സർക്കാരിന്റെ നാലാം വാർഷികാഘോഷം: ഏപ്രിൽ 21ന് കാസർഗോട്ട് തുടക്കം

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Apr 20, 2025
സർക്കാരിന്റെ നാലാം വാർഷികാഘോഷം: ഏപ്രിൽ 21ന് കാസർഗോട്ട് തുടക്കം
c m pinarayi vijayan

* മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെയും എന്റെ കേരളം പ്രദർശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കാസർഗോഡ് നിർവഹിക്കും. കാലിക്കടവ് മൈതാനത്ത് ഏപ്രിൽ 21ന് രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ അധ്യക്ഷത വഹിക്കും. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ സ്വാഗതം ആശംസിക്കും. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ ബി ഗണേഷ് കുമാർ, പ്രതിപക്ഷനേതാവ് വി ഡി സതീശൻ, എം രാജഗോപാലൻ എം എൽ എ, രാജ്മോഹൻ ഉണ്ണിത്താൻ എം പി എന്നിവർ ആശംസകൾ അർപ്പിക്കും.

മന്ത്രിമാരായ വി അബ്ദുറഹിമാൻ, ജി ആർ അനിൽ, കെ എൻ ബാലഗോപാൽ, ഡോ. ആർ ബിന്ദു, ജെ ചിഞ്ചുറാണി, എം ബി രാജേഷ്, പി എ മുഹമ്മദ് റിയാസ്, ഒ ആർ കേളു, പി രാജീവ്, വി ശിവൻകുട്ടി, വി എൻ വാസവൻ, വീണാ ജോർജ്, സജി ചെറിയാൻ, എം എൽ എ മാരായ ഇ ചന്ദ്രശേഖരൻ, സി എച്ച് കുഞ്ഞമ്പു, എൻ എ നെല്ലിക്കുന്ന്, എ കെ എം അഷ്റഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ബാലകൃഷ്ണൻ, ജില്ലാ കളക്ടർ കെ ഇമ്പശേഖർ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം മനു, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ, പിലിക്കോട് ഡിവിഷൻ അംഗം എം ബി സുജാത, പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി പ്രസന്നകുമാരി, വാർഡ് മെമ്പർ പി രേഷ്മ എന്നിവർ സന്നിഹിതരാകും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സെക്രട്ടറി എസ് ഹരികിഷോർ ചടങ്ങിന് നന്ദി അറിയിക്കും.

ഏപ്രിൽ 21 മുതൽ മെയ് 30 വരെ വിപുലമായ പരിപാടികളോടെയാണ് വാർഷികാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതല, മേഖലാതല യോഗങ്ങൾ നടക്കും. വാർഷികാഘോഷത്തിന്റെ ഭാഗമായി പ്രദർശന വിപണന മേളകളും സംഘടിപ്പിക്കും. തിരുവനന്തപുരത്താണ് വാർഷികാഘോഷ പരിപാടിയുടെ സമാപനം. പരിപാടികളുടെ ഏകോപനത്തിന് ജില്ലാതല കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. ജില്ലാതല കമ്മിറ്റികളുടെ ചെയർമാൻ ജില്ലയുടെ ഏകോപന ചുമതലയുള്ള മന്ത്രിയാണ്. കോ ചെയർമാൻ ജില്ലയിലെ മന്ത്രിയും ജനറൽ കൺവീനർ ജില്ലാ കളക്ടറും കൺവീനർ ജില്ലാ ഇൻഫർമേഷൻ ഓഫീസറുമാണ്. ജില്ലയിലെ എം.പിമാർ, എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, പരിപാടി നടക്കുന്ന സ്ഥലത്തെ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷൻ/ അധ്യക്ഷ, വാർഡ് മെമ്പർ, വിവിധ വകുപ്പുകളുടെ ജില്ലാ ഓഫീസർമാർ എന്നിവർ കമ്മിറ്റി അംഗങ്ങളാണ്.

മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതല യോഗങ്ങൾ ഏപ്രിൽ 21ന് കാസർഗോഡും ഏപ്രിൽ 22ന് വയനാടും ഏപ്രിൽ 24ന് പത്തനംതിട്ടയിലും ഏപ്രിൽ 28ന് ഇടുക്കിയിലും ഏപ്രിൽ 29 ന് കോട്ടയത്തും മെയ് 5 ന് പാലക്കാടും മെയ് 6 ന് ആലപ്പുഴയിലും മെയ് 7 ന് എറണാകുളത്തും മെയ് 9 ന് കണ്ണൂരും മെയ് 12 ന് മലപ്പുറത്തും മെയ് 13 ന് കോഴിക്കോടും മെയ് 14 ന് തൃശ്ശൂരും മെയ് 22 ന് കൊല്ലത്തും മെയ് 23 ന് തിരുവനന്തപുരത്തും നടക്കും. ജില്ലാതല യോഗത്തിൽ ക്ഷണിക്കപ്പെട്ട 500 വ്യക്തികൾ പങ്കെടുക്കും. സർക്കാർ സേവനങ്ങളുടെ ഗുണഭാക്താക്കൾ, ട്രേഡ് യൂണിയൻ/ തൊഴിലാളി പ്രതിനിധികൾ, യുവജനത, വിദ്യാർത്ഥികൾ, സാംസ്‌കാരിക, കായിക രംഗത്തെ പ്രതിഭകൾ, പ്രൊഫഷണലുകൾ, വ്യവസായികൾ, പ്രവാസികൾ സമൂഹത്തിൽ സ്വാധീനമുള്ള വ്യക്തികൾ, സാമുദായിക നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. യോഗം രാവിലെ 10.30ന് തുടങ്ങി 12.30ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ മേഖലാ അവലോകന യോഗങ്ങളും നടക്കും. പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളുടെ യോഗം മെയ് 8ന് പാലക്കാട് നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ യോഗം മെയ് 15ന് തിരുവനന്തപുരത്തും കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളുടെ യോഗം കണ്ണൂരിൽ മെയ് 26നും എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളുടെ യോഗം മെയ് 29ന് കോട്ടയത്തും നടക്കും. രാവിലെ 10.30 മുതൽ 12.30 വരെയാണ് യോഗം നടക്കുന്നത്.

എന്റെ കേരളം പ്രദർശന വിപണന മേള ഏപ്രിൽ 21 മുതൽ 27 വരെ കാസർഗോഡ് പിലിക്കോട് കാലിക്കടവ് മൈതാനത്തും ഏപ്രിൽ 22 മുതൽ 28 വരെ വയനാട് കൽപറ്റ എസ് കെ എം ജെ സ്‌കൂളിലും ഏപ്രിൽ 24 മുതൽ 30 വരെ കോട്ടയം നാഗമ്പടം മൈതാനത്തും ഏപ്രിൽ 29 മുതൽ മെയ് 5 വരെ ഇടുക്കി ചെറുതോണി വാഴത്തോപ്പ് വി എച്ച് എസ് മൈതാനത്തും മെയ് 3 മുതൽ 12 വരെ കോഴിക്കോട് ബീച്ചിലും മെയ് 4 മുതൽ 10 വരെ പാലക്കാട് ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിന് എതിർ വശത്തുള്ള മൈതാനത്തും മെയ് 6 മുതൽ 12 വരെ ആലപ്പുഴ ബീച്ചിലും മെയ് 7 മുതൽ 13 വരെ മലപ്പുറം കോട്ടക്കുന്നിലും മെയ് 8 മുതൽ 14 വരെ കണ്ണൂർ പോലീസ് മൈതാനത്തും മെയ് 11 മുതൽ 17 വരെ കൊല്ലം ആശ്രാമം മൈതാനത്തും മെയ് 16 മുതൽ 22 വരെ പത്തനംതിട്ട ശബരിമല ഇടത്താവളം മൈതാനത്തും മെയ് 17 മുതൽ 23 വരെ എറണാകുളം മറൈൻ ഡ്രൈവിലും തിരുവനന്തപുരം കനകകുന്നിലും മെയ് 18 മുതൽ 24 വരെ തൃശ്ശൂർ സ്വരാജ് ഗ്രൗണ്ടിലെ വിദ്യാർത്ഥി കോർണറിലും നടക്കും. വാർഷികാഘോഷങ്ങളുടെ സംസ്ഥാനതല സമാപനം മെയ് 23ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടക്കും.

പ്രദർശന-വിപണന മേളയുടെ ഏകോപനം ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് നിർവഹിക്കും. കിഫ്ബിയാണ് അടിസ്ഥാന സൗകര്യം ഒരുക്കുന്നത്. വകുപ്പുകളുടെ സ്റ്റാളുകൾക്ക് പുറമെ വിപണന സ്റ്റാളുകളുമുണ്ടാവും. വകുപ്പുകളുടെ സ്റ്റാളുകളിൽ സർക്കാരിന്റെ 9 വർഷത്തെ വികസന - ക്ഷേമ പ്രവർത്തനങ്ങളും നേട്ടങ്ങളും പ്രദർശിപ്പിക്കും. 2500 ചതുരശ്ര അടിയിൽ ഐ&പിആർഡിയുടെ തീം പവലിയൻ ഒരുക്കും. കുടുംബശ്രീ ഉൾപ്പെടെയുള്ളവരുടെ ഫുഡ് കോർട്ടുകൾ, കലാപരിപാടികൾ, പുസ്തകമേള, കാർഷിക പ്രദർശനം, ഹരിത കേരള മിഷന്റെ പ്രവർത്തനം സംബന്ധിച്ച ഇൻസ്റ്റലഷൻ എന്നിവ മേളയുടെ ഭാഗമായി ഉണ്ടാകും. സ്റ്റാർട്ടപ്പ് മിഷൻ, ടൂറിസം, കിഫ്ബി, സ്പോർട്സ് എന്നിവയ്ക്ക് പവലിയനിൽ പ്രത്യേക ഇടമുണ്ടാവും. കെ.എസ്.എഫ്.ഡി.സിയുടെ മിനി തിയറ്ററും ഉണ്ടാവും. പൊലീസിന്റെ ഡോഗ്ഷോ, കാരവൻ ടൂറിസം, മൃഗസംരക്ഷണ വകുപ്പിന്റെ പ്രദർശനം എന്നിവ പവലിയന് പുറത്തുണ്ടാവും. സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ കലാകാരൻമാരുടെ ലൈവ് ഡെമോൺസ്ട്രേഷനും ഒരുക്കുന്നുണ്ട്. ജനങ്ങൾക്കാവശ്യമായ സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കാൻ കഴിയുന്ന രീതിയിലാണ് മേള സംഘടിപ്പിക്കുന്നത്.

വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി വ്യത്യസ്ത വകുപ്പുകൾ സംഘടിപ്പിക്കുന്ന സംസ്ഥാനതല യോഗങ്ങൾ പരിപാടിയുടെ ഭാഗമായി നടക്കും. യുവജനക്ഷേമ വകുപ്പ് മേയ് 3ന് യുവജനക്ഷേമത്തെക്കുറിച്ച് കോഴിക്കോടും മേയ് 11ന് പ്രൊഫഷണൽ വിദ്യാർഥികളുമായുള്ള ചർച്ച ഉന്നതവിദ്യാഭ്യാസ വകുപ്പ് കോട്ടയത്തും മേയ് 17ന് പ്രൊഫഷണലുകളുമായുള്ള ചർച്ച ശാസ്ത്ര സാങ്കേതിക വകുപ്പ് തിരുവനന്തപുരത്തും മേയ് 18ന് പട്ടികജാതി - പട്ടികവർഗ ക്ഷേമത്തെ അടിസ്ഥാനമാക്കി പട്ടികജാതി-പട്ടികവർഗ ക്ഷേമ വകുപ്പ് പാലക്കാടും മേയ് 19ന് സാംസ്‌കാരിക മേഖലയെ അടിസ്ഥാനമാക്കി സാംസ്‌കാരിക വകുപ്പ് തൃശ്ശൂരും മേയ് 27ന് വനിതാവികസനത്തെ അടിസ്ഥാനമാക്കി വനിതാവികസന വകുപ്പ് എറണാകുളത്തും യോഗങ്ങൾ സംഘടിപ്പിക്കും.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.