കേന്ദ്രം നാളികേര മൂല്യവർദ്ധിത പാർക്ക് അനുവദിച്ചാൽ പൂർണ പിന്തുണ നൽകുമെന്ന് മുഖ്യമന്ത്രി
നാളികേര കൃഷിക്ക് പുതിയ ഉണർവ് നൽകുന്നതിനും കർഷകർക്ക് കൂടുതൽ വരുമാനം ഉറപ്പാക്കുന്നതിനുമായി നാളികേര മൂല്യവർദ്ധിത പാർക്ക് കേരളത്തിൽ വേണമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ. സംസ്ഥാന കൃഷി വകുപ്പും നാളികേര വികസന ബോർഡും സംയുക്തമായി വഴുതക്കാട് മൗണ്ട് കാർമൽ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച ദേശീയതല നാളികേര ദിനാഘോഷം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് കേന്ദ്ര കൃഷി - കർഷക ക്ഷേമ സഹമന്ത്രി രാം നാഥ് ഠാക്കൂറിനോട് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. ഗവേഷണാടിസ്ഥാനത്തിലുള്ള നാളികേര മൂല്യവർദ്ധിത പാർക്ക് യാഥാർത്ഥ്യമാക്കാനുള്ള എല്ലാ പിന്തുണയും സംസ്ഥാന സർക്കാർ നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കേരളം എന്ന പേര് തന്നെ തെങ്ങുമായി ബന്ധപ്പെട്ടതാണെന്നും ഏകദേശം 50 വർഷം മുമ്പ് ഇന്ത്യയിലെ നാളികേര ഉൽപാദനത്തിന്റെ 65 ശതമാനവും കേരളത്തിലായിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ന് നാളികേര ഉൽപാദനത്തിലും ഉൽപാദനക്ഷമതയിലും തമിഴ്നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ കേരളത്തേക്കാൾ മികച്ച മുന്നേറ്റം നടത്തുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നാളികേരത്തെ തോട്ടവിളയായാണ് പരിഗണിക്കുന്നത്. ശാസ്ത്രീയമായ അകലത്തിൽ തൈകൾ നടാനും മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തിൽ കൃത്യമായി വളപ്രയോഗം നടത്താനും ഇതുവഴി സാധിക്കും. ചെറിയ കൃഷിയിടങ്ങളുടെ പ്രത്യേകതകൾ കാരണം രോഗപ്രതിരോധം ഉൾപ്പെടെയുള്ളവയിൽ ശാസ്ത്രീയമായ ഏകീകൃത സമീപനം കേരളത്തിന് ബുദ്ധിമുട്ടാണെങ്കിലും നാളികേര കൃഷി തോട്ടവിളയായി മാറ്റുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ട്. നാളികേരത്തിൽ മൂല്യവർദ്ധന നടത്തുന്നതിലൂടെ കർഷകർക്ക് നിലവിലെ വിലയേക്കാൾ 50 ശതമാനം വരെ കൂടുതൽ വരുമാനം നൽകാൻ കഴിയും. ഇതിനുള്ള സാധ്യതകൾ പരിശോധിക്കും. പാക്ക് ചെയ്ത കരിക്കിൻ വെള്ളം ഉൾപ്പെടെയുള്ള നാളികേര ഉൽപന്നങ്ങളുടെ വിപണന സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി കൂടുതൽ ഗവേഷണങ്ങൾ നടത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. നാളികേര ഉൽപ്പാദനത്തിൽ സംസ്ഥാനങ്ങൾ കൂടുതലായി മുന്നോട്ട് വരണമെന്നും നാളികേര കർഷകർ പുരോഗതി കൈവരിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്നും ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന കേന്ദ്ര കൃഷി - കർഷക ക്ഷേമ സഹമന്ത്രി രാം നാഥ് ഠാക്കൂർ പറഞ്ഞു. നാളികേരത്തിൽ നിന്നും മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കാനും കയറ്റുമതിക്ക് പ്രാധാന്യം നൽകാനും സർക്കാർ ലക്ഷ്യമിടുന്നതായും ഇതിനായി കേന്ദ്ര സർക്കാരിന്റെ പിന്തുണ സംസ്ഥാനം അഭ്യർഥിച്ചിട്ടുണ്ടെന്നും ചടങ്ങിൽ അദ്ധ്യക്ഷനായ കൃഷി മന്ത്രി ടി സിദ്ദിഖ് പറഞ്ഞു. നാളികേര വികസന ബോർഡിന്റെ അവാർഡുകൾ കേന്ദ്ര സഹമന്ത്രി വിതരണം ചെയ്തു. നന്മ നിറഞ്ഞ കേരളം റേഡിയോ പ്രോഗ്രാമിന്റെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. എം പി മാരായ കൊടിക്കുന്നിൽ സുരേഷ്, എം കെ രാഘവൻ, നാളികേര വികസന ബോർഡ് ചെയർമാൻ ശുഭ നാഗരാജൻ, ചീഫ് കോക്കനട്ട് ഡെവലപ്മെന്റ് ഓഫീസർ ഡോ. ബി ഹനുമാന്ത ഗൗഡ, ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ദീപ ഡി നായർ, കേന്ദ്ര ഹോർട്ടികൾച്ചർ കമ്മീഷണർ ഡോ. പ്രഭാത് കുമാർ തുടങ്ങിയവർ സന്നിഹിതരായി. അനിശ്ചിതത്വത്തിന്റെ കാലത്ത് 'നാളികേരം ഭക്ഷ്യ, ഊർജ, ഉപജീവന സുരക്ഷ' എന്നതാണ് ഈ വർഷത്തെ പ്രമേയം. മേഖലയിലെ ശാസ്ത്രജ്ഞരും നാളികേര കർഷകരും പങ്കെടുത്ത പരിപാടിയിൽ നാളികേര മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ പ്രദർശനവും ഒരുക്കിയിരുന്നു.


