സർക്കാരിന് പുതിയ ജില്ല രൂപീകരിക്കുന്നതിന് അനുകൂല നിലപാടാണുള്ളതെന്ന് മുഖ്യമന്ത്രി
ദാരിദ്ര്യ നിർമാർജനത്തിനും വികസനത്തിനും ചെറിയ പ്രദേശങ്ങൾ ഉൾപെടുത്തി ജില്ല രൂപീകരിക്കുന്നത് ദേശീയ തലത്തിൽ ഫലപ്രാപ്തി കണ്ട വസ്തുതയാണ്.
തിരുവനന്തപുരം: നെയ്യാറ്റിൻകര ജില്ലാ രൂപീകരണ സമിതി മുഖ്യമന്ത്രിയ്ക്ക് ഭീമ ഹർജി സമർപ്പിച്ചു. നെയ്യാറ്റിൻകര ജില്ലാ രൂപീകരണ സമിതി നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകൾ കൂട്ടിയോജിപ്പിച്ച് നെയ്യാറ്റിൻകര ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യവുമായി ജനങ്ങളിൽ നിന്ന് സ്വരൂപിച്ച അര ലക്ഷം ഒപ്പുകൾ അടങ്ങിയ ഭീമഹർജി സമിതി ചെയർമാൻ ജി. ബാലകൃഷ്ണപിള്ള മുഖ്യമന്ത്രിയ്ക്ക് സമർപ്പിച്ചു. സർക്കാരിന് പുതിയ ജില്ല രൂപീകരിക്കുന്നതിന് അനുകൂല നിലപാടാണുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
1984 ൽ കാസർകോഡ് ജില്ല രൂപീകരിച്ചതിനു ശേഷം പുതിയ ജില്ലകൾ രൂപീകരിക്കാത്തതുകൊണ്ട് കേന്ദ്ര വിഹിതത്തിലും ഏകീകൃത വികസനത്തിനും സംസ്ഥാനത്തിനുണ്ടായ കനത്ത നഷ്ടം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. തമിഴ്നാടും, കർണ്ണാടകയും , ആന്ധ്രാപ്രദേശും തെലുങ്കാനയും ഈ കാലഘട്ടത്തിൽ ജില്ലകളുടെ എണ്ണം വർദ്ധിപ്പിച്ച് വലിയ നേട്ടമാണ് ഉണ്ടാക്കിയത്. ദാരിദ്ര്യ നിർമാർജനത്തിനും വികസനത്തിനും ചെറിയ പ്രദേശങ്ങൾ ഉൾപെടുത്തി ജില്ല രൂപീകരിക്കുന്നത് ദേശീയ തലത്തിൽ ഫലപ്രാപ്തി കണ്ട വസ്തുതയാണ്.