നൂതന അന്വേഷണ രീതികളിലൂടെ ലഹരി ശൃംഖലയുടെ വേരറുക്കും- മന്ത്രി രമേശ് ചെന്നിത്തല
പുതിയ കാലത്ത് നൂതന അന്വേഷണ രീതികളിലൂടെ ലഹരി ശൃംഖലയുടെ വേരറുക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷന്‍ തൂഫാന്‍ ദ നാര്‍ക്കോ ഹണ്ട് - തൂഫാന്‍ ജാഗരണ്‍ -ലഹരി വിരുദ്ധ പരിപാടിയുടെ ഇടുക്കി ജില്ലാതല ഉദ്ഘാടനം മുരിക്കാശ്ശേരി പാവനാത്മാ കോളജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. രാസലഹരിയാണ് ഇന്ന് ലോകം ഭരിക്കുന്നത്. ഇവയുടെ വിതരണക്കാര്‍ക്ക് കുട്ടികളുടെ ഭാഷ അറിയാം, അവരുടെ സൗഹൃദവലയങ്ങളും താല്പര്യങ്ങളും അറിയാം. പുതിയ സാങ്കേതികവിദ്യയും ലഹരി വിതരണക്കാര്‍ക്ക് അറിയാം. അതിനാല്‍ പോലീസിന്റെ അന്വേഷണ രീതികളും മാറ്റിക്കൊണ്ടിരിക്കുകയാണ്. ലഹരിയുടെ ശൃംഖലയുടെ ഉറവിടം കണ്ടെത്തുന്നതിനുള്ള സമഗ്രമായ അന്വേഷണമാണ് പോലീസ് നടത്തുന്നത്. പോലീസ് ഡോഗ് സ്‌ക്വാഡിന് ലഹരി വസ്തുക്കള്‍ കണ്ടെത്തുന്നതിനുള്ള പ്രത്യേക പരിശീലനം നല്‍കി വരികയാണ്. ലഹരി വ്യാപനത്തിന്റെ നൂതന വഴികള്‍ തടയാന്‍ പോലീസ് പുതിയ സംവിധാനം ആവിഷ്‌കരിച്ചുവരികയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ ലഹരി വിരുദ്ധ പോരാട്ടമായി 'ഓപ്പറേഷന്‍ തൂഫാന്‍' മാറി. ലഹരി ഉപയോഗം ഒരു വ്യക്തിയുടെ മാത്രം പ്രശ്‌നമോ നിയമ പ്രശ്‌നമോ അല്ല. സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ്. ഈ പ്രശ്‌നം പരിഹരിക്കേണ്ട ഉത്തരവാദിത്തം കേരളാ പോലീസിന് മാത്രമല്ലെന്നും ഓരോ കുടുംബവും വ്യക്തിയും ഈ പോരാട്ടത്തില്‍ പങ്കാളികളാകണമെന്നും മന്ത്രി പറഞ്ഞു. തൂഫാന്റെ മറ്റൊരു മുഖമായ തൂഫാന്‍ ജാഗരണാണ് ഇപ്പോള്‍ നടക്കുന്നത്. ലഹരി ഉണ്ടാക്കുന്ന ദുസ്സഹമായ സാമൂഹ്യ പ്രശ്‌നങ്ങളെ ഓരോ വ്യക്തിയുടെയും മനസ്സിലേക്ക് എത്തിക്കുകവഴി അവരെ അതില്‍ നിന്ന് മോചിപ്പിക്കുകയാണ് തൂഫാന്‍ ജാഗരണിന്റെ ലക്ഷ്യം. കുടുംബങ്ങളിലും കോളേജുകളിലും സ്‌കൂളുകളിലും കൃത്യമായ ജാഗ്രത ആവശ്യമാണ്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ലഹരിയുടെ ഒഴുക്ക് തടയാന്‍ അയല്‍ സംസ്ഥാനങ്ങളിലെ ഡി.ജി.പി.മാരുടെ യോഗം വിളിച്ചു. ഓരോ മുഖ്യമന്ത്രിമാരെയും നേരിട്ടു കണ്ടു. കര്‍ണാടക, തമിഴ്നാട് മുഖ്യമന്ത്രിമാരെ കണ്ടു. ആന്ധ്ര, തെലങ്കാന, പോണ്ടിച്ചേരി മുഖ്യമന്ത്രിമാരെയും ഉടന്‍ കാണും. അയല്‍ സംസ്ഥാനങ്ങളുടെ സഹായത്തെ തുടര്‍ന്ന് കൂടുതല്‍ പേരെ ഇപ്പോള്‍ പിടിക്കാന്‍ കഴിയുന്നുണ്ട്. പാലക്കാട്, കോഴിക്കോട് ഉള്‍പ്പെടെ ലഹരിമരുന്ന് കച്ചവടവുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകള്‍ കണ്ടെത്താന്‍ ഇഡി റെയ്ഡും നടക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഓപ്പറേഷന്‍ തൂഫാനുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയില്‍ മൊത്തം 662 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 717 പേരെ പ്രതികളാക്കി. 39.28 കിലോ കഞ്ചാവ് പിടിച്ചു. 30.912 ഗ്രാം എംഡിഎംഎ പിടിച്ചു. 113.21 ഗ്രാം ഹാഷിഷ് ഓയില്‍, 135 കഞ്ചാവ് ചെടി എന്നിവ പിടിച്ചു. ഓപ്പറേഷന്‍ തൂഫാനുമായി ബന്ധപ്പെട്ട് കേരളത്തില്‍ മൊത്തം 10,748 പേരെ അറസ്റ്റ് ചെയ്തു. ഒന്‍പതിനായിരത്തിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 170 കോടി രൂപയുടെ വിലമതിപ്പുള്ള മയക്കുമരുന്ന് പിടിച്ചു. പദ്ധതിയുടെ ഭാഗമായി ലഹരിക്ക് അടിമയായ 170-ഓളം ആളുകളെ ഇപ്പോള്‍ പോലീസ് ചികിത്സിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഇടുക്കിയിലെ ഭൂമി സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കും. പരിസ്ഥിതി ലോല പ്രദേശമായി നിശ്ചയിച്ചിട്ടുള്ള 51 വില്ലേജുകള്‍ 28 വില്ലേജായി കുറയ്ക്കാനാണ് ശ്രമിക്കുന്നത്. വനത്തില്‍ മാത്രമായി ഇഎസ്എ ചുരുക്കും. ഭൂപതിവ് ചട്ടങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും നിര്‍മ്മാണ നിരോധന പ്രശ്‌നങ്ങളും പരിഹരിക്കാന്‍ മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും ഇടുക്കി സന്ദര്‍ശിക്കും. ഇടുക്കിയുടെ അതിജീവനത്തിന് അനിവാര്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സമയോചിതമായ ഇടപെടലിലൂടെ വയോധികനെ ആത്മഹത്യയില്‍ നിന്നു തടഞ്ഞ ഇടുക്കി സ്റ്റേഷനിലെ എസ് എച്ച് ഒ ബിബിന്‍ ടി.ബി.യെ മന്ത്രി ആദരിച്ചു. ജനങ്ങള്‍ നെഞ്ചിലേറ്റിയ പദ്ധതിയാണിതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച റോയ് കെ പൗലോസ് എം എല്‍ എ പറഞ്ഞു. ലഹരിയുടെ ഉറവിടം തേടിയാണ് ആഭ്യന്തര വകുപ്പ് പ്രവര്‍ത്തിക്കുന്നത്. ലഹരിക്കെതിരായ കൊടുങ്കാറ്റായി ഓപ്പറേഷന്‍ തൂഫാന്‍ മാറിയെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി രൂപതാ ബിഷപ്പ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സര്‍ക്കാരിന്റെ ശക്തമായ കര്‍മ പരിപാടിയാണ് ഓപ്പറേഷന്‍ തൂഫാന്‍ എന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര തലങ്ങളിലുള്ള ലഹരി മാഫിയകളിലേക്കും അന്വേഷണം എത്തുന്നത് ഓപ്പറേഷന്‍ തൂഫാന്റെ ശക്തി വ്യക്തമാക്കുന്നതാണെന്ന് ഡീന്‍ കുര്യാക്കോസ് എം.പി. പറഞ്ഞു. സര്‍ക്കാര്‍ ചീഫ് വിപ് അപു ജോണ്‍ ജോസഫ്, എം.എല്‍.എ മാരായ അഡ്വ. സിറിയക് തോമസ്, സേനാപതി വേണു,, എറണാകുളം റേഞ്ച് ഡിഐജി ജി.എച്ച്. യതീഷ് ചന്ദ്ര, ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്, ജില്ലാ പോലീസ് മേധാവി ഡോ.എ. നാസിം, കട്ടപ്പന നഗരസഭാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രാ മോള്‍ ജിന്നി, വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനോദ് ജോസഫ്, കോവില്‍മല രാജാവ് രാമന്‍ രാജമന്നാന്‍, മുന്‍ എംഎല്‍എ ഇ.എം. അഗസ്തി,കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. സിജോ പി. ജോര്‍ജ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, എസ്.പി.സി കേഡറ്റുകള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ മേഖലകളിലെ തിരഞ്ഞെടുക്കപ്പെട്ട വ്യക്തികള്‍ക്ക് മന്ത്രി തൂഫാന്‍ വാരിയര്‍ ബാഡ്ജ് നല്‍കി. ചടങ്ങിനു മുന്നോടിയായി മന്ത്രി ഓപ്പറേഷന്‍ തൂഫാന്‍ പതാക ഉയര്‍ത്തി. രാജകുമാരി സെന്‍ട്രല്‍ സ്‌കൂള്‍ അവതരിപ്പിച്ച പ്രയര്‍ ഡാന്‍സും അരങ്ങേറി. ഫോട്ടോ ക്യാപ്ഷന്‍- ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയുടെ ഇടുക്കി ജില്ലാതല ഉദ്ഘാടനം മുരിക്കാശ്ശേരി പാവനാത്മ കോളേജില്‍ മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിക്കുന്നു


