വാർത്തകളിലെ സ്ത്രീകൾ വസ്തുതകൾക്കനുസൃതമായി മാത്രം വ്യാഖ്യാനിക്കപ്പെടണം; മാധ്യമ കോൺക്ലേവ് ചർച്ച
ലിംഗനീതിയും സമത്വവും മാധ്യമ സ്ഥാപനങ്ങളിൽ ഉറപ്പാക്കണം: മന്ത്രി വീണാ ജോർജ്

വാർത്തകളിൽ പ്രതിപാദിക്കപ്പെടുന്ന സ്ത്രീകളെ കമ്പോളവൽക്കരിക്കാതെ വസ്തുതകൾക്കനുസൃതമായി മാത്രമേ വ്യാഖ്യാനിക്കപ്പെടാവൂവെന്ന് പ്രമുഖ വനിതാ മാധ്യമപ്രവർത്തകർ ആവശ്യപ്പെട്ടു. മാധ്യമസ്ഥാപനങ്ങളിലെ നേതൃസ്ഥാനങ്ങളിൽ വനിതകൾക്ക് കൂടുതൽ പ്രാമുഖ്യം നൽകി നിർണായക വിഷയങ്ങളിൽ തീരുമാനം എടുക്കുന്നതിൽ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിലൂടെ ലിംഗനീതിക്ക് ആക്കംകൂട്ടാനാകുമെന്നും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ദേശീയ വനിതാ മാധ്യമപ്രവർത്തക കോൺക്ലേവിന്റെ ഭാഗമായി ‘വാർത്തകളിലെ സ്ത്രീ’ എന്ന വിഷയത്തിൽ ടാഗോർ തീയറ്ററിൽ നടന്ന പാനൽചർച്ച അഭിപ്രായപ്പെട്ടു.
സ്ത്രീകൾ ഉൾപ്പെടുന്ന വാർത്തകളിലെ ഭാഷ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതുണ്ടെന്ന് പ്രമുഖ മാധ്യമപ്രവർത്തക ആർ പാർവതി ദേവി പറഞ്ഞു. വാർത്തകളുടെ ഉള്ളടക്കത്തെ ചർച്ചചെയ്യാതെ ഗ്ലാമർ രംഗത്തെ വനിതകളെ വിനോദ ഉപാധികളായും കുറ്റകൃത്യങ്ങളിലുൾപ്പെട്ട വനിതകളെ വിപണിയുടെ താൽപര്യത്തിനനുസരിച്ചും ആഘോഷിക്കപ്പെടുകയും ചെയ്യുന്ന പ്രവണത അവസാനിപ്പിക്കണം. ദളിത്, ന്യൂനപക്ഷ, തൊഴിലാളി സ്ത്രീസമൂഹമുൾപ്പെടെ പാർശ്വവൽകൃത സമൂഹത്തെ മുന്നിലെത്തിക്കേണ്ട ഉത്തരവാദിത്തം മാധ്യമങ്ങൾക്കുണ്ട്. കഴിവുകൾ അംഗീകരിച്ച് ന്യൂസ് റൂമുകളിലെ പ്രധാന ബീറ്റുകൾ കൈകാര്യം ചെയ്യാൻ വനിതകൾക്ക് കൂടുതൽ അവസരം നൽകണം. വനിതകൾക്ക് പ്രവർത്തിക്കുന്നതിനനുയോജ്യമായ സാഹചര്യം ഒരുക്കുന്നതിനും വനിതാനയം രൂപപ്പെടുത്തുന്നതിനും മാധ്യമസ്ഥാപനങ്ങൾ മുൻതൂക്കം നൽകണമെന്നും അവർ ചൂണ്ടിക്കാട്ടി.
സ്ത്രീകളുടെ നേട്ടത്തെക്കുറിച്ചുള്ള വാർത്തകൾക്ക് അർഹമായ പ്രധാന്യം നൽകാതെ ലഹരിമാഫിയ, കൊലപാതകം , പീഡനം, കുറ്റകൃത്യങ്ങൾ തുടങ്ങിയവയിൽ ഉൾപ്പെടുന്നവരെ ചൂണ്ടിക്കാട്ടി അമിത പ്രധാന്യം നൽകി ആഘോഷിക്കപ്പെടുന്ന സ്ഥിതിവിശേഷമാണ് നിലവിലേതെന്ന് ദേശാഭിമാനി അസിസ്റ്റന്റ് എഡിറ്റർ പി ഒ ഷീജ അഭിപ്രായപ്പെട്ടു. മാധ്യമരംഗത്ത് അഭിപ്രായരൂപീകരണത്തിലും അന്തിമ തീരുമാനം കൈക്കൊള്ളുന്നതിലും പുരുഷമേൽക്കോയ്മ പ്രകടമാണ്. സ്ത്രീകൾ സ്വന്തം ഉൾക്കരുത്ത് തിരിച്ചറിഞ്ഞ് മുന്നോട്ടുവരണമെന്നും അവർ പറഞ്ഞു.
വ്യവസ്ഥാപിത ചട്ടക്കൂടുകൾ മറികടന്ന് വനിതകൾ പ്രതികരിക്കേണ്ടതുണ്ടെന്ന് സുപ്രീകോർട്ട് ഒബ്സർവർ എഡിറ്റർ ഇൻ ചീഫ് ലീന രഘുനാഥ് പറഞ്ഞു. സമൂഹത്തിലെ പ്രശ്നങ്ങളെക്കുറിച്ച് ശബ്ദിക്കുന്നതിനുള്ള ആർജവം കാണിക്കണം. ന്യൂസ് റൂമുകളിൽ ലിംഗനീതി ഉറപ്പാക്കാനാകണം. സ്ത്രീവിരുദ്ധ വിധികൾ വ്യാപകമായി പ്രസ്താവിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ സമാന ചിന്താഗതിയുള്ളവരെ ഒപ്പംകൂട്ടി നീതിക്കായി പോരാടേണ്ടതുണ്ടെന്നും അവർ പറഞ്ഞു.
ദളിത് സ്ത്രീകളുടെ തീവ്രതയേറിയ പ്രശ്നങ്ങൾക്ക് മാധ്യമങ്ങളിൽ അർഹമായ പ്രാധാന്യം നൽകുന്നില്ലെന്ന് ദളിത് ക്വിയർ മൾട്ടിമീഡിയ ജേണലിസ്റ്റായ ആരതി എം ആർ അഭിപ്രായപ്പെട്ടു. വാർത്തകളിൽ ലിംഗനീതി ഉറപ്പാക്കുന്നതിൽ പുതുതലമുറയിലുള്ളവർ തിരുത്തൽ ശക്തിയാകണമെന്നും അവർ പറഞ്ഞു. മാധ്യമസ്ഥാപനങ്ങളിൽ ജെൻഡർ സെൻസിറ്റൈസ്ഡ് സ്‌റ്റൈൽ ബുക്ക് ആവശ്യമാണെന്ന് ചർച്ചയെ നയിച്ച കണക്റ്റിംഗ് കേരള എഡിറ്റർ ഇൻ ചീഫ് അനുപമ വെങ്കിടേശ്വരൻ അഭിപ്രായപ്പെട്ടു.