നിപ്മറിൽ ഭിന്നശേഷിക്കാർക്ക് തൊഴിൽപരിശീലനം; ഫെബ്രുവരി അഞ്ചിനകം അപേക്ഷിക്കണം
18-നും 30-നും ഇടയില്‍ പ്രായമുള്ള ഭിന്നശേഷിക്കാരായ യുവതീയുവാക്കള്‍ക്ക് അപേക്ഷിക്കാം
തൃശ്ശൂര്‍ : സാമൂഹ്യനീതി വകുപ്പിനു കീഴില്‍ തൃശ്ശൂര്‍ ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ (നിപ്മര്‍), ഭിന്നശേഷിക്കാര്‍ക്ക് വിവിധ മേഖലകളില്‍ തൊഴില്‍ പരിശീലനം ആരംഭിക്കുകയാണെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു.
18-നും 30-നും ഇടയില്‍ പ്രായമുള്ള ഭിന്നശേഷിക്കാരായ യുവതീയുവാക്കള്‍ക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ ട്രെയിനിങ്, ബേക്കിങ് ആന്‍ഡ് കണ്‍ഫെക്ഷണറി കോഴ്‌സ്, ഹോര്‍ട്ടികള്‍ച്ചര്‍ നേഴ്‌സറി മാനേജ്‌മെന്റ് ആന്‍ഡ് ഓര്‍ഗാനിക് ഫാമിങ്, ടെയ്‌ലറിങ്, ഹൗസ് കീപ്പിങ് എന്നീ മേഖലകളിലാണ് പരിശീലനം. എംപവര്‍മെന്റ് ത്രൂ വൊക്കേഷനലൈസേഷന്‍ (എം -വോക്) പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പരിശീലനം നല്‍കുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വിദ്ഗ്ധരുടെ വിശദമായ വിലയിരുത്തലുകള്‍ക്കു ശേഷമാണ് ഓരോ വ്യക്തിക്കും അനുയോജ്യമായ തൊഴില്‍ മേഖലകള്‍ കണ്ടെത്തുക. തൊഴില്‍പഠനത്തോടൊപ്പം സാമൂഹിക ഇടപെടല്‍, വ്യക്തിത്വ വികാസം എന്നിവയിലും പരിശീലനം നല്‍കും. 2025 ഫെബ്രുവരി അഞ്ചിനകം 9288099586 എന്ന നമ്പറില്‍ രാവിലെ ഒമ്പതിനും വൈകീട്ട് നാലിനുമിടയ്ക്ക് ബന്ധപ്പെടണമെന്നും മന്ത്രി അറിയിച്ചു.