ഋഷഭ് പന്തിന് ഒരു കളിയിൽ വിലക്ക് ഏർപ്പെടുത്തി ഐപിഎൽ ഭരണസമിതി
രാജസ്ഥാന് റോയല്സിനെതിരായ പോരാട്ടത്തില് കുറഞ്ഞ ഓവര് നിരക്കിനാണ് ശിക്ഷ
ന്യൂഡൽഹി: ഡല്ഹി ക്യാപിറ്റല്സ് ക്യാപ്റ്റൻ ഋഷഭ് പന്തിന് ഒരു കളിയിൽ വിലക്ക് ഏർപ്പെടുത്തി ഐപിഎൽ ഭരണസമിതി. രാജസ്ഥാന് റോയല്സിനെതിരായ പോരാട്ടത്തില് കുറഞ്ഞ ഓവര് നിരക്കിനാണ് ശിക്ഷ. വിലക്കിനൊപ്പം പന്ത് 30 ലക്ഷം പിഴയുമൊടുക്കണം.
പന്തിനൊപ്പം ടീം അംഗങ്ങള്ക്കും പിഴ ശിക്ഷയുണ്ട്. ടീം അംഗങ്ങള് 12 ലക്ഷം രൂപ വീതമാണ് പിഴയൊടുക്കേണ്ടത്. ഇത് മൂന്നാം തവണയാണ് ഡല്ഹി ടീം നിശ്ചിത സമയത്ത് ഓവര് എറിഞ്ഞു തീര്ക്കാതെ ശിക്ഷയില്പ്പെടുന്നത്. ഇതോടെയാണ് പന്തിനു വിലക്ക് വന്നത്.ഇതോടെ ഞായറാഴ്ച റോയൽ ചലഞ്ചേഴ്സ് ബാംഗുളൂരുവിനെതിരെ നടക്കുന്ന നിര്ണായക മത്സരം പന്തിന് നഷ്ടമാകും. ഈ മത്സരം തോറ്റാല് ഡല്ഹിയുടെ പ്ലേ ഓഫ് സാധ്യതകളും ഏതാണ്ട് അവസാനിക്കും. നിലവില് ഐപിഎല് പട്ടികയില് 12 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ഡല്ഹി.