ജോലി നിയമനത്തിലൂടെ യുവാക്കൾ രാജ്യത്തോടുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്നു: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി
തിരുവനന്തപുരത്ത് സംഘടിപ്പിച്ച റോസ്ഗർ മേളയിൽ കേന്ദ്ര ഗവൺമെന്റിന്റെ വിവിധ വകുപ്പുകളിൽ നിയമനം ലഭിച്ച 272 ഉദ്യോഗാർത്ഥികൾക്ക് നിയമനപത്രം കൈമാറി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ സന്ദേശം വഴി രാജ്യത്തെ വിവിധയിടങ്ങളിൽ സംഘടിപ്പിച്ച റോസ്ഗർ മേളയെ അഭിസംബോധന ചെയ്തു
കേന്ദ്ര ഗവൺമെന്റിൽ ലഭിക്കുന്ന ജോലി നിയമനം വഴി യുവാക്കൾ തങ്ങളുടെ ഭാവി സുരക്ഷിതമാക്കുക മാത്രമല്ല, ഒപ്പം രാജ്യത്തോടുള്ള വലിയൊരു ഉത്തരവാദിത്തം ഏറ്റെടുക്കുക കൂടെയാണെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, ടൂറിസം സഹമന്ത്രി ശ്രീ സുരേഷ് ഗോപി. തിരുവനന്തപുരത്ത് പള്ളിപ്പുറം സിആർപിഎഫിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച റോസ്ഗർ മേളയിൽ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാർ സംഘടിപ്പിക്കുന്ന തൊഴിൽ മേളകൾ യുവാക്കൾക്ക് മികച്ച അവസരങ്ങൾ ഒരുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയതായി നിയമിതരായ ഉദ്യോഗാർത്ഥികളോട് സമർപ്പണബോധത്തോടെയും അച്ചടക്കത്തോടെയും ആത്മാർത്ഥതയോടെയും ജോലി ചെയ്യാൻ ആഹ്വാനം ചെയ്ത കേന്ദ്രമന്ത്രി, അവർ ചെയ്യുന്ന ജോലി ജനങ്ങളുടെ ജീവിതത്തെ നേരിട്ടു സ്വാധീനിക്കുകയും മികച്ച ഭരണനിർവഹണത്തിന് വഴിയൊരുക്കുകയും ചെയ്യുമെന്നും സൂചിപ്പിച്ചു. രാജ്യത്തിന് സേവനമർപ്പിച്ചുകൊണ്ട് വിജയകരവും അർത്ഥപൂർണവുമായ ഒരു ഔദ്യോഗിക ജീവിതം ശ്രീ സുരേഷ് ഗോപി ഉദ്യോഗാർത്ഥികൾക്ക് ആശംസിച്ചു.
പള്ളിപ്പുറം സിആർപിഎഫ് ഗ്രൂപ്പ് സെന്ററിൽ വച്ചു നടന്ന പരിപാടിയിൽ, ISRO, സിആർപിഎഫ്, എആർ, എസ്എസ്ബി, ഇപിഎഫ്ഒ എന്നിങ്ങനെ വിവിധ വകുപ്പുകളിൽ നിയമനം ലഭിച്ച 272 ഉദ്യോഗാർത്ഥികൾക്ക് നിയമന പത്രങ്ങൾ കൈമാറി. സിആർപിഎഫ് ഡിജി ശ്രീ ധർമേന്ദ്ര സിംഗ്, ഡെപ്യൂട്ടി കമാന്റൻ്റ് ശ്രീ കെ എസ് ജയകുമാർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
രാജ്യത്ത് 45 ഇടങ്ങളിലായി ഇന്ന് സംഘടിപ്പിച്ച 18-ാമത് റോസ്ഗർ മേളയിലൂടെ 61,656 ഉദ്യോഗാർത്ഥികൾക്ക് നിയമനപത്രങ്ങൾ കൈമാറി. പുതുതായി നിയമിതരായവരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു. കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ്ങും വീഡിയോ കോൺഫറൻസിങ്ങിലൂടെ റോസ്ഗർ മേളയെ അഭിസംബോധന ചെയ്തു


