുത്തിയ മത്സ്യബന്ധന വിലക്കും തുടരും.
വടക്കന്‍ ചത്തീസ്ഗഡിന് മുകളില്‍ ചക്രവാതച്ചുഴിയും, വടക്കന്‍ കേരള തീരം മുതല്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദ പാത്തിയും നിലനില്‍ക്കുന്നതിനാലാണ് മധ്യവടക്കന്‍ ജില്ലകളില്‍ മഴ ശക്തമായി തുടരുന്നത്.