ലൈംഗികാതിക്രമക്കേസിൽ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി;അറസ്റ്റിലേക്ക്
നടി ഉന്നയിച്ച ആരോപണങ്ങളും മൊഴികളും സാധൂകരിക്കുന്നതാണെന്നും അന്വേഷണ സംഘം
കൊച്ചി: നടിയുടെ പീഡനപരാതിയുമായി ബന്ധപ്പെട്ട് നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജാമ്യാപേക്ഷ തള്ളിയതോടെ സിദ്ദിഖിനെ അറസ്റ്റ് ചെയ്തേക്കും.ലൈംഗിക പീഡനക്കേസിൽ സിദ്ദിഖിനെ പ്രതിസന്ധിയിലാക്കുന്ന ശക്തമായ കൂടുതൽ തെളിവുകളും സാക്ഷിമൊഴികളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. നടി ഉന്നയിച്ച ആരോപണങ്ങളും മൊഴികളും സാധൂകരിക്കുന്നതാണെന്നും അന്വേഷണ സംഘം കോടതിയെ ബോധിപ്പിക്കുകയായിരുന്നു.
സിനിമാ പ്രിവ്യൂ കഴിഞ്ഞ് അച്ഛനമ്മമാർക്കും കൂട്ടുകാരിക്കുമാെപ്പമാണ് സിദ്ദിഖിനെ കാണാൻ ഹോട്ടലിൽ എത്തിയതെന്ന നടിയുടെ മൊഴി ശരിയാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു. 2016 ജനുവരി 27ന് രാത്രി 12ന് തിരുവനന്തപുരത്തെ മാസ്കോട്ട് ഹോട്ടലിൽ 101 ഡി നമ്പർ മുറിയെടുത്ത സിദ്ദിഖ് മടങ്ങിയത് പിറ്റേന്ന് വൈകിട്ട് 5നാണ്. ഹോട്ടൽ രേഖകൾ ശേഖരിച്ചിട്ടുണ്ട്. സിദ്ദിഖ് ചോറും മീൻകറിയും തൈരും കഴിച്ചതിന്റെ ബില്ലും ഇതിലുൾപ്പെടുന്നു. നടിയുടെ മൊഴിയിൽ ഭക്ഷണത്തിന്റെ കാര്യം വ്യക്തമായി സൂചിപ്പിച്ചിരുന്നു.
പീഡനവിവരം യുവതി ഒരു വർഷത്തിന് ശേഷം സുഹൃത്തിനോട് പറഞ്ഞിരുന്നു. ഈ സുഹൃത്ത് പൊലീസിന് അനുകൂല മൊഴി നൽകി. മാനസിക സംഘർഷത്തെ തുടർന്ന് കൊച്ചിയിലെ രണ്ട് വനിതാ സൈക്യാട്രിസ്റ്റുകളുടെ ചികിത്സ നടി തേടിയിരുന്നു. ഇവർ രണ്ടുപേരും ഇക്കാര്യം പൊലീസിനോട് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു