ലോജിസ്റ്റിക് മേഖലയിൽ കേരളം പ്രധാനശക്തിയായി; മുഖ്യമന്ത്രി

തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണം ഉദ്‌ഘാടനം ചെയ്തു

Jan 24, 2026
ലോജിസ്റ്റിക് മേഖലയിൽ കേരളം പ്രധാനശക്തിയായി; മുഖ്യമന്ത്രി
cm pinarayi vijayan

തിരുവനന്തപുരം : കേരളത്തിലെ അടിസ്ഥാന സൗകര്യ വികസന ചരിത്രത്തിലെ പുതിയൊരു അധ്യായത്തിനാണ് വിഴിഞ്ഞത്ത് ഇന്ന് തുടക്കമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനപ്രവർത്തങ്ങളുടെ ഔദ്യോ​ഗിക ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രവർത്തനം തുടങ്ങി ഒരു വർഷത്തിനകം ലോക സമുദ്ര വ്യാപാര മേഖലയിൽ വിസ്മയമായി മാറിയ തുറമുഖമാണ് വിഴിഞ്ഞമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

2024 ജൂലൈയിൽ ഇവിടെ ആദ്യ മദർഷിപ്പ് വന്നു. 2025 മെയ് 2 ന് തുറമുഖം നാടിനു സമർപ്പിച്ചു. കേരളം, വികസനത്തിന്റെ കാര്യത്തിൽ കേട്ട പ്രധാന ആക്ഷേപം 'ഒന്നും നടക്കാത്ത നാട്' എന്നതാണ്. 'ഇതൊന്നും കേരളത്തിന് പറ്റിയ കാര്യമല്ല' എന്ന് പറഞ്ഞ് ആക്ഷേപിച്ചവരും പരിഹസിച്ചവരുമുണ്ട്. ആ പരിഹാസങ്ങൾക്കും ആക്ഷേപങ്ങൾക്കും മറുപടിയായാണ് വിഴിഞ്ഞം പദ്ധതി നമ്മൾ യാഥാർഥ്യമാക്കി കാണിച്ചത്. 

ചരക്കു നീക്കത്തിനായി കേരളം മറ്റുള്ളവരെ ആശ്രയിച്ചിരുന്ന കാലം അവസാനിച്ചു. ഇന്ത്യയുടെ ലോജിസ്റ്റിക് മേഖലയിൽ കേരളം ഇന്ന് പ്രധാന ശക്തിയായി മാറുകയാണ്. ഇത് വെറും പറച്ചിലല്ല, കണ്മുന്നിൽ കാണുന്ന യാഥാർഥ്യമാണ്. വിഴിഞ്ഞം പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയായപ്പോൾ തന്നെ ആഗോള കപ്പൽ ചാലിൽ കേരളത്തിന്റെ പേര് സുവർണ്ണ ലിപികളിൽ രേഖപ്പെട്ടുകഴിഞ്ഞു. പ്രതിവർഷം 10 ലക്ഷം ടിയുഇ ആയിരുന്നു ആദ്യഘട്ടത്തിൽ വിഴിഞ്ഞത്തിന്റെ ശേഷി. എന്നാൽ 10 മാസം കൊണ്ട് ഈ ലക്ഷ്യം മറികടന്നു. ലോകത്തൊരു പോർട്ടിനും അവകാശപ്പെടാനാവാത്ത നേട്ടമാണിത്. ലോകോത്തര നിലവാരത്തിലുള്ള ഓട്ടോമേഷൻ സാങ്കേതികവിദ്യയും ജീവനക്കാരുടെ ആത്മാർത്ഥമായ പരിശ്രമവുമാണ് ഈ നേട്ടത്തിനു പിന്നിലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ പ്രസം​ഗത്തിന്റെ പൂർണരൂപം 

ആദ്യ വർഷം തന്നെ 615 കപ്പലുകളും 1.32 ദശലക്ഷം കണ്ടെയ്‌നറുകളും വിഴിഞ്ഞം കൈകാര്യം ചെയ്തു. 2025 ഡിസംബറിൽ മാത്രം 1.21 ലക്ഷം ടിഇയു കൈകാര്യം ചെയ്തു. ലോകത്തിലെ ഏറ്റവും വലുതും ഏറ്റവും ഡ്രാഫ്റ്റ് കൂടിയതുമായ കപ്പലുകൾ വിഴിഞ്ഞത്ത് നങ്കൂരമിട്ടു. അതുവഴി ഈ തുറമുഖത്തിന്റെ കരുത്ത് ലോകം തിരിച്ചറിഞ്ഞു. പ്രതിമാസം 50 ലേറെ കപ്പലുകൾ തുറമുഖത്ത് വന്നുപോകുന്നുണ്ട്. ചുരുങ്ങിയ സമയംകൊണ്ട് 1,000 കപ്പലുകൾ എന്ന നേട്ടം കയ്യെത്തും ദൂരത്തുണ്ട്. വിഴിഞ്ഞത്തിന് മുമ്പ് പ്രവർത്തനം തുടങ്ങിയ പല തുറമുഖങ്ങളെയും പിന്നിലാക്കിയാണ് വിഴിഞ്ഞത്തിന്റെ ഈ കുതിപ്പ്. നാടിനാകെ അഭിമാനകരമായ കാര്യമാണിത്. 

ഇന്ത്യയിൽ ആദ്യമായി വനിതകളെ ഓട്ടോമേറ്റഡ് ക്രെയിൻ ഓപ്പറേറ്റർമാരായി നിയമിച്ചതിന്റെ ഖ്യാതിയും വിഴിഞ്ഞത്തിനാണ്. വിഴിഞ്ഞം സ്വദേശികളായ സ്ത്രീകളെ കണ്ടെത്തി പരിശീലിപ്പിച്ചാണ് മാതൃകാപരമായ ഈ നേട്ടം കൈവരിച്ചത്. സ്ത്രീസൗഹൃദ കേരളത്തിന്റെ മറ്റൊരു ഉദാഹരണം കൂടിയാണിത്. വിഴിഞ്ഞം തുറമുഖത്തെ ഇമിഗ്രേഷൻ ചെക്ക്‌പോസ്റ്റായി കേന്ദ്ര സർക്കാർ അംഗീകരിച്ചിട്ടുണ്ട്. ഇതിലൂടെ അന്താരാഷ്ട്ര കപ്പൽ പാതയിലെ പ്രധാന കണ്ടെയ്‌നർ ട്രാൻസ്ഷിപ്‌മെന്റ് ഹബ്ബാകുന്നതോടൊപ്പം ഒരു പ്രധാന ക്രൂ ചേഞ്ച് ഹബ്ബായും വിഴിഞ്ഞം ശക്തിപ്പെടും. ആഡംബര ക്രൂയിസ് കപ്പലുകൾക്കും ഇനിമുതൽ വിഴിഞ്ഞത്ത് എത്തിച്ചേരുവാൻ സാധിക്കും. ഇത് സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് നൽകുന്ന ഉത്തേജനം ചെറുതല്ല.

രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ ഇവിടെ നടക്കുകയാണ്. നിലവിലെ 800 മീറ്റർ കണ്ടെയ്‌നർ ബെർത്ത് 2,000 മീറ്റർ ആയി വികസിപ്പിക്കുകയാണ്. ഇത് പൂർത്തിയാകുന്നതോടു കൂടി രാജ്യത്തെ ഏറ്റവും നീളം കൂടിയ കണ്ടെയ്‌നർ ബെർത്ത് എന്ന നേട്ടവും വിഴിഞ്ഞം തുറമുഖം സ്വന്തമാക്കും.

നിലവിലുള്ള 2.96 കിലോമീറ്റർ പുലിമുട്ട് 3.88 കിലോമീറ്റർ ആയും വർധിപ്പിക്കും. നിലവിൽ തുറമുഖത്തിനായി നിർമിച്ചിട്ടുള്ള പുലിമുട്ട് രാജ്യത്തെ ഏറ്റവും ആഴം കൂടിയ പുലിമുട്ടാണ്. രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾക്കായി ഭൂമിയൊന്നും ഏറ്റെടുക്കേണ്ടി വരുന്നില്ല. പകരം കടൽ നികത്തിയാണ് ആവശ്യമായ ഭൂമി കണ്ടെത്തുന്നത്. നിലവിലുള്ളവയ്ക്കു പുറമെ 12 പുതിയ ഷിപ്പ് ടു ഷോർ ക്രെയിനുകൾ, 27 പുതിയ യാർഡ് ക്രെയിനുകൾ എന്നിവ സ്ഥാപിക്കും.

തുറമുഖത്തിന്റെ ഒന്നാം ഘട്ടം 24,000 ടി ഇ യു കണ്ടെയ്‌നർ ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പലുകൾ കൈകാര്യം ചെയ്യാൻ കഴിയുന്ന രീതിയിലുള്ളതാണ്. എന്നാൽ തുടർഘട്ടങ്ങൾ കൂടി പൂർത്തിയാകുന്നതോടെ, 28,840 ടി ഇ യുവരെ ശേഷിയുള്ള നെക്സ്റ്റ് ജെൻ കണ്ടെയ്‌നർ കപ്പലുകളെയും കൈകാര്യം ചെയ്യാൻ തുറമുഖം സജ്ജമാകും. ഒരേസമയം 5 മദർഷിപ്പുകൾ വരെ കൈകാര്യം ചെയ്യാൻ പാകത്തിൽ തുറമുഖം വികസിക്കും.

ഇന്ത്യൻ തുറമുഖങ്ങളെ സേവിക്കുന്ന ഒരു ദേശീയ ട്രാൻസ്ഷിപ്‌മെന്റ് ടെർമിനലായി പ്രവർത്തനമാരംഭിച്ച വിഴിഞ്ഞം തുറമുഖം, പൂർണ്ണ വികസനം കൈവരിക്കുന്നതോടെ രാജ്യാന്തര ട്രാൻഷിപ്‌മെന്റ് ഹബ്ബായി ഉയരും. ആഫ്രിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലുള്ള തുറമുഖങ്ങളിലടക്കം, സേവനം എത്തിക്കുന്ന അന്താരാഷ്ട്ര ട്രാൻഷിപ്‌മെന്റ് ഹബ്ബായി വിഴിഞ്ഞം മാറും. അതോടെ ആഗോള കടൽവാണിജ്യ ഭൂപടത്തിൽ അതിപ്രധാന കേന്ദ്രമായി വിഴിഞ്ഞം തുറമുഖം മാറിത്തീരും. 

ഇന്ന് ആരംഭിക്കുന്ന രണ്ടാംഘട്ട വികസനം സമയബന്ധിതമായി തന്നെ പൂർത്തീകരിക്കും. ഈ തുറമുഖത്തിന്റെ രണ്ട്, മൂന്ന്, നാല് ഘട്ടങ്ങൾ നിശ്ചയിച്ചതിലും 17 വർഷം മുന്നേ, അതായത് 2028 ൽ തന്നെ ഈ മൂന്ന് ഘട്ടങ്ങളും സംയോജിപ്പിച്ച് വിഴിഞ്ഞത്തിന്റെ തുടർവികസനം പൂർത്തിയാക്കും. 2035 മുതൽ സംസ്ഥാന സർക്കാരിന് വരുമാന വിഹിതം ലഭിച്ചു തുടങ്ങും. പൂർണ്ണതോതിലുള്ള വികസന പ്രവർത്തനങ്ങൾ നേരത്തെ പൂർത്തിയാകുന്നതിനാൽ സർക്കാരിന്റെ വരുമാനവിഹിതം നേരത്തെ കണക്കാക്കിയതിനേക്കാൾ വർദ്ധിക്കുമെന്ന കാര്യത്തിലും സംശയമില്ല.

വിഴിഞ്ഞത്ത് ഇതുവരെ ട്രാൻഷിപ്‌മെന്റ് മാത്രമാണ് നടത്തിവന്നിരുന്നത്. ഇപ്പോൾ റോഡു വഴിയുള്ള ചരക്കുനീക്കത്തിന് നമ്മൾ തയാറായിക്കഴിഞ്ഞു. തുറമുഖത്തെയും ദേശീയപാതയെയും ബന്ധിപ്പിക്കുന്ന റോഡ് പൂർത്തിയായിരിക്കുന്നു. അതിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കുന്നുണ്ട്. ഏറ്റവും അടുത്ത ദിവസങ്ങളിൽ തന്നെ റോഡുവഴിയുള്ള ചരക്കു നീക്കവും ആരംഭിക്കും. ഈ തുറമുഖത്തിന്റെ ഒന്നാം ഘട്ടത്തിനായി 5,500 കോടിയോളം രൂപയാണ് സംസ്ഥാന സർക്കാർ മുടക്കിയത്. രാജ്യത്ത് മറ്റൊരു സർക്കാരും തുറമുഖ നിർമാണത്തിനായി ഇത്രയും വലിയൊരു നിക്ഷേപം നടത്തിയിട്ടില്ല. രാജ്യത്തിനാകെ പ്രയോജനം ലഭിക്കുന്ന പദ്ധതിയായാണ് ഇതിനെ കാണേണ്ടത്. 

വിഴിഞ്ഞത്തിന്റെ തീരത്ത് നിന്ന് ലോകത്തിനു നാം നൽകുന്ന വലിയ സന്ദേശം ഇതാണ് 'കേരളം മാറുകയാണ്, കേരളം മുന്നേറുകയാണ്'. ഇനിയും ഒരുപാട് കാര്യങ്ങൾ ഇവിടെ ചെയ്യാനുണ്ട്. ജനങ്ങളുടെയാകെ പിന്തുണയോടെ അവയും പൂർത്തീകരിക്കുക തന്നെ ചെയ്യും

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.