വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ സ്ത്രീക്ക് ദാരുണാന്ത്യം
വയനാട്ടിൽ വീണ്ടും ജീവനെടുത്ത് വന്യജീവി ആക്രമണം
മാനന്തവാടി : വയനാട്ടിൽ വീണ്ടും ജീവനെടുത്ത് വന്യജീവി ആക്രമണം. മാനന്തവാടിക്കു സമീപമുള്ള പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ ആദിവാസി യുവതിയുടെ ജീവനാണ് നഷ്ടമായത്. വനംവകുപ്പ് താൽകാലിക വാച്ചർ അപ്പച്ചന്റെ ഭാര്യ രാധയാണ് മരിച്ചത്. പ്രിയദർശിനി എസ്റ്റേറ്റിന് മുകളിലെ തോട്ടത്തിൽ കാപ്പി പറിക്കാൻ പോയപ്പോഴാണ് രാധയെ കടുവ ആക്രമിച്ചതെന്നാണ് കരുതുന്നത്.
രാധയെ കടുവ ആക്രമിച്ച ശേഷം വലിച്ചിഴച്ചുവെന്നും പ്രദേശവാസികൾ പറയുന്നു.വനംവകുപ്പ് ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവർ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. സ്ഥലത്ത് നാട്ടുകാർ പ്രതിഷേധം തുടരുകയാണ്.
10 ദിവസം മുമ്പ് പുൽപ്പള്ളിയിൽ കടുവയെ പിടികൂടിയിരുന്നു. വയനാട്ടിൽ പലയിടത്തും കടുവയുടെ സാന്നിധ്യമുണ്ട്. പല പ്രദേശങ്ങളിലും കടുവയുടെ ആക്രമണം വർധിച്ചിട്ടുമുണ്ട്.