ഉത്രാടക്കിഴി കൈമാറി

ഉത്രാടദിനത്തിൽ കോട്ടയം വയസ്‌കര രാജ്ഭവൻ കോവിലകത്ത് എത്തി കളക്ടർ ജോൺ വി. സാമുവൽ ഉത്രാടക്കിഴി കൈമാറി. വയസ്‌കര കോവിലകത്തെ എൻ.കെ. സൗമ്യവതി തമ്പുരാട്ടിക്കാണ് 1001 രൂപ അടങ്ങിയ ഉത്രാടക്കിഴി സർക്കാർ പ്രതിനിധിയായ കോട്ടയം ജില്ലാ കളക്ടർ കൈമാറിയത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ എ സന്നിഹിതനായിരുന്നു. കോട്ടയം തഹസീൽദാർ എസ് എൻ അനിൽ കുമാർ, കോട്ടയം വില്ലേജ് ഓഫീസർ എം. നിയാസ് എന്നിവർ പങ്കെടുത്തു. കൊച്ചി രാജാവ് രാജകുടുംബാംഗങ്ങളായ സ്ത്രീകൾക്ക് ഓണത്തോടനുബന്ധിച്ചു നൽകിയിരുന്ന സമ്മാനമായിരുന്നു ഉത്രാടക്കിഴി, . കൊച്ചി രാജവംശത്തിന്റെ പിന്മുറക്കാരിയെന്ന നിലയിലാണ് വയസ്‌കര കോവിലകത്തെ രാജരാജവർമയുടെ ഭാര്യ സൗമ്യവതിക്ക് കിഴി കൈമാറിയത്. തൃശൂർ കളക്ടറേറ്റിൽ നിന്നനുവദിക്കുന്ന തുക ബന്ധപ്പെട്ട തഹസീൽദാർമാർക്ക് കൈമാറുകയാണ് ചെയ്യുന്നത്. മുമ്പ് 14 രൂപയായിരുന്ന തുകയാണ് പിന്നീട് 1001 രൂപയായി വർധിപ്പിച്ചത്. .