ഇനി വേണ്ടത് സ്‌കെയിൽ അപ്പ് മിഷൻ: മുഖ്യമന്ത്രി

10,000 സ്റ്റാർട്ടപ്പുകൾ ആരംഭിക്കുക എന്നതിലുപരി 100 കോടി രൂപയിലേറെ വരുമാനമുള്ള നൂറിലധികം സ്റ്റാർട്ടപ്പുകളെ വാർത്തെടുക്കുക എന്നതിലാണ് സർക്കാരിന്റെ ശ്രദ്ധ. സ്റ്റാർട്ടപ്പുകൾക്കുള്ള ഫണ്ടിങ് വർധിപ്പിക്കാൻ നടപടി സ്വീകരിക്കും.

Nov 15, 2026
ഇനി വേണ്ടത് സ്‌കെയിൽ അപ്പ് മിഷൻ: മുഖ്യമന്ത്രി

ഹഡിൽ ഗ്ലോബൽ 2026 മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കേരളത്തിലെ സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥ മെച്ചപ്പെടുത്താൻ ഇനി വേണ്ടത് സ്‌കെയിൽ അപ്പ് മിഷൻ ആണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. കോവളം ലീലാ റാവിസ് ഹോട്ടലിൽ ഹഡിൽ ഗ്ലോബൽ 2026 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സ്റ്റാർട്ടപ്പുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിൽ മാത്രമല്ല, നിലവിലുള്ള സ്റ്റാർട്ടപ്പുകൾക്ക് കൂടുതൽ ആഴത്തിലുള്ള പിന്തുണ നൽകി അവയെ വിജയിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 10,000 സ്റ്റാർട്ടപ്പുകൾ ആരംഭിക്കുക എന്നതിലുപരി 100 കോടി രൂപയിലേറെ വരുമാനമുള്ള നൂറിലധികം സ്റ്റാർട്ടപ്പുകളെ വാർത്തെടുക്കുക എന്നതിലാണ് സർക്കാരിന്റെ ശ്രദ്ധ. സ്റ്റാർട്ടപ്പുകൾക്കുള്ള ഫണ്ടിങ് വർധിപ്പിക്കാൻ നടപടി സ്വീകരിക്കും. ഫണ്ട് ഓഫ് ഫണ്ട്‌സ് പ്രോഗ്രാം കൂടുതൽ ശക്തമാക്കുകയും കൂടുതൽ നിക്ഷേപകരെ കേരളത്തിലേക്ക് ആകർഷിക്കുകയും ചെയ്യും. ആശയങ്ങൾ പ്രൊഡക്റ്റുകളാക്കി മാറ്റുന്നതിനും ഗവേഷണങ്ങൾ വാണിജ്യവൽക്കരിക്കുന്നതിനുമായി ഇന്നൊവേഷൻ ഗ്രാന്റുകൾ, ആർ ആൻഡ് ഡി (R&D) ഗ്രാൻന്റുകൾ, സീഡ് ലോണുകൾ എന്നിവയുടെ പരിധി ഉയർത്തും. കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (KFC), കെ.എസ്.ഐ.ഡി.സി (KSIDC), ബാങ്കുകൾ എന്നിവയെ ഏകോപിപ്പിച്ച് സ്റ്റാർട്ടപ്പുകൾക്കായി പുതിയ ഡെറ്റ് ഫണ്ടിംഗ് സംവിധാനങ്ങൾ കൊണ്ടുവരും. ഇതിലൂടെ സ്റ്റാർട്ടപ്പുകൾക്ക് വളർച്ചയ്ക്കായി സ്വന്തം ഓഹരികൾ അനാവശ്യമായി വിട്ടുകൊടുക്കേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിവിധ നൂതന സാങ്കേതികവിദ്യകളിൽ മുന്നിൽ നിൽക്കുന്ന സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് TRICK (Translational Research and Incubation Centers of Kerala) പദ്ധതിക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഇതിലൂടെ സംസ്ഥാനത്തുടനീളമുള്ള ഇൻകുബേഷൻ ശൃംഖല ശക്തിപ്പെടുത്തുകയും, എ ഐ, ബയോ ടെക്‌നോളജി തുടങ്ങിയ മേഖലകളിൽ പത്ത് ലോകോത്തര റിസർച്ച് ഇൻകുബേറ്ററുകൾ സൃഷ്ടിക്കുകയും ചെയ്യും. ജില്ലാതല ഇന്നൊവേഷൻ ക്ലസ്റ്ററുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി 'Gozip' (GenZ Innovation Program) എന്ന പുതിയ പദ്ധതി സർക്കാർ ആരംഭിച്ചിട്ടുണ്ട്. ചെറുപ്പക്കാർക്ക് അവരുടെ മേഖലയ്ക്കനുസരിച്ചുള്ള ഇൻകുബേറ്ററുകളും, വളർച്ചയ്ക്ക് അനുസൃതമായ ഫണ്ടിംഗും, ആവശ്യമായ പിന്തുണയും ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലോജിസ്റ്റിക്‌സ്, മാരിടൈം ടെക്‌നോളജി എന്നീ മേഖലകളിൽ പുതിയ വ്യവസായ വളർച്ചയ്ക്ക് ഉപയോഗപ്പെടുത്തുക. കേരളത്തിലെ സ്റ്റാർട്ടപ്പുകളെ ആഗോള വിപണിയിലേക്ക് എത്തിക്കുക എന്നിവയാണ് സർക്കാരിന്റെ അടുത്ത ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അത്യാധുനിക സാങ്കേതിക വിദ്യകളെ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സമ്പദ് വ്യവസ്ഥ എന്ന നിലയിലേക്കുള്ള പരിണാമത്തിലാണ് കേരളമെന്ന് വ്യവസായ, ഐ ടി, എ ഐ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. സുതാര്യമായ നയങ്ങളും ചടുലമായ ഭരണസംവിധാനവും മികച്ച അടിസ്ഥാന സൗകര്യവും ഒരുക്കി കേരളം നിക്ഷേപകരെ വലിയ തോതിൽ ആകർഷിക്കും. ഇന്ത്യയിൽ ആദ്യമായി എ ഐ വകുപ്പ് സ്ഥാപിച്ചത് നിക്ഷേപകർക്ക് വ്യക്തമായ സന്ദേശം പകരുന്നതിനാണ്. രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും നിക്ഷേപം ആകർഷിച്ച് കേരളത്തെ ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു

കേരള സ്റ്റാർട്ടപ്പ് മിഷൻ സി ഇ ഒ അനൂപ് അംബിക സ്വാഗതം ആശംസിച്ചു. ഇലക്ട്രോണിക്‌സ്, ഐ ടി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എസ് സുഹാസ് റിപ്പോർട്ട് അവതരിപ്പിച്ചു. ബെൽജിയം അംബാസ്സഡർ സോഫി കാൾസ്‌ഹോസെൻ, കോവളം എം എൽ എ എം വിൻസെന്റ്, മുഖ്യമന്ത്രിയുടെ സെക്രട്ടറി ഡോ. രത്തൻ യു ഖേൽകർ, ചലച്ചിത്ര താരവും നിക്ഷേപകയുമായ കീർത്തി സുരേഷ് തുടങ്ങിയവർ പങ്കെടുത്തു. കേരള സ്റ്റാർട്ടപ്പ് മിഷൻ സി ഒ ഒ ടോം തോമസ് നന്ദി പ്രകാശിപ്പിച്ചു.മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നിക്ഷേപങ്ങൾക്കും സഹകരണത്തിനുമുള്ള വിവിധ ധാരണാപത്രങ്ങൾ കൈമാറി. തുടർന്ന് മുഖ്യമന്ത്രി സ്റ്റാർട്ടപ്പുകളുടെ സ്റ്റാളുകൾ സന്ദർശിച്ചു.

Prajeesh N K MADAPPALLY