വാക്-ഇൻ-ഇന്റർവ്യൂ ജൂലൈ 23-ന്

Jul 14, 2026
വാക്-ഇൻ-ഇന്റർവ്യൂ ജൂലൈ 23-ന്

എറണാകുളം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ആശുപത്രി വികസന സൊസൈറ്റി (HDS) മുഖേന ജൂനിയർ റസിഡന്റ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. MBBS യോഗ്യതയുള്ളവർക്കാണ് അവസരം; പ്രതിമാസ വേതനം 45,000 രൂപയാണ്. ആറുമാസക്കാലയളവിലേക്കാണ് ഈ നിയമനം. താല്പര്യമുള്ള ഉദ്യോഗാർഥികൾ വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം 2026 ജൂലൈ 23-ന് എറണാകുളം മെഡിക്കൽ കോളേജിലെ മെഡിക്കൽ സൂപ്രണ്ട് ഓഫീസിന് സമീപമുള്ള കൺട്രോൾ റൂമിൽ വച്ച് നടക്കുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്. അന്നേ ദിവസം രാവിലെ 10:30 മുതൽ 11:00 വരെയായിരിക്കും രജിസ്ട്രേഷൻ സമയം. കൂടുതൽ വിവരങ്ങൾക്ക് 0484-2754000 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. *ലോകായുക്ത ക്യാമ്പ്* കേരള ലോകായുക്തയുടെ വിവിധ ക്യാമ്പ് സിറ്റിംഗുകൾ 2026 ജൂലൈ 21 മുതൽ 24 വരെയുള്ള തീയതികളിൽ തൃശ്ശൂർ, മൂവാറ്റുപുഴ, കോട്ടയം എന്നിവിടങ്ങളിൽ വെച്ച് നടക്കും. ജൂലൈ 21, 22 തീയതികളിൽ രാവിലെ 10.30-ന് തൃശ്ശൂർ ഗവൺമെന്റ്റ് ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിലാണ് സിറ്റിംഗ്. ഇതിൽ 21-ന് ഉപ ലോകായുക്ത ജസ്റ്റിസ് അശോക് മേനോന്റെ സിംഗിൾ ബെഞ്ചും, 22-ന് ലോകായുക്ത ജസ്റ്റിസ് എൻ. അനിൽ കുമാർ, ഉപ ലോകായുക്ത ജസ്റ്റിസ് അശോക് മേനോൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചും കേസുകൾ പരിഗണിക്കും. ജൂലൈ 23-ന് രാവിലെ 10.30-ന് മൂവാറ്റുപുഴ വൈ.എം.സി.എ (YMCA) കോൺഫറൻസ് ഹാളിൽ ഡിവിഷൻ ബെഞ്ച് സിറ്റിംഗും, ജൂലൈ 24-ന് രാവിലെ 10.30-ന് കോട്ടയം പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ് മിനി കോൺഫറൻസ് ഹാളിൽ ഉപ ലോകായുക്തയുടെ സിംഗിൾ ബെഞ്ച് സിറ്റിംഗും നടക്കും. ക്യാമ്പ് സിറ്റിംഗ് ദിവസങ്ങളിൽ നിശ്ചിത ഫോറത്തിലുള്ള പുതിയ പരാതികൾ നേരിട്ട് സ്വീകരിക്കുന്നതാണെന്ന് ലോകായുക്ത രജിസ്ട്രാർ അറിയിച്ചു. *സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രായോഗിക പരീക്ഷ ജൂലൈ 21 മുതൽ* എറണാകുളം, തൃശ്ശൂർ ജില്ലകളിലെ കേരള എക്സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പാർട്ട് 1 (ഡയറക്ട്) & പാർട്ട് 2 (ബൈ ട്രാൻസ്ഫർ) (കാറ്റഗറി നമ്പർ 386/2025, 387/2025) തസ്തികകളിലേക്കുള്ള പ്രായോഗിക പരീക്ഷ (T Test + Road Test) 2026 ജൂലൈ 21, 22, 23, 24, 27, 28 തീയതികളിൽ കളമശ്ശേരി ഡി.എച്ച്.ക്യു ക്യാമ്പിലെ പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കും പരീക്ഷ സംബന്ധിച്ച പ്രത്യേക അറിയിപ്പുകൾ ഉദ്യോഗാർത്ഥികൾക്ക് വൺ ടൈം രജിസ്ട്രേഷൻ പ്രൊഫൈൽ വഴിയും എസ്.എം.എസ് (SMS) വഴിയും നൽകിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ തങ്ങളുടെ പ്രൊഫൈൽ സന്ദേശം പരിശോധിച്ച്, തങ്ങൾക്ക് അനുവദിച്ചിട്ടുള്ള തീയതിയിൽ രാവിലെ 5:00 മണിക്ക് അഡ്മിഷൻ ടിക്കറ്റ്, അസ്സൽ ഡ്രൈവിംഗ് ലൈസൻസ്, ഡ്രൈവിംഗ് ലൈസൻസ് പർട്ടിക്കുലേഴ്സ്, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം പരീക്ഷാ കേന്ദ്രത്തിൽ ഹാജരാകണം.