കൃഷി ഭവനുകള്‍ കേന്ദ്രീകരിച്ച് മണ്ണ് പരിശോധന ലാബുകള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കും : കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ് ; ഇന്‍ഫാം ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയിലിന്റെ ആവശ്യത്തിന് അതേ വേദിയില്‍ തന്നെ അംഗീകാരം

സംസ്ഥാനത്ത് റബറിന്റെ വില 300 രൂപയാക്കുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതായി ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍. നെല്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും വന്യമൃഗ ആക്രമണം തടയാന്‍ പുരാതനവും ആധുനികവുമായ സംവിധാനങ്ങളെ സംയോജിപ്പിച്ചുകൊണ്ട് നടപടി കൈക്കൊള്ളുമെന്നും ആവശ്യമായ ഭൂനിയമ ഭേദഗതികള്‍ ഉണ്ടാക്കുമെന്നുമുള്ള അദ്ദേഹത്തിന്റെ കര്‍ഷകദിനത്തിലെ പ്രഖ്യാപനം പ്രതീക്ഷയോടെയാണ് ഇന്‍ഫാം നോക്കിക്കാണുന്നതെന്നും ഫാ. തോമസ് മറ്റമുണ്ടയില്‍ കൂട്ടിച്ചേര്‍ത്തു.

Aug 18, 2026
കൃഷി ഭവനുകള്‍ കേന്ദ്രീകരിച്ച് മണ്ണ് പരിശോധന ലാബുകള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കും : കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ് ;   ഇന്‍ഫാം ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയിലിന്റെ ആവശ്യത്തിന് അതേ വേദിയില്‍ തന്നെ അംഗീകാരം
T SIDDIQ agriculture minister

കാഞ്ഞിരപ്പള്ളി: കൃഷി ഭവനുകള്‍ കേന്ദ്രീകരിച്ച് മണ്ണ് പരിശോധന ലാബുകള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമെന്ന്  സംസ്ഥാന കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ്. മണ്ണിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് ഇപ്പോള്‍ ജില്ലകള്‍ തോറുമുള്ള മണ്ണ് പരിശോധനാലാബുകള്‍ അപര്യാപ്തമായതിനാല്‍ താലൂക്കുകള്‍ തോറും മണ്ണ് പരിശോധനാ ലാബുകള്‍ സ്ഥാപിക്കണമെന്ന ഇന്‍ഫാം ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയിലിന്റെ ആവശ്യത്തിന് അതേ വേദിയില്‍ തന്നെ അംഗീകാരം നല്‍കുകയായിരുന്നു കൃഷിമന്ത്രി.
വിപണിയില്‍ വില്‍ക്കപ്പെടുന്ന ജൈവ വളങ്ങളുടെയും ജീവാണു വളങ്ങളുടെയും ഗുണനിലവാര പരിശോധനയ്ക്ക് ജില്ലാ അടിസ്ഥാനത്തിലെങ്കിലും ബയോ കണ്‍ട്രോള്‍ ലാബുകള്‍ സ്ഥാപിക്കണമെന്നും ഇത് കാര്‍ഷിക മേഖലയ്ക്ക്് ഒരു അനുഗ്രഹവും ഒപ്പം അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് ഒരു തൊഴില്‍ സാധ്യതയുമായി മാറുമെന്നും  ഫാ. തോമസ് മറ്റമുണ്ടയില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യവും സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കി. ഇന്‍ഫാം കര്‍ഷകദിനാചരണവും കിസാന്‍ ജെംസ് എക്‌സലന്‍സ് അവാര്‍ഡ് വിതരണവും പൊടിമറ്റം സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
ഭക്ഷ്യ സുരക്ഷയ്ക്കായി ഇന്‍ഫാം ആവിഷ്‌കരിച്ച പച്ചപ്പൊലിമയെന്ന പഞ്ചവത്സര പദ്ധതിയോട് ചേര്‍ന്ന് നില്‍ക്കാന്‍ കൃഷി വകുപ്പ് പദ്ധതികള്‍ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.. സുഭിക്ഷ ഭാരതത്തിന് സുരക്ഷിത ഭക്ഷണം ഒരുക്കാനുള്ള ഇന്‍ഫാം നടപ്പാക്കുന്ന പദ്ധതികള്‍ അഭിനന്ദനാര്‍ഹമാണ്. കാര്‍ഷിക മേഖലയിലേക്ക് പുതു തലമുറയെ എത്തിക്കാനായി സ്‌കൂള്‍ തലത്തില്‍ കാര്‍ഷിക ക്ലബുകള്‍ ആരംഭിച്ചു കൊണ്ടിരിക്കുന്നു. കൃഷിയില്‍ ഏര്‍പ്പെടുന്ന കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് കൊടുക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുന്ന പദ്ധതിയും കൃഷി വകുപ്പ് നടപ്പാക്കും. വന്യ മൃഗ ശല്യം തടയുന്നതിന് 192 കോടി രൂപ വനം വകുപ്പിന് കൈമാറി പദ്ധതികള്‍ ആവിഷ്‌കരിച്ചു മുന്നോട്ടു പോകുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഭക്ഷണം ഒരുക്കുന്ന അന്നദാതാക്കളാണ് കര്‍ഷകരെന്നും അവരെ ആദരിക്കേണ്ടത് ആവശ്യമാണെന്നും യോഗത്തില്‍ അധ്യക്ഷതവഹിച്ച കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല സഹ രക്ഷാധികാരി ഫാ. ജോസഫ് വെള്ളമറ്റം പറഞ്ഞു. കര്‍ഷകര്‍ ചെയ്യുന്ന ജോലി അവര്‍ക്കു വേണ്ടി മാത്രമല്ല, സമൂഹത്തിനും വേണ്ടിയാണ്. കര്‍ഷകരുടെ മക്കളെ ആദരിക്കുമ്പോള്‍ കര്‍ഷക കുടുംബത്തെ ബഹുമാനിക്കുകയാണ് ചെയ്യുന്നത്. കേരളം കര്‍ഷകരുടെയും കൃഷിയുടെയും ഇടമാണ്. കര്‍ഷകരെ  സംഘടിതരാക്കാന്‍ ഇന്‍ഫാമിന് കഴിഞ്ഞിട്ടുണ്ടെന്നും ഫാ.ഡോ. ജോസഫ് വെള്ളമറ്റം കൂട്ടിച്ചേര്‍ത്തു.
പഠനത്തില്‍ കൃഷി ഒരു വിഷയമായി പരിഗണിക്കുകയും അതിന് ഗ്രേസ്മാര്‍ക്ക് നല്‍കാനുമുള്ള സര്‍ക്കാരിന്റെ തീരുമാനം ശ്ലാഖനീയമാണെന്ന്  ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല സഹ രക്ഷാധികാരി ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ അനുമോദന പ്രസംഗത്തില്‍ പറഞ്ഞു.

ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല പ്രസിഡന്റ് തോമസ് തുപ്പലഞ്ഞിയില്‍, അവാര്‍ഡ് ജേതാക്കളുടെ രക്ഷിതാവിന്റെ പ്രതിനിധി ഡെയ്‌സി സാബു വേങ്ങവേലില്‍, മഹിളാസമാജ് വൈസ് പ്രസിഡന്റ് ആന്‍സമ്മ സാജു കൊച്ചുവീട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

സംഘടനാംഗങ്ങളായ കര്‍ഷകരുടെ മക്കളില്‍ പത്താം ക്ലാസിലും പ്ലസ്ടുവിലും എല്ലാ വിഷയങ്ങള്‍ക്കും ഫുള്‍ എ പ്ലസ് നേടിയ  കുട്ടികളെയാണ് ഇന്‍ഫാം കിസാന്‍ ജെംസ് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചത്. കാഞ്ഞിരപ്പള്ളി, ഇടുക്കി, പാലാ, കോതമംഗലം, ആലപ്പുഴ, പുനലൂര്‍ കാര്‍ഷികജില്ലകളില്‍ നിന്നുള്ള 238 വിദ്യാര്‍ഥികള്‍ക്ക് സ്വര്‍ണ കോയിനും ഫലകവും മറ്റു സമ്മാനങ്ങളും നല്‍കി.  കുട്ടികള്‍ക്കൊപ്പം അവരുടെ മാതാപിതാക്കളെയും ആദരിച്ചത് ശ്രദ്ധേയമായി.

കൂടാതെ വിവിധ കാര്‍ഷികജില്ലകളുടെപ്രവര്‍ത്തന മികവിന് സംഘടന ഏര്‍പ്പെടുത്തിയ ഇന്‍ഫാം കിസാന്‍ എക്‌സിക്യൂട്ടീവ് എക്‌സലന്‍സ് അവാര്‍ഡുകളും ഇന്‍ഫാം സംഘടനാംഗങ്ങളായ കര്‍ഷകരില്‍ നിന്ന് സമാഹരിച്ച കാര്‍ഷിക വിളകള്‍ മൂല്യവര്‍ധിതമാക്കി വിപണിയില്‍ വിറ്റുകിട്ടിയ ലാഭത്തിന്റെ ഒരു വിഹിതം കര്‍ഷകര്‍ക്ക് നല്‍കുന്ന 'ഇന്‍ഫാം കിസാന്‍ ഫെയര്‍ ട്രേഡ് പ്രീമിയ'ത്തിന്റെ വിതരണവും നടന്നു.

"സംസ്ഥാനത്ത് റബറിന്റെ വില 300 രൂപയാക്കുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതായി ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍.  നെല്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും വന്യമൃഗ ആക്രമണം തടയാന്‍ പുരാതനവും ആധുനികവുമായ സംവിധാനങ്ങളെ സംയോജിപ്പിച്ചുകൊണ്ട് നടപടി കൈക്കൊള്ളുമെന്നും ആവശ്യമായ ഭൂനിയമ ഭേദഗതികള്‍ ഉണ്ടാക്കുമെന്നുമുള്ള അദ്ദേഹത്തിന്റെ കര്‍ഷകദിനത്തിലെ പ്രഖ്യാപനം പ്രതീക്ഷയോടെയാണ് ഇന്‍ഫാം നോക്കിക്കാണുന്നതെന്നും ഫാ. തോമസ് മറ്റമുണ്ടയില്‍ കൂട്ടിച്ചേര്‍ത്തു"

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.