സമ്പൂർണ അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപനത്തിൽ കാൽ ലക്ഷം പൊതുജനങ്ങൾ പങ്കെടുക്കും: മന്ത്രി എം ബി രാജേഷ്

നവംബർ 1 ന് മുഖ്യമന്ത്രി കേരളത്തെ രാജ്യത്തെ ആദ്യ അതിദാരിദ്ര്യ നിർമാർജന സംസ്ഥാനമായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ കാൽ ലക്ഷം പേർ പങ്കെടുക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രജേഷ് പറഞ്ഞു. തിരുവനന്തപുരം ശിക്ഷക് സദനിൽ ചേർന്ന അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപന സംഘാടക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ചൈന കഴിഞ്ഞാൽ ഈ നേട്ടത്തിലെത്തുന്ന ആദ്യ പ്രദേശമാണ് കേരളം എന്ന പ്രത്യേകതയുമുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ആദ്യ മന്ത്രിസഭയിലെ ആദ്യ യോഗതീരുമാനമായിരുന്നു അതിദാരിദ്ര്യ നിർമാർജനം. ഇതിന്റെ അടിസ്ഥാനത്തിൽ അതിദാരിദ്ര്യ അവസ്ഥയുള്ള 66,006 കുടുംബങ്ങളെ കണ്ടെത്തി. ഈ അവസ്ഥക്ക് കാരണമായ ഘടകങ്ങൾ കണ്ടെത്തി ഒരോ കുടുംബത്തിനും പ്രത്യേകം മൈക്രോ പ്ലാനുകൾ തയാറാക്കിയാണ് പരിഹാരം കണ്ടെത്തിയത്. ഭക്ഷണം, ആരോഗ്യം ഉപജീവനം ,വരുമാനം പാർപ്പിടം എന്നീ എല്ലാ സൗകര്യങ്ങളും ഉറപ്പുവരുത്തി. ഒറ്റ സർക്കാർ ഉത്തരവിലൂടെ അതിദാരിദ്ര്യ അവസ്ഥയിലുള്ളവരെ ലൈഫ് പദ്ധതിയിലുൾപ്പെടുത്തി. സ്ഥലമില്ലാത്തവർക്ക് ഭൂമി നൽകാൻ ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തുകയും ആവശ്യമുള്ളവർക്ക് വാടകവീട് നൽകുകയും ചെയ്തു. ഒരു അംഗം മാത്രമുള്ളവർക്ക് ഷെൽട്ടർ ഹോമുകൾ സജ്ജീകരിച്ചു. ഭൂമി, വീട്, സ്‌കൂൾ കുട്ടികൾക്ക് സൗജന്യയാത്ര, പഠന സൗകര്യങ്ങൾ, റേഷൻ കാർഡ്, അവയവ മാറ്റത്തിനുള്ള സഹായം ഉൾപ്പെടെ എല്ലാ വകുപ്പുകളും സഹകരിച്ചാണ് ഈ നേട്ടത്തിലേക്ക് സംസ്ഥാനമെത്തിയത്. സമുചിതമായി ജനകീയാ ഘോഷമായി അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപനം സംഘടിപ്പിക്കും.
വൈകുന്നേരം 5 മണിക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ഇന്ത്യയിൽ നിന്നും പുറത്തു നിന്നുമുള്ള വിശിഷ്ട വ്യക്തികൾ പങ്കെടുക്കും. ചരിത്ര നിമിഷത്തിൽ മുഴുവൻ മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കുമെന്നും മന്ത്രി അറിയിച്ചു. സംഘാടക സമിതിയുടെ ചെയർമാനായി മന്ത്രി വി ശിവൻകുട്ടിയെയും മുഖ്യ രക്ഷാധികാരികളായി മന്ത്രിമാരായ എം ബി രാജേഷിനെയും ജി ആർ അനിലിനെയും യോഗം തീരുമാനിച്ചു. മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, എം എൽ എമാരായ ആന്റണി രാജു,വി കെ പ്രശാന്ത്, ഡി കെ മുരളി, ഐ ബി സതീഷ്, മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ ഷർമിള മേരി ജോസഫ് എന്നിവർ സംബന്ധിച്ചു.