കര്‍ഷക സമുദ്ധാരണത്തിന് നവ നവീന പദ്ധതികളുമായി ഇന്‍ഫാം

ഇന്‍ഫാം സംസ്ഥാന അസംബ്ലിയില്‍ നവ നവീന പദ്ധതികള്‍ ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ അവതരിപ്പിക്കുന്നു

Feb 13, 2025
കര്‍ഷക സമുദ്ധാരണത്തിന് നവ നവീന പദ്ധതികളുമായി ഇന്‍ഫാം
fr thomas mattamundayil infarm chairman


പാറത്തോട്: ഇന്‍ഫാം കര്‍ഷക കുടുംബങ്ങളുടെ സമുദ്ധാരണത്തിനായി ഒമ്പത് നവീന പദ്ധതികള്‍ അവതരിപ്പിച്ച് ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍. കഴിഞ്ഞ ദിവസം പാറത്തോട്ടില്‍ ചേര്‍ന്ന ഇന്‍ഫാം കേരള സംസ്ഥാന അസംബ്ലിയിലാണ് അദ്ദേഹം പദ്ധതികള്‍
അവതരിപ്പിച്ചത്.
1. ഭൂമി പുനര്‍ജനി പദ്ധതി - അശാസ്ത്രീയമായ കൃഷിരീതികളും വളപ്രയോഗവും മൂലം മൃതപ്രായമായ മണ്ണിന്റെ പിഎച്ച് ക്രമീകരിച്ച് ഫലപുഷ്ടി ആര്‍ജിക്കുന്നതിന്  ഡോളോമൈറ്റ്, കുമ്മായം, പച്ചകക്ക എന്നിവ കര്‍ഷകന്റെ കൃഷിയിടത്തില്‍ എത്തിക്കാനുള്ള പദ്ധതി.

2. ധരണീ സമൃദ്ധി പദ്ധതി - മണ്ണിന്റെ സമ്പുഷ്ടീകരണത്തിനുവേണ്ടി ചാണകം, കമ്പോസ്റ്റ്, ജൈവ വളങ്ങള്‍, ജീവാണു വളങ്ങള്‍ തുടങ്ങിയ കര്‍ഷക കൃഷിയിടത്തിലെത്തിക്കുന്ന പദ്ധതി.

3. കാര്‍ഷിക വനവത്കരണ പദ്ധതി - ആഗോള താപനത്തെ തടയുന്നതിനും അതോടൊപ്പം വരുമാനം വര്‍ധിപ്പിക്കുന്നതിനുംവേണ്ടി നല്ലയിനം വിത്തുകളും തൈകളും വിതരണം ചെയ്യുന്ന പദ്ധതി.

4. കാര്‍ഷിക വിള സംഭരണ സംസ്‌കരണ വിതരണ പരിപാടി - കര്‍ഷകരുടെ വിളകളും വിഭവങ്ങളും സംഭരിക്കുന്നതിനും സംസ്‌കരിക്കുന്നതിനും വിറ്റഴിക്കുന്നതിനുംവേണ്ടിയുള്ള പദ്ധതി.

5. അനുബന്ധ കൃഷി പ്രോത്സാഹന പദ്ധതി - ബയോഗ്യാസിനും ചാണകത്തിനും പാലുല്‍പ്പാദനത്തിനും പ്രാദേശിക മാംസ ലഭ്യതയ്ക്കുംവേണ്ടി അനുബന്ധ കൃഷികളായ കന്നുകാലി വളര്‍ത്തല്‍, മുട്ടക്കോഴി വളര്‍ത്തല്‍, പന്നിവളര്‍ത്തല്‍, ആടു വളര്‍ത്തല്‍ തുടങ്ങിയ പ്രോത്സാഹിപ്പിക്കുന്ന പദ്ധതി.

6. കൈക്കോട്ടും ചിലങ്കയും - കലാ സാംസ്‌കാരിക പ്രോത്സാഹന പദ്ധതി - കര്‍ഷകരുടെ കലാപരമായ കഴിവുകളെ വളര്‍ത്തുന്നതിനും വികസിപ്പിക്കുന്നതിനും വേണ്ടിയുള്ള പരിശീലനവും പ്രോത്സാഹനവും നല്‍കുന്നതിനുവേണ്ടി ആവിഷ്‌കരിച്ചിരിക്കുന്ന പദ്ധതി.

7. ആരോഗ്യ പരിപാലന പദ്ധതി - കര്‍ഷകരുടെ കുടുംബങ്ങളില്‍ കിടപ്പുരോഗികളായിരിക്കുന്നവര്‍ക്കും ഡയാലിസിസ് ചെയ്യുന്നവര്‍ക്കും ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്ക് ഓക്‌സിജന്‍ സിലിണ്ടര്‍ ഉപയോഗിക്കുന്നവര്‍ക്കും വേണ്ടി ആശുപത്രികളുമായും മറ്റ് ഇതര സന്നദ്ധ സംഘടനകളുമായും ചേര്‍ന്ന് ക്രമീകരിക്കുന്ന പദ്ധതി.

8. വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതി - കര്‍ഷകരുടെ മക്കള്‍ക്ക് അവര്‍ നേടുന്ന വിജയങ്ങളെ അനുമോദിക്കുന്നതിനും അഭിനന്ദിക്കുന്നതിനുംവേണ്ടി കിസാന്‍ ജെംസ് എക്‌സലന്‍സ് അവാര്‍ഡ് സംഘടിപ്പിക്കും.

9.  മാനസിക സംഘര്‍ഷ ലഘൂകരണ പദ്ധതി - മാനസിക വ്യഥയിലും തീവ്ര ദുഃഖത്തിലുംപെട്ടിരിക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നതിനുവേണ്ടി ആരംഭിച്ചിരിക്കുന്ന കര്‍ഷക കൗണ്‍സിലിംഗ് പ്രോഗ്രാം.

ഓരോ കാര്‍ഷിക ജില്ലയുടെയും  അടിസ്ഥാനത്തിലായിരിക്കും ഈ പദ്ധതികള്‍ നടപ്പില്‍ വരുത്തുക. പദ്ധതികളുടെ ആവിഷ്‌കരണവും നടപ്പിലാക്കുന്നതിന്റെ ഉത്തരവാദിത്വവും ഓരോ കാര്‍ഷിക ജില്ലയ്ക്കുമായിരിക്കും. പദ്ധതികളുടെ ഏകോപനം സംസ്ഥാന എക്‌സിക്യൂട്ടീവിനായിരിക്കുമെന്ന് ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു.

ഫോട്ടോ...
പാറത്തോട് മലനാട് ഡവലപ്മെന്റ് ഓഡിറ്റോറിയത്തില്‍ നടന്ന ഇന്‍ഫാം സംസ്ഥാന അസംബ്ലിയില്‍ നവ നവീന പദ്ധതികള്‍ ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ അവതരിപ്പിക്കുന്നു.  ഫാ. ജോസ് പെണ്ണാപറമ്പില്‍, ഫാ. ജോസഫ് കാവനാടിയില്‍, ഫാ. ജോസഫ് ചെറുകരക്കുന്നേല്‍, സണ്ണി അഗസ്റ്റിന്‍ അരഞ്ഞാണിപുത്തന്‍പുരയില്‍, ജോസ് ഇടപ്പാട്ട്, ഫാ. ജോര്‍ജ് പൊട്ടയ്ക്കല്‍, ദശീയ രക്ഷാധികാരി മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ എന്നിവര്‍ സമീപം.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.