കേസിനായി വിസിമാർ യൂണിവേഴ്സിറ്റി ഫണ്ടിൽ നിന്ന് ചെലവിട്ട ഒരു കോടി 13 ലക്ഷം തിരിച്ചടയ്‌ക്കണം, അതൊക്കെ സ്വന്തം ചിലവിൽ മതിയെന്ന് ഗവർണർ
തിരുവനന്തപുരം: ചാൻസിലർക്കെതിരെ കോടതിയിൽ കേസ് നടത്തുന്ന വിസിമാർ സ്വന്തം ചെലവിൽ കേസ് നടത്തണമെന്ന് ചാൻസിലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേസ് നടത്താൻ വിസിമാർ യൂണിവേഴ്സിറ്റി ഫണ്ടിൽ നിന്ന് ചെലവിട്ട ഒരു കോടി പതിമൂന്നു ലക്ഷം രൂപ തിരിച്ചടയ്‌ക്കാൻ ആണ് ഗവർണറുടെ ഉത്തരവ്.
ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിയമസഭയിലെ വെളിപ്പെടുത്തൽ ആണ് ഇത്തരമൊരു നീക്കത്തിലേക്ക് നയിക്കാൻ കാരണം. ഒരു കോടി 13 ലക്ഷം രൂപ ചെലവിട്ടതിന് നീതീകരണമില്ലെന്നും ധന ദുർവിനിയോഗമാണെന്നും ഇതിനായി ചെലവിട്ട തുക വിസിമാർ ഉടനടി തിരിച്ചടയച്ച് റിപ്പോർട്ട് ചെയ്യണമെന്നുമാണ് ഗവർണറുടെ ഉത്തരവ്.വിസി നിയമനത്തിൽ മാനദണ്ഡം പാലിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ച് നേരത്തെ കാലിക്കറ്റ്, സംസ്കൃത, ഓപ്പൺ, ഡിജിറ്റൽ സർവകശാല വിസിമാരെ ഗവർണർ പുറത്താക്കിയിരുന്നു. വിസിയെ നിയമിക്കാനായി പാനലിനു പകരം ഒരാളുടെ പേര് മാത്രം സമർപ്പിച്ചതും വി സി നിയമനത്തിനുള്ള സേർച്ച് കമ്മിറ്റിയിൽ ചീഫ് സെക്രട്ടറിയെ ഉൾപ്പെടുത്തിയതും അടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാണിച്ചാണ് വി സിമാരെ അയോഗ്യരാക്കാനുള്ള നീക്കം ഗവർണർ ആരംഭിച്ചത്. കാലിക്കറ്റ്, സംസ്‌കൃത സർവ്വകലാശാല വിസിമാർ ഗവർണറുടെ നടപടിക്കെതിരെ കോടതിയെ സമീപിച്ചിരുന്നു.