ചോറ്റാനിക്കരയില്‍ മകം ഉത്സവത്തിന് കൊടിയേറി, പ്രസിദ്ധമായ മകം തൊഴല്‍ മാര്‍ച്ച് 12ന്
മകം തൊഴല്‍ 12ന് ഉച്ചയ്ക്കു 2 മുതല്‍ നടക്കും

ചോറ്റാനിക്കര : മകം ഉത്സവത്തിന് ചോറ്റാനിക്കര ദേവീ ക്ഷേത്രത്തില്‍ തന്ത്രി എളവള്ളി പുലിയന്നൂർ ശങ്കരനാ രായണൻ നമ്ബൂതിരിപ്പാടിന്റെ കാർമ്മികത്വത്തില്‍ കൊടിയേറി.മാർച്ച് 15 വരെയാണു ഉത്സവാഘോഷം.
മകം തൊഴല്‍ 12ന് ഉച്ചയ്ക്കു 2 മുതല്‍ നടക്കും. 13 ന് നടക്കുന്ന പൂരം എഴുന്നള്ളിപ്പ്, 14 ലെ ഉത്രം ആറാട്ട്, 15ലെ അത്തം വലിയ ഗുരുതി എന്നിവയാണ് ഉത്സവത്തിലെ പ്രധാന ചടങ്ങുകള്‍.
മകം തൊഴലിന് പിന്നിലെ ഐതിഹ്യം
ചോറ്റാനിക്കര ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആട്ടവിശേഷമാണ് കുംഭമാസത്തിലെ മകം നക്ഷത്രവും പൗർണ്ണമിയും കൂടിയ ദിവസം നടക്കുന്ന 'മകം തൊഴല്‍'. ഈ വർഷം മാർച്ച് 12 ബുധനാഴ്ചയാണ് മകം തൊഴല്‍.
ഈ ചടങ്ങ് തുടങ്ങാൻ കാരണമായ ഒരു ഐതിഹ്യമുണ്ട്. ഇതേ കഥ തന്നെയാണ് ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്ത് താഴ്ചയില്‍ കാണപ്പെടുന്ന കീഴ്ക്കാവ് ക്ഷേത്രത്തിന്റെ ഉദ്ഭവത്തിനും കാരണം.
ഒരിയ്ക്കല്‍ വില്വമംഗലം സ്വാമിയാർ ഇവിടെ വരാനിടയായി. കുംഭമാസത്തില്‍ മകം നക്ഷത്രവും പൗർണ്ണമിയും കൂടിയ ദിവസമാണ് അദ്ദേഹം ചോറ്റാനിക്കരയിലെത്തിയത്. ക്ഷേത്രദർശനത്തിന് മുന്നോടിയായി അദ്ദേഹം ക്ഷേത്രക്കുളത്തില്‍ കുളിയ്ക്കാനിറങ്ങിയ സമയത്ത് കാലില്‍ എന്തോ തടയുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടു. തുടർന്ന് അത് എടുത്തുനോക്കിയപ്പോള്‍ അതൊരു കാളി വിഗ്രഹമാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. തുടർന്ന്, അദ്ദേഹവും ശിഷ്യഗണങ്ങളും കൂടി വിഗ്രഹം കുളത്തിന്റെ കിഴക്കേക്കരയില്‍ പടിഞ്ഞാറോട്ട് ദർശനമായി പ്രതിഷ്ഠിച്ചു. അങ്ങനെയാണ് കീഴ്ക്കാവ് ഭദ്രകാളി ക്ഷേത്രം പിറവിയെടുത്തത്.
തുടർന്ന് മേല്‍ക്കാവിലേയ്ക്ക് നോക്കിയ സ്വാമിയാർ കണ്ടത് അത്ഭുതകരമായ ഒരു ദൃശ്യമാണ്. സാക്ഷാല്‍ മഹാലക്ഷ്മിയായ ചോറ്റാനിക്കരയമ്മ ശ്രീനാരായണമേതയായി പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നതാണ്! സ്വാമിയാർ ദേവീപാദങ്ങളില്‍ വീണ് നമസ്‌കരിച്ചു. ഈ സംഭവമുണ്ടായത് കുംഭമാസത്തില്‍ മകം നാളില്‍ ഉച്ചതിരിഞ്ഞ് മിഥുനം ലഗ്നത്തിലാണ്. ഈ സമയത്താണ് ഇന്നും മകം തൊഴല്‍ ദർശനം നടത്തിവരുന്നത്. ആഗ്രഹസാഫല്യത്തിനായുള്ള വഴിപാടായാണ് ഭക്തർ മകം തൊഴീല്‍ നടത്തുന്നത്. മകം തൊഴലിന്റെ പിറ്റേ ദിവസം വരുന്ന പൂരം തൊഴലും പ്രധാനമാണ്. മകം തൊഴല്‍ ദിനത്തില്‍ മാത്രം ദേവി വലത് കൈകൊണ്ട് തന്റെ ഭക്തരെ അനുഗ്രഹിക്കുന്നു എന്നാണ് വിശ്വാസം.