ഐ എ എസ് തലപ്പത്ത് മാറ്റം അനുകുമാരി തിരുവനന്തപുരം കലക്ടർ ജോൺ വി സാമുവൽ കോട്ടയം കലക്ടർ
തിരുവനന്തപുരം:ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണതൊഴിലാളി മരിച്ചതിൽ ഹൈക്കോടതി വിമർശനത്തിന് പിന്നാലെ ഐഎഎസ് തലപ്പത്ത് മാറ്റവുമായി സർക്കാർ.പിന്നാക്കവിഭാഗ വികസന ഡയറക്ടർ ജോൺ വി.സാമുവലിനെ കോട്ടയം കലക്ടറായും കോട്ടയം കലക്ടർ വി.വിഘ്നേശ്വരിയെ ഇടുക്കി കലക്ടറായും നിയമിച്ചു. തിരുവനന്തപുരം ജില്ലാ കലക്ടർ ജെറോമിക് ജോർജിന് പിന്നാക്കവിഭാഗ വികസന വകുപ്പ് ഡയറക്ടറായി സ്ഥലംമാറ്റം. ഐടി മിഷൻ ഡയറക്ടർ അനുകുമാരിയാണു പുതിയ കലക്ടർ. സപ്ലൈകോ സിഎംഡി സ്ഥാനത്തുനിന്നു മാറ്റിയ ശേഷം പകരം നിയമനം ലഭിക്കാതിരുന്ന ശ്രീറാം വെങ്കിട്ടരാമനെ ധനകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയാക്കി. ശ്രീറാമിന്റെ ഭാര്യ രേണുരാജിനെ അടുത്തിടെ വയനാട് കലക്ടർ സ്ഥാനത്തുനിന്നു മാറ്റി പട്ടികവർഗ വകുപ്പ് ഡയറക്ടറാക്കിയിരുന്നു.ഇടുക്കി കലക്ടർ ഷീബാ ജോർജിനെ റവന്യൂ വകുപ്പ് അഡീഷനൽ സെക്രട്ടറിയായി നിയമിച്ചു. ഹൗസിങ് ബോർഡ് സെക്രട്ടറിയുടെ പൂർണ അധിക ചുമതലയും വഹിക്കും.