63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന്തുടക്കം
തിരുവനന്തപുരം : 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് കൊടിയേറും. രാവിലെ ഒന്‍പതിന് സെൻട്രൽ സ്റ്റേഡിയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് പതാക ഉയർത്തും.തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കൽവിളക്കിൽ തിരിതെളിച്ച് ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. 44 വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന നൃത്തശില്പത്തോടെയാണ് ചടങ്ങുകള്‍ തുടങ്ങുക.ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വയനാട് വെള്ളാര്‍മല സ്കൂളിലെ വിദ്യാർഥികളുടെ നൃത്തവും ഉദ്ഘാടന ചടങ്ങില്‍ അരങ്ങേറും. 25 വേദികളിലായി 249 മത്സരയിനങ്ങളിൽ പതിനയ്യായിരത്തിലേറെ വിദ്യാർഥികളാണ് പങ്കെടുക്കുന്നത്.ഹയര്‍ സെക്കൻഡറി വിഭാഗം പെണ്‍കുട്ടികളുടെ സംഘനൃത്തവും, ഒപ്പനയും, ഹൈസ്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മാര്‍ഗംകളിയും ആദ്യദിനം തന്നെ വേദിയിലെത്തും.ഒമ്പതാണ്ടുകളുടെ ഇടവേളക്ക് ശേഷമാണ് തലസ്ഥാനത്ത് സംസ്ഥാന സ്കൂൾ കലോത്സവമെത്തുന്നത്. 249 ഇനങ്ങളിൽ 15000ത്തോളം പ്രതിഭകളാണ് വേദികളിൽ നിറയുക. വെള്ളിയാഴ്ച രാവിലെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ പാലുകാച്ചിയതോടെ ഊട്ടുപുരയും സജീവമായി. കലോത്സവ ചരിത്രത്തിലാദ്യമായി തദ്ദേശീയ ജനതയുടെ നൃത്തരൂപങ്ങളായ മംഗലംകളി, പണിയനൃത്തം, പളിയ നൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം എന്നിവ പുതിയ ഇനങ്ങളായി ഉൾപ്പെടുത്തിയിട്ടുണ്ട്.വിജയികളാകുന്ന ടീമിനുള്ള നൂറ്റിപതിനേഴര പവൻ വരുന്ന മോഹക്കപ്പ് ജില്ലകളിലെ പ്രയാണം പൂർത്തിയാക്കി വെള്ളിയാഴ്ച വൈകീട്ട് കലോത്സവത്തിന്റെ പ്രധാനവേദിയായ സെൻട്രൽ സ്റ്റേഡിയത്തിലെത്തി.