അണ്ടർ 19 വനിതാ ക്രിക്കറ്റ് ലോകകപ്പ് ;ഇന്ത്യ സൂപ്പര്‍ സിക്‌സില്‍
അണ്ടര്‍ 19 വനിത ട്വന്റി ട്വന്റി ലോക കപ്പില്‍ തുടര്‍ച്ചയായ മൂന്നാം ജയത്തോടെ ഇന്ത്യ സൂപ്പര്‍ സിക്‌സിലേക്ക് മന്നേറി. അവസാന ഗ്രൂപ്പ് മത്സരത്തില്‍ 60 റണ്‍സിന് ശ്രീലങ്കയെയാണ് പരാജയപ്പെടുത്തിയത്
കോലാലംപുർ : അണ്ടർ 19 വനിതാ ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ ഗ്രൂപ്പിലെ അവസാനമത്സരത്തിൽ ശ്രീലങ്കയെ 60 റണ്ണിന് തോൽപ്പിച്ചു. മൂന്നു കളിയും ജയിച്ച് ഗ്രൂപ്പ് ജേതാക്കളായാണ് ഇന്ത്യ സൂപ്പർ സിക്‌സിലേക്ക് മുന്നേറിയത്.സ്‌കോർ: ഇന്ത്യ 118/9, ശ്രീലങ്ക 58/9.
ഓപ്പണർ ജി തൃഷ 49 റണ്ണുമായി കളിയിലെ താരമായി. മിഥില വിനോദ് (16), വി ജെ ജോഷിത (14), ക്യാപ്‌റ്റൻ നികി പ്രസാദ് (11) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു ബാറ്റർമാർ. വയനാട്ടുകാരി ജോഷിതയുടേത് ഓൾറൗണ്ട് പ്രകടനമായിരുന്നു.
ഒമ്പതു പന്തിൽ ഓരോ സിക്‌സറും ഫോറുമടിച്ചു. പേസ് ബൗളറായ പതിനെട്ടുകാരി മൂന്ന് ഓവറിൽ 17 റൺ വഴങ്ങി രണ്ട് വിക്കറ്റും സ്വന്തമാക്കി. ഒരു റണ്ണൗട്ടിൽ പങ്കാളിയായപ്പോൾ ഒരു ക്യാച്ചുമെടുത്തു. ഷബ്‌നം മുഹമ്മദ് ഷകീറിനും പരുണിക സിസോദിയക്കും രണ്ട് വിക്കറ്റ് വീതമുണ്ട്. ലങ്കൻ നിരയിൽ ഇരട്ട അക്കം കടന്നത് രഷ്‌മിക സെവാണ്ടി (15) മാത്രം.ഗ്രൂപ്പ് എയിൽ ഇന്ത്യക്കുപിറകിൽ ലങ്കയും വെസ്‌റ്റിൻഡീസും സൂപ്പർ സിക്‌സിലെത്തി. 26ന് ബംഗ്ലാദേശും 28ന് സ്‌കോട്ട്‌ലൻഡുമാണ് സൂപ്പർ സിക്‌സിലെ എതിരാളികൾ.