ലോക സര്‍വകലാശാല ഹാന്‍ഡ്ബാള്‍; ഇന്ത്യയില്‍നിന്ന് 36 അംഗ സംഘം
എം.ജി സര്‍വകലാശാലയില്‍ നടന്ന ചടങ്ങിൽ യാത്രയയപ്പ് നൽകി
കോട്ടയം: സ്പെയിനിലെ ആന്റിക്വറയില് നടക്കുന്ന ലോക സര്‍വകലാശാല ഹാന്‍ഡ്ബാള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ പുരുഷ-വനിത ടീമുകള്‍ ജൂണ്‍ 21ന് പുറപ്പെടും. എം.ജി സർവകലാശാലയിലായിരുന്നു ടീമിന്റെ പരിശീലന ക്യാമ്പ്. അസോസിയേഷന് ഓഫ് ഇന്ത്യന്‍ യൂനിവേഴ്സിറ്റീസ് ചുമതലപ്പെടുത്തിയതിനെത്തുടര്ന്ന് മഹാത്മാഗാന്ധി സര്‍കലാശാലയുടെ നേതൃത്വത്തിലായിരുന്നു ടീം സെലക്ഷന്.രാജ്യത്തെ നൂറോളം സര്‍വകലാശാലകളില്‍നിന്നുള്ള താരങ്ങള്‍ പങ്കെടുത്ത സെലക്ഷന് ട്രയല്‍സില്‍നിന്ന് 14 പേരെ വീതം ഇരു ടീമുകളിലേക്കും തെരഞ്ഞെടുത്തു. തുടർന്ന് എം.ജി കാമ്പസിൽ 20 ദിവസത്തെ പരിശീലനവും നടത്തി.
ജൂണ്‍ 24 മുതല്‍ 30 വരെ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ 36 അംഗ ഇന്ത്യന്‍ സംഘത്തെ നയിക്കുന്നത് മഹാത്മാഗാന്ധി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍ ആൻഡ് സ്പോര്‍ട്സ് ഡയറക്ടര്‍ ഡോ. ബിനു ജോര്‍ജ് വര്‍ഗീസാണ്. പഞ്ചാബി സര്‍വകലാശാലയിലെ ജസ്മീത് സിങ്ങും പഞ്ചാബിലെതന്നെ എല്‍.പി സര്‍വകലാശാലയിലെ ബിപിന്‍ പ്രീത് കൗറുമാണ് യഥാക്രമം പുരുഷ, വനിത ടീമുകളുടെ ക്യാപ്റ്റന്മാര്. പുരുഷ ടീമിന്റെ പരിശീലകൻ സി.എം. ആന്റണി മത്തായിയും വനിതകളുടേത് ജോര്‍ജ് വര്‍ഗീസുമാണ്.മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ സംഘത്തിന് യാത്രയയപ്പ് നല്കി. വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ ജഴ്സി പ്രകാശനം നിര്‍വഹിച്ചു. രജിസ്ട്രാര്‍ ഡോ. കെ. ജയചന്ദ്രന് കിറ്റ് കൈമാറി. ഡോ. ബിനു ജോര്‍ജ് വര്‍ഗീസ്, ടീം അംഗങ്ങള്‍ പരിശീലകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.