കുട്ടികൾക്ക് ജലസുരക്ഷ വിദ്യാഭ്യാസം ഉറപ്പാക്കണം: മന്ത്രി കെ. മുരളീധരൻ

ജലസ്രോതസ്സുകളുമായി അഭേദ്യമായ ബന്ധമുള്ള കേരളം പോലൊരു സംസ്ഥാനത്ത് നീന്തൽ വിനോദം മാത്രമല്ല, ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന അനിവാര്യമായ ഒരു ജീവിതനൈപുണ്യം കൂടിയാണ്.

Oct 26, 2026
കുട്ടികൾക്ക് ജലസുരക്ഷ വിദ്യാഭ്യാസം ഉറപ്പാക്കണം: മന്ത്രി കെ. മുരളീധരൻ

റോഡ് സുരക്ഷയ്ക്ക് നൽകുന്ന അതേ പ്രാധാന്യത്തോടെ, ചെറുപ്രായം മുതൽ തന്നെ ജലസുരക്ഷാ വിദ്യാഭ്യാസം നാം ഉറപ്പാക്കണമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രി കെ. മുരളീധരൻ. മുങ്ങിമരണ പ്രതിരോധം സംബന്ധിച്ച ഇന്ത്യ- ഓസ്‌ട്രേലിയ സാങ്കേതിക സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ജലസ്രോതസ്സുകളുമായി അഭേദ്യമായ ബന്ധമുള്ള കേരളം പോലൊരു സംസ്ഥാനത്ത് നീന്തൽ വിനോദം മാത്രമല്ല, ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന അനിവാര്യമായ ഒരു ജീവിതനൈപുണ്യം കൂടിയാണ്. അപകടകരമായ ക്വാറികൾ, കനാലുകൾ, നദീതീരങ്ങൾ, തീരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. എമർജൻസി റെസ്‌പോൺസ് സംഘങ്ങൾ, തീരദേശ പോലീസ്, മത്സ്യത്തൊഴിലാളികൾ എന്നിവർ പ്രകടിപ്പിക്കുന്ന അസാധാരണമായ ധൈര്യവും സേവനമനോഭാവവും നാം പ്രയോജനപ്പെടുത്തണം. ജലാശയങ്ങളെക്കുറിച്ചുള്ള അവരുടെ വിലമതിക്കാനാവാത്ത അനുഭവപരിചയവും പ്രായോഗിക അറിവും ഔദ്യോഗികമായി രക്ഷാപ്രവർത്തന ശൃംഖലകളുടെയും സമൂഹാധിഷ്ഠിത പരിശീലന പരിപാടികളുടെയും ഭാഗമാക്കണമെന്നും മന്ത്രി പറഞ്ഞു. സിപിആർ പരിശീലനം വ്യാപിപ്പിക്കുക, ആംബുലൻസ് സേവനങ്ങളുടെ പ്രതികരണശേഷി മെച്ചപ്പെടുത്തുക, അടിയന്തര ചികിത്സാ വിഭാഗങ്ങളെ ആവശ്യമായ സൗകര്യങ്ങളോടെ സജ്ജമാക്കുക എന്നിവയിലൂടെ രക്ഷാപ്രവർത്തനത്തിനുശേഷമുള്ള നിർണായക നിമിഷങ്ങൾ ഫലപ്രദമാക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.

എല്ലാ മുങ്ങിമരണങ്ങളും അപകടവശാൽ സംഭവിക്കുന്നതല്ല. ശാരീരികവും വൈകാരികവുമായ കാരണങ്ങളാൽ സംഭവിക്കുന്ന മരണങ്ങൾ തടയുന്നതിനായി മുങ്ങിമരണ പ്രതിരോധ പ്രവർത്തനങ്ങളെ മാനസികാരോഗ്യ പരിചരണം, കൗൺസിലിങ് സേവനങ്ങൾ, പ്രതിസന്ധി ഘട്ടങ്ങളിലെ അടിയന്തര ഇടപെടൽ സംവിധാനങ്ങൾ എന്നിവയുമായി ബന്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രി ചൂണ്ടിക്കാട്ടി.

ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, സംസ്ഥാന ആരോഗ്യവിദ്യാഭ്യാസ വകുപ്പ്, ഓസ്‌ട്രേലിയൻ ഗവൺമെന്റ്, റോയൽ ലൈഫ് സേവിങ് സൊസൈറ്റി ഓസ്‌ട്രേലിയ, ജോർജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗ്ലോബൽ ഹെൽത്ത് ഓസ്‌ട്രേലിയ എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ

ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് അധ്യക്ഷയായി. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അഡീഷണൽ ഡയറക്ടർ ജനറൽ, ഡോ. ഗീത ആനന്ദൻ, കേരള സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. മോഹനൻ കുന്നുമ്മൽ, മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടർ ഡോ. കെ. വി. വിശ്വനാഥൻ, തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. രഞ്ജു രവീന്ദ്രൻ, ജോർജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗ്ലോബൽ ഹെൽത്ത് ഇൻജുറി പ്രോഗ്രാം മേധാവി ഡോ. ജഗ്‌നൂർ ജഗ്‌നൂർ , ഓസ്ട്രേലിയ റോയൽ ലൈഫ് സേവിങ് സൊസൈറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡോ. ജസ്റ്റിൻ സ്‌കാർ എന്നിവർ സംസാരിച്ചു.

Prajeesh N K MADAPPALLY