മഠത്തുംചാൽ-മുക്കൂട്ടുതറ റോഡ് പൂർത്തീകരണത്തിന് 17.75 കോടിയുടെ ടെൻഡറായി:പ്രമോദ് നാരായൺ എംഎൽഎ
17.75 കോടി
റാന്നി: കൊറ്റനാട് പഞ്ചായത്തിലെ മഠത്തുചാലിൽ ആരംഭിച്ച് മുക്കൂട്ടുതറയിൽ അവസാനിക്കുന്ന റോഡിന്റെ നിർമാണം പൂർത്തീകരിക്കുന്നതിന് 17.75 കോടി രൂപയുടെ പ്രവൃത്തികൾക്കുള്ള ടെൻഡർ ക്ഷണിച്ചതായി പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കിഫ്ബി സഹായത്തോടെ ആരംഭിച്ച പദ്ധതി നാലുവർഷമായി മുടങ്ങിക്കിടക്കുകയായിരുന്നു. 31.2 കിലോമീറ്റർ റോഡിന്റെ ബിഎം ടാറിംഗ് പൂർത്തിയായെങ്കിലും ബിസി പൂർത്തീകരിക്കാനും റോഡിന്റെ സംരക്ഷണഭിത്തി നിർമിക്കുന്നതിനും ഐറിഷ് ചെയ്യുന്നതിനും ആവശ്യമായ തുക കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. വിവിധ സാങ്കേതിക തടസങ്ങളും നിർമാണത്തെ ബാധിച്ചു.
വിഷയം മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തുകയും കിഫ്ബി ഉന്നത ഉദ്യോഗസ്ഥ തലത്തിൽ നിരവധി യോഗങ്ങൾ വിളിച്ചുചേർക്കുകയും നിരന്തര ഇടപെടൽ നടത്തുകയും ചെയ്തതിന്റെ ഫലമാണ് റോഡ് പൂർത്തീകരണത്തിനായി ഫണ്ട് അനുവദിച്ചതെന്ന് എംഎൽഎ പറഞ്ഞു.
ഇതേത്തുടർന്ന് റോഡിന്റെ നിർവഹണച്ചുമതലയുള്ള കേരള റോഡ് ഫണ്ട് ബോർഡ് റോഡിൻറെ പൂർത്തീകരണത്തിനായി പുതിയ എസ്റ്റിമേറ്റ് തയാറാക്കി കിഫ്ബിയുടെ സാമ്പത്തിക അനുമതിക്കായി സമർപ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കിഫ്ബി എക്സിക്യൂട്ടീവ് യോഗം പുതുക്കിയ ഭരണാനുമതി നൽകുകയും ചെയ്തു. നിലവിലെ കരാറുകാരന് നൽകാനുള്ള തുക പൂർണമായും കൊടുത്തുതീർത്തു നിയമപരമായി കരാർ റദ്ദ് ചെയ്യുകയുമുണ്ടായി..ഭരണാനുമതി ലഭിച്ച തുകയിൽ 4.19 കോടി രൂപ ജലഅഥോറിറ്റി പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുന്നതിനും 2.05 കോടി രൂപ കെഎസ്ഇബി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്നതിനും നൽകി. റോഡിന്റെ ബിസി ടാറിംഗ് പൂർത്തീകരിക്കുന്നതിനും റോഡിന്റെ വശങ്ങൾ കെട്ടി സംരക്ഷിക്കുന്നതിനും ഉൾപ്പെടെ 17.75 കോടി രൂപയുടെ സിവിൽ പ്രവൃത്തികൾക്കാണ് സാങ്കേതിക അനുമതിയോടെ ടെൻഡർ ക്ഷണിച്ചിട്ടുള്ളത്.
റോഡിൻറെ പകുതി ഭാഗം ഉയർന്നു നിൽക്കുന്നത് അപകടങ്ങൾക്ക് കാരണമായിരുന്നു. ഇതടക്കമുള്ള ജനങ്ങളുടെ യാത്രാപ്രശ്നങ്ങളും റോഡിന്റെ പ്രാധാന്യവും സർക്കാരിന്റെയും കിഫ്ബി ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെയും ശ്രദ്ധയിൽപെടുത്തി കൃത്യമായ ഇടപെടൽ നടത്താനായതിന്റെ ഫലമായാണ് തുക അനുവദിച്ചതെന്ന് പ്രമോദ് നാരായൺ പറഞ്ഞു.