സുസ്ഥിര സാങ്കേതികവിദ്യകൾ പ്രോത്സാഹിപ്പിക്കാൻ കൈകോർത്ത് CSIR-NIIST യും ഭാരതീയ അഗ്രോ ഇൻഡസ്ട്രീസ് ഫൗണ്ടേഷനും

Jun 16, 2026
സുസ്ഥിര സാങ്കേതികവിദ്യകൾ പ്രോത്സാഹിപ്പിക്കാൻ കൈകോർത്ത് CSIR-NIIST യും ഭാരതീയ അഗ്രോ ഇൻഡസ്ട്രീസ് ഫൗണ്ടേഷനും
csir niist
തിരുവനന്തപുരം  :16 ജൂൺ   2026
 

തിരുവനന്തപുരത്തെ കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് - നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയും (CSIR-NIIST) പുനെയിലെ BAIF (ഭാരതീയ അഗ്രോ ഇൻഡസ്ട്രീസ് ഫൗണ്ടേഷൻ) ഡെവലപ്‌മെന്റ് റിസർച്ച് ഫൗണ്ടേഷനും ചേർന്ന് തന്ത്രപ്രധാന പങ്കാളിത്തത്തിനുള്ള ധാരണാപത്രം കൈമാറി. സുസ്ഥിര വികസനത്തിന് നിർണായകമായ മേഖലകളിൽ സഹകരണ ഗവേഷണം, നൂതനാശയം, സാങ്കേതികവിദ്യ സാധൂകരണം, ശേഷി വർധിപ്പിക്കൽ എന്നിവയിലേക്കുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ് ഇതെന്ന് CSIR-NIIST ഡയറക്ടർ ഡോ. സി. അനന്തരാമകൃഷ്ണൻ പറഞ്ഞു. പുനെയിലെ ഉരുലി കഞ്ചനിലുള്ള AIF ന്റെ സെൻട്രൽ റിസർച്ച് സ്റ്റേഷനിൽ വെച്ച് നടന്ന ചടങ്ങിലാണ് BAIF പ്രസിഡന്റും മാനേജിംഗ് ട്രസ്റ്റിയുമായ ഡോ. ഭരത് കാകഡെയും CSIR-NIIST ഡയറക്ടർ ഡോ.സി.അനന്തരാമകൃഷ്ണനും തമ്മിൽ ധാരണാപത്രം കൈമാറിയത്

സൗരോർജ്ജ ഉത്പാദനത്തെ കാർഷിക ഉത്പാദനവുമായി സമന്വയിപ്പിക്കുന്ന അഗ്രിവോൾട്ടെയ്‌ക്‌സ് കൃഷിരീതി പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പങ്കാളിത്തത്തിന്റെ പ്രധാന ശ്രദ്ധാകേന്ദ്രം. രാജ്യത്തെ വിവിധ കാർഷിക-കാലാവസ്ഥാ മേഖലകളിൽ അഗ്രിവോൾട്ടെയ്ക് സാങ്കേതികവിദ്യകളുടെ പ്രായോഗിക സാധൂകരണം, പ്രദർശനം, വിന്യാസം എന്നിവയിൽ ഇരു സ്ഥാപനങ്ങളും ഒരുമിച്ച് സഹകരിക്കും. BAIF-ന്റെ വിപുലമായ ഫീൽഡ് ശൃംഖലയും ഗ്രാമീണ വികസനത്തിലെ പരിചയസമ്പത്തും CSIR-NIIST-ന്റെ സാങ്കേതിക വൈദഗ്ധ്യവും സമന്വയിപ്പിക്കുന്നതിലൂടെ, കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കുന്ന കൃഷി, പുനരുപയോഗ ഊർജ്ജ ഉത്പാദനം, മെച്ചപ്പെട്ട ഗ്രാമീണ ഉപജീവനമാർഗ്ഗങ്ങൾ എന്നിവയെ പിന്തുണയ്ക്കുന്ന സുസ്ഥിര സാങ്കേതികവിദ്യകൾ നടപ്പിലാക്കുന്നത് വേഗത്തിലാക്കാൻ തങ്ങൾ ലക്ഷ്യമിടുന്നുവെന്ന് ചടങ്ങിൽ സംസാരിക്കവേ ഡോ. സി. അനന്തരാമകൃഷ്ണൻ സൂചിപ്പിച്ചു. സന്ദർശന വേളയിൽ BAIF ന്റെ ഗവേഷണ കേന്ദ്രങ്ങളും ലബോറട്ടറികളും അദ്ദേഹം സന്ദർശിച്ചു.

തുടർന്ന് നടന്ന ചർച്ചകളിൽ വീഗൻ ലെതർ സാങ്കേതികവിദ്യ, ഹരിത സാങ്കേതികവിദ്യകൾ, മലിനജല സംസ്‌കരണവും അതിന്റെ പുനരുപയോഗവും, കാർഷിക അവശിഷ്ട സംസ്കരണം, ബയോമാസ് വാലറൈസേഷൻ, മണ്ണ്-വെള്ളം-വിള പരിപാലനത്തിനായുള്ള എഐ അധിഷ്ഠിത ഡ്രോൺ സാങ്കേതികവിദ്യകൾ, ബയോഡീഗ്രേഡബിൾ പ്ലാസ്റ്റിക്കുകൾ, പരിസ്ഥിതി സൗഹൃദ പാക്കേജിംഗ് സാമഗ്രികൾ, കാർഷിക പുതയിടൽ വസ്തുക്കൾ, ബയോഡീഗ്രേഡബിൾ കട്ട്ലറികൾ തുടങ്ങിയ മാലിന്യത്തിൽ നിന്ന് സമ്പത്ത് സൃഷ്ടിക്കുന്ന പരിഹാരങ്ങൾ ഉൾപ്പെടെ മറ്റ് നിരവധി മേഖലകളിൽ കൂടി സഹകരണം സാധ്യമാണെന്ന് ഡോ. സി. അനന്തരാമകൃഷ്ണൻ കൂട്ടിച്ചേർത്തു.

അത്യാധുനിക സോളാർ പാനൽ വിന്യാസങ്ങളിലൂടെയും പ്രകാശ നിയന്ത്രണ മാർഗ്ഗങ്ങളിലൂടെയും സൗരോർജ്ജ ഉത്പാദനം കാര്യക്ഷമമാക്കുന്നതിനുള്ള നൂതനമായ അഗ്രിവോൾട്ടെയ്ക് സാങ്കേതികവിദ്യകൾ CSIR-NIIST വികസിപ്പിക്കുന്നുണ്ട്. ഇന്ത്യയിൽ അഗ്രിവോൾട്ടായിക്സ് ആദ്യമായി നടപ്പിലാക്കിയവരിൽ മുൻപന്തിയിലുള്ള BAIF വിവിധ തരം അഗ്രിവോൾട്ടായിക് സംവിധാനങ്ങളെക്കുറിച്ചും അവ വിള ഉൽപ്പാദനക്ഷമതയിലും കാർഷിക സുസ്ഥിരതയിലും ഉണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ചും പ്രായോഗിക തലത്തിലുള്ള പഠനങ്ങൾ നടത്തിയിട്ടുണ്ട്. 

BAIF ലൈവ്സ്റ്റോക്ക് ഡെവലപ്‌മെന്റ് ആൻഡ് സയന്റിഫിക് റിസർച്ച് വൈസ് പ്രസിഡന്റ് ഡോ. ജയന്ത് ഖഡ്‌സെ, BAIF അഗ്രികൾച്ചറൽ റിസർച്ച് പ്രോഗ്രാം ഡയറക്ടർ ശ്രീ പ്രമോദ് തകാവാലെ, CSIR-NIIST സീനിയർ സയന്റിസ്റ്റ് ഡോ. ആദർശ് അശോക് ഉൾപ്പെടെയുള്ളവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. അഗ്രിവോൾട്ടായിക്സ്, സർക്കുലർ ബയോഇക്കോണമി, സുസ്ഥിര കൃഷി, പുനരുപയോഗ ഊർജ്ജം, ജല പരിപാലനം, ഗ്രാമീണ വികസനം എന്നിവയിൽ വിപുലീകരിക്കാൻ കഴിയുന്ന പരിഹാരങ്ങളുടെ വികസനവും വിന്യാസവും ഈ തന്ത്രപ്രധാന പങ്കാളിത്തം വേഗത്തിലാക്കുമെന്നും അത് ഇന്ത്യയുടെ സുസ്ഥിരത, കാലാവസ്ഥാ വ്യതിയാന പ്രതിരോധ പ്രവർത്തനങ്ങൾ, ഗ്രാമീണ സമൃദ്ധി എന്നീ ലക്ഷ്യങ്ങളിലേക്ക് ഗണ്യമായ സംഭാവന നൽകുമെന്നും പ്രതീക്ഷിക്കുന്നുവെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.