ഭൂ സേവന രംഗത്ത് രാജ്യത്തിന് മാതൃകയായി കേരളം: എന്റെ ഭൂമി ഡിജിറ്റൽ സർവെ 10 ലക്ഷം ഹെക്ടർ എന്ന ചരിത്രനേട്ടത്തിലേക്ക്
എന്റെ ഭൂമി ഡിജിറ്റൽ സർവെ പദ്ധതി ഭൂ ഭരണ രംഗത്ത് രാജ്യത്തിന് മാതൃകയായ ഡിജിറ്റൽ പരിവർത്തന ദൗത്യമാണ്. ഏറ്റവും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ഡിജിറ്റൽ റീസർവെയോടെപ്പം വിവിധ വകുപ്പുകളിലെ വ്യത്യസ്ത ഭൂ സേവനങ്ങളുടെ ഏകീകരണം എന്നിവയിലൂടെ ഭൂ ഭരണ രംഗത്ത് കേരളം പുതിയ മാതൃക സൃഷ്ടിക്കുകയാണ്.
2023 ആഗസ്റ്റിൽ പൂർണ്ണ രീതിയിൽ പ്രവർത്തനം ആരംഭിച്ച ഈ പദ്ധതിയുടെ ഭാഗമായി വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ 68.40 ലക്ഷം ലാൻഡ് പാർസലുകളിൽ നിന്നായി 9.75 ലക്ഷം ഹെക്ടർ ഭൂമിയുടെ സർവെ പൂർത്തിയാക്കാൻ സാധിച്ചു. ഇതിലൂടെ സംസ്ഥാനത്ത് ഡിജിറ്റൽ ഭൂ ഭരണത്തിലേക്കുള്ള വലിയ മുന്നേറ്റമാണ് സാധ്യമായത്.
ഡിജിറ്റൽ സർവേയിലൂടെ സംസ്ഥാനത്തെ റവന്യൂ ഭൂമിയുടെ മൂന്നിലൊരു ഭാഗം സർവെ പൂർത്തിയായതു കൂടാതെ എന്റെ ഭൂമി - ഇന്റഗ്രേറ്റഡ് ലാൻഡ് ഇൻഫർമേഷൻ മാനേജ്‌മെന്റ് സിസ്റ്റം (ILIMS) മുഖേന പൗരന്മാർക്ക് ഏകീകൃത ഭൂ സേവനങ്ങൾ ലഭ്യമാക്കുന്ന നടപടികളിലും പദ്ധതി ശ്രദ്ധേയമായ പുരോഗതി കൈവരിക്കുകയാണ്.
സർവെ പ്രവർത്തനങ്ങൾ ആരംഭിച്ച 600 വില്ലേജുകളിൽ 365 വില്ലേജുകളിൽ ഫീൽഡ് സർവെ പൂർത്തിയാക്കി സർവെ അതിരടയാള നിയമത്തിലെ 9(2) പ്രകാരം വിജ്ഞാപനം പുറപ്പെടുവിച്ചു. 13 വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുള്ള നടപടികളിലാണ്.
180 വില്ലേജുകളിൽ സർവെ അതിരടയാള നിയമത്തിലെ 13 വിജ്ഞാപനം പ്രസദ്ധീകരിച്ചു. പ്രസ്തുത വില്ലേജുകളിൽ റവന്യൂ, രജിസ്‌ട്രേഷൻ, സർവെ വകുപ്പുകളിലെ ഭൂ സേവനങ്ങൾ ജനങ്ങൾക്ക് ഏകജാലക സംവിധാനത്തിലൂടെ ലഭ്യമാക്കുന്നതിനായി എന്റെ ഭൂമി (ILIMS ) പോർട്ടൽ വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. ഡിജിറ്റൽ സർവെ പൂർത്തിയായ എല്ലാ വില്ലേജുകളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.
1996 മുതൽ 2022 വരെ 26 വർഷക്കാലയളവിൽ മുൻപ് ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ടോട്ടൽ സ്റ്റേഷൻ (ETS) സഹായത്തോടെ സംസ്ഥാനത്ത് സർവെ ചെയ്യാൻ കഴിഞ്ഞത് 95,531 ഹെക്ടർ ഭൂമിയാണ്. എന്നാൽ എന്റെ ഭൂമി ഡിജിറ്റൽ സർവെ മിഷൻ ആരംഭിച്ചതിനു ശേഷം ആധുനിക സാങ്കേതിക വിദ്യയും മെച്ചപ്പെടുത്തിയ പ്രവർത്തന രീതികളും പ്രയോജനപ്പെടുത്തി വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ ഇതിന്റെ പത്തിരട്ടിയോളം ഭൂമിയുടെ സർവെ പൂർത്തിയാക്കാൻ കഴിഞ്ഞത് പദ്ധതിയുടെ വലിയ നേട്ടമാണ്.
എന്റെ ഭൂമി (ILIMS) സംവിധാനം നടപ്പിലാക്കിയ 175 വില്ലേജുകളിൽ ഈ സംവിധാനത്തിലൂടെ ഇതിനകം 5000 ത്തിലധികം ഭൂമി കൈമാറ്റങ്ങൾ പ്രീമ്യൂട്ടേഷൻ സ്‌കെച്ച് സഹിതം പൂർത്തീകരിച്ചിട്ടുണ്ട്. പ്രീമ്യൂട്ടേഷൻ സ്‌കെച്ച് അടിസ്ഥാനമാക്കി മ്യൂട്ടേഷൻ നടപടികൾ പൂർത്തിയാക്കുന്നതിലൂടെ ഭൂരേഖകളുടെ കൃത്യത, ഉറപ്പുവരുത്തുന്നതോടൊപ്പം, ഭൂമി പോക്കുവരവ് കഴിഞ്ഞ് ഉയരാൻ സാധ്യതയുള്ള പരാതികൾ കാര്യമായി കുറയ്ക്കാനും സാധിക്കുന്നു. മുൻകാലങ്ങളിൽ ഭൂമി കൈമാറ്റ നടപടികൾ പൂർത്തിയാക്കാൻ റവന്യൂ, രജിസ്‌ട്രേഷൻ, സർവെ എന്നീ മൂന്ന് വകുപ്പുകളിലെ ഓഫീസുകളിൽ നേരിട്ട് സമീപിക്കേണ്ടയിരുന്നത് എന്റെ ഭൂമി പോർട്ടൽ മുഖേന കുറഞ്ഞ സമയത്തിനുള്ളിൽ ഭൂ സേവനങ്ങൾ കൂടുതൽ വേഗത്തിലും കൃത്യതയിലും സുതാര്യവുമായി പൂർത്തിയാക്കാനാകും. ഈ മാസത്തോടെ ഡിജിറ്റൽ സർവെ 10 ലക്ഷം ഹെക്ടർ ഭൂമിയിലെ അളവ് പൂർത്തിയാക്കാനാകും കൂടാതെ 400 വില്ലേജുകളിൽ 9(2) വിജ്ഞാപനവും 200 വില്ലേജുകളിൽ സർവെ അതിരടയാള നിയമത്തിലെ 13 വിജ്ഞാപനം പുറപ്പെടുവിച്ച് ILIMS സംവിധാനം (എന്റെ ഭൂമി പോർട്ടൽ ) ഡിജിറ്റൽ റീസർവെ രംഗത്ത് സുപ്രധാന മുന്നേറ്റം കൈവരിക്കാനാകും.


