കെ.എസ്.ഇ.ബി പോസ്റ്റുകളിലെ കമ്യൂണിക്കേഷൻ കേബിളുകൾ: സുരക്ഷ ഉറപ്പാക്കാൻ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജർ പുറത്തിറക്കി

Jul 14, 2026
കെ.എസ്.ഇ.ബി പോസ്റ്റുകളിലെ കമ്യൂണിക്കേഷൻ കേബിളുകൾ: സുരക്ഷ ഉറപ്പാക്കാൻ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജർ പുറത്തിറക്കി

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിന്റെ (കെ.എസ്.ഇ.ബി) വൈദ്യുത പോസ്റ്റുകളിലും സ്വതന്ത്രമായി സ്ഥാപിച്ച പോസ്റ്റുകളിലും സ്ഥാപിച്ചിട്ടുള്ള കേബിൾ ടി.വി., ഇന്റർനെറ്റ് സേവനദാതാക്കളുടെ കമ്യൂണിക്കേഷൻ കേബിളുകളുടെ സുരക്ഷ, നിയന്ത്രണം, നിരീക്ഷണം, അപകടകരമായ കേബിളുകൾ നീക്കം ചെയ്യൽ എന്നിവ ഉറപ്പാക്കുന്നതിനുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജർ (എസ്.ഒ.പി.) സർക്കാർ പുറത്തിറക്കി. തൂങ്ങിക്കിടക്കുന്ന കേബിളുകൾ പൊതുജനങ്ങൾക്ക് സൃഷ്ടിക്കുന്ന സുരക്ഷാ ഭീഷണി സംബന്ധിച്ച് മനുഷ്യാവകാശ കമ്മിഷൻ നൽകിയ നിർദേശത്തെ തുടർന്നാണ് സർക്കാർ നടപടി. ഇതിന്റെ ഭാഗമായി പൊലീസ്, തദ്ദേശസ്വയംഭരണം, ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ്, കെ.എസ്.ഇ.ബി. എന്നിവയുടെ പ്രതിനിധികൾ ഉൾപ്പെട്ട സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് എസ്.ഒ.പി. രൂപീകരിച്ചത്. എസ്.ഒ.പി. പ്രകാരം സംസ്ഥാനതലത്തിൽ ജില്ലാ, താലൂക്ക് തല മോണിറ്ററിംഗ് കമ്മിറ്റികൾ രൂപീകരിക്കും. ജില്ലാ തലത്തിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റിന്റെ അധ്യക്ഷതയിലും താലൂക്ക് തലത്തിൽ തഹസിൽദാരുടെ അധ്യക്ഷതയിലുമാണ് കമ്മിറ്റികൾ പ്രവർത്തിക്കുക. കേബിൾ ശൃംഖലകളുടെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുക, അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ പരിശോധന നടത്തുക, അനധികൃതവും അപകടകരവുമായ കേബിളുകൾ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ഏകോപിപ്പിക്കുക എന്നിവയാണ് ഇവയുടെ പ്രധാന ചുമതലകൾ. കെ.എസ്.ഇ.ബി. പോസ്റ്റുകളിലോ സ്വതന്ത്ര പോസ്റ്റുകളിലോ സ്ഥാപിക്കുന്ന എല്ലാ അംഗീകൃത കമ്യൂണിക്കേഷൻ കേബിളുകളിലും ഓപ്പറേറ്ററുടെ പേര്, ലൈസൻസ്/രജിസ്‌ട്രേഷൻ നമ്പർ, അടിയന്തര ബന്ധപ്പെടാനുള്ള നമ്പർ, പ്രത്യേക തിരിച്ചറിയൽ കോഡ് എന്നിവ ഉൾപ്പെടുത്തിയ കാലാവസ്ഥാ പ്രതിരോധ ശേഷിയുള്ള ടാഗ് നിർബന്ധമാക്കി. കെ.എസ്.ഇ.ബി. പോസ്റ്റുകളിൽ അനധികൃത കേബിളുകൾ കണ്ടെത്തിയാൽ ബന്ധപ്പെട്ട കേബിൾ ടി.വി. ഓപ്പറേറ്റർക്കോ ഇന്റർനെറ്റ് സേവനദാതാവിനോ 15 ദിവസത്തിനകം നീക്കം ചെയ്യാൻ നോട്ടീസ് നൽകും. നിർദേശിച്ച സമയത്തിനുള്ളിൽ നീക്കം ചെയ്യാത്ത പക്ഷം കെ.എസ്.ഇ.ബി. തന്നെ കേബിളുകൾ മുറിച്ചുമാറ്റും. പൊതുസുരക്ഷയ്ക്ക് അടിയന്തര ഭീഷണിയാണെങ്കിൽ നോട്ടീസ് കാലാവധി പൂർത്തിയാകുന്നതിന് മുമ്പുതന്നെ കേബിളുകൾ നീക്കം ചെയ്യാനും വ്യവസ്ഥയുണ്ട്. സ്വതന്ത്ര പോസ്റ്റുകളിലെ അനധികൃത കേബിളുകൾ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന്റെ മേൽനോട്ടത്തിൽ നീക്കം ചെയ്യും. താലൂക്ക് തലത്തിൽ തൂങ്ങിക്കിടക്കുന്ന കേബിളുകൾ, അപകടകരമായ സ്ഥാപനം, റോഡ് തടസ്സങ്ങൾ തുടങ്ങിയവ സംബന്ധിച്ച് പരാതികൾ നൽകാൻ പൊതുജനങ്ങൾക്ക് പ്രത്യേക പരാതി പരിഹാര സംവിധാനം ഒരു മാസത്തിനകം സജ്ജമാക്കും. അടിയന്തര അപകടസാധ്യതയുള്ള പരാതികൾ ആറു മണിക്കൂറിനകം പരിശോധിച്ച് 24 മണിക്കൂറിനകം നടപടി സ്വീകരിക്കണമെന്നും എസ്.ഒ.പി. നിർദേശിക്കുന്നു. കേബിൾ ടി.വി. ഓപ്പറേറ്റർമാരും ഇന്റർനെറ്റ് സേവനദാതാക്കളും സാധുവായ ലൈസൻസുകളും അനുമതികളും നിലനിർത്തുകയും കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ 2023-ലെ സുരക്ഷാ ചട്ടങ്ങൾ പാലിക്കുകയും വേണം. കേബിളുകളുടെ സുരക്ഷിത പരിപാലനം, തൂങ്ങിക്കിടക്കുന്നത് ഒഴിവാക്കൽ, ഉപേക്ഷിക്കപ്പെട്ട കേബിളുകൾ നീക്കം ചെയ്യൽ, വാർഷിക സുരക്ഷാ സ്വയംസാക്ഷ്യപത്രം സമർപ്പിക്കൽ എന്നിവയും നിർബന്ധമാക്കിയിട്ടുണ്ട്. 2023-ലെ കേന്ദ്ര വൈദ്യുതി അതോറിറ്റി ചട്ടങ്ങൾ നിലവിൽ വന്നതിന് ശേഷം സ്ഥാപിക്കുന്ന എല്ലാ പുതിയ കമ്യൂണിക്കേഷൻ കേബിളുകൾക്കും പുതുക്കിയ സുരക്ഷാ അകല മാനദണ്ഡങ്ങൾ കർശനമായി ബാധകമായിരിക്കും. തുടർച്ചയായി സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ വൈദ്യുതി നിയമം, 2003, കേന്ദ്ര വൈദ്യുതി അതോറിറ്റി ചട്ടങ്ങൾ, ആവശ്യമായ സാഹചര്യങ്ങളിൽ ദുരന്തനിവാരണ നിയമം, 2005 എന്നിവ ഉൾപ്പെടെയുള്ള നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു.