ഒളിമ്പിക്‌സില്‍ എട്ടിനങ്ങളില്‍ ഇന്ത്യ ഇന്നിറങ്ങും
21 ഷൂട്ടർമാരാണ് ഇന്ത്യക്കായി മത്സരിക്കുന്നത്. ഒളിമ്പിക്‌സിലെ ഏറ്റവും വലിയ ഷൂട്ടിങ് സംഘമാണിത്. 15 വിഭാഗങ്ങളിലാണ് മത്സരിക്കുന്നത്.
പാരീസ് : ആദ്യദിനത്തിൽതന്നെ മെഡൽ തീരുമാനമാകുന്ന ഇനങ്ങളിലൊന്നാണ് ഷൂട്ടിങ്. 10 മീറ്റർ എയർറൈഫിൾ മിക്‌സഡ് ഇനത്തിൽ ഫൈനൽ മത്സരം നടക്കും. ഇന്ത്യക്കായി സന്ദീപ് സിങ്-എളവേണിൽ വളറിവാൻ, അർജുൻ ബാബുട്ട-രമിത ജിൻഡാൻ സഖ്യങ്ങൾ മത്സരിക്കുന്നുണ്ട്. ഇതിനുപുറമേ 10 മീറ്റർ എയർപിസ്റ്റൾ പുരുഷവിഭാഗത്തിൽ സരബ്‌ജ്യോത് സിങ്, അർജുൻ ചീമ എന്നിവരും വനിതാവിഭാഗത്തിൽ മനു ഭേക്കർ, റിഥം സാങ്‌വാൻ എന്നിവരും യോഗ്യതാറൗണ്ടിൽ മത്സരിക്കും. ഇന്ത്യ ഏറെ പ്രതീക്ഷവെക്കുന്ന വിഭാഗമാണിത്.
12 വർഷത്തെ മെഡൽവരൾച്ച പാരീസിൽ അവസാനിപ്പിക്കാമെന്നാണ് ഇന്ത്യൻ ഷൂട്ടർമാർ പ്രതീക്ഷിക്കുന്നത്. ടോക്യോ ഒളിമ്പിക്‌സിൽ നിരാശപ്പെടുന്ന പ്രകടനമാണുണ്ടായത്. കഴിഞ്ഞ ഒളിമ്പിക്‌സിൽ 10 മീറ്റർ എയർ റൈഫിൾ മിക്‌സഡ് ഇനത്തിൽ ദിവ്യാൻഷ് സിങ് പൻവാർ-എളവേണിൽ വളറിവാൻ സഖ്യം 12-ാമതും ദീപക് കുമാർ-അൻജും മൗദ്ഗിൽ സഖ്യം 18-ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. ഇത്തവണ ലോകറാങ്കിങ്ങിൽ 20-ാം സ്ഥാനത്തുള്ള എളവേണിൽ 16-ാം റാങ്കുകാരനായ സന്ദീപ് സിങ്ങിനൊപ്പമാണ് മത്സരിക്കുന്നത്. 14-ാം റാങ്കുകാരനായ അർജുനും 19-ാംറാങ്കുകാരി രമിതയും ഒരുമിച്ചിറങ്ങും. ഈ വിഭാഗത്തിൽ അപ്രതീക്ഷിതപ്രകടനമുണ്ടായാൽ മെഡൽസാധ്യതയുണ്ട്.മുൻ ലോക ഒന്നാംനമ്പർ താരമായ മനു ഭേക്കർ പ്രതിസന്ധികളെ മറികടന്ന് തിരിച്ചുവരവാണ് മോഹിക്കുന്നത്. നിലവിൽ ലോക മൂന്നാംനമ്പറായ റിഥം സാങ്‌വാൻ 2022 ലോകചാമ്പ്യൻഷിപ്പിൽ വെള്ളിനേടിയിട്ടുണ്ട്.
21 ഷൂട്ടർമാരാണ് ഇന്ത്യക്കായി മത്സരിക്കുന്നത്. ഒളിമ്പിക്‌സിലെ ഏറ്റവും വലിയ ഷൂട്ടിങ് സംഘമാണിത്. 15 വിഭാഗങ്ങളിലാണ് മത്സരിക്കുന്നത്. ചരിത്രത്തിൽ സ്വർണമടക്കം നാല് മെഡലുകൾ നേടിയ കഥപറയാനുണ്ട് ഇന്ത്യൻ സംഘത്തിന്.
അതേസമയം 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ സരബ്‌ജോത് സിങ്, മനു ഭേക്കർ, റിഥം സാങ്‌വാൻ എന്നിവർ മെഡൽപ്രതീക്ഷകളാണ്. മ്യൂണിക് ലോകകപ്പിൽ സ്വർണവും 2023-ലെ ഏഷ്യൻ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ വെങ്കലും നേടിയ താരമാണ് സരബ്‌ജോത്. അർജുൻ ഹാങ്ഷു ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ടീമിൽ അംഗമാണ്.