നീതി സാധാരണക്കാരന്റെ അവകാശം;പണമില്ലാത്തതിന്റെ പേരിൽ നീതി നിഷേധിക്കപ്പെടരുത്: ജസ്റ്റിസ് സി. പ്രദീപ് കുമാർ
ഗവൺമെന്റ് ഒബ്സർവേഷൻ ഹോമിൽ പുതിയതായി സജ്ജമാക്കിയ ലീഗൽ സർവീസ് ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു
സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ആർക്കും നീതി നിഷേധിക്കപ്പെടരുതെന്നും സാധാരണക്കാർക്ക് നിയമസഹായം ഉറപ്പാക്കുകയാണ് ലീഗൽ സർവീസ് ക്ലിനിക്കുകളുടെ ലക്ഷ്യമെന്നും കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി. പ്രദീപ് കുമാർ. കാക്കനാട് ഗവൺമെന്റ് ഒബ്സർവേഷൻ ഹോമിൽ പുതുതായി സജ്ജമാക്കിയ ലീഗൽ സർവീസ് ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടതി നടപടികളിലെ കാലതാമസവും സാമ്പത്തിക ചിലവുകളും സാധാരണക്കാരെ നീതി തേടുന്നതിൽ നിന്ന് പിന്നോട്ട് വലിക്കുന്നുണ്ടെന്നും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ എടുക്കുന്ന ദീർഘമായ സമയം പലപ്പോഴും വെല്ലുവിളിയാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിവിൽ കേസുകൾ ഉൾപ്പെടെ പത്തും ഇരുപത്തഞ്ചും വർഷങ്ങൾ കോടതികളിൽ കെട്ടിക്കിടക്കുന്ന സാഹചര്യം ഇന്നുമുണ്ട്. ഇത്തരം പ്രതിസന്ധികൾ മറികടന്ന് എല്ലാവർക്കും നീതി ലഭ്യമാക്കുക എന്ന നല്ല ഉദ്ദേശത്തോടുകൂടിയാണ് ലീഗൽ സർവീസസ് അതോറിറ്റി ആക്ട് നിലവിൽ വന്നത്.
മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ അവസ്ഥ മെച്ചമാണെങ്കിലും നിയമസഹായം ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ നിയമ വിദ്യാർത്ഥികൾക്ക് വലിയ പങ്കുവഹിക്കാൻ സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
യുവ അഭിഭാഷകർക്കും വിദ്യാർത്ഥികൾക്കും സമൂഹത്തിലെ താഴെത്തട്ടിലുള്ളവർക്ക് വേണ്ടി ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ സാധിക്കും. കേരളത്തിലുടനീളം ലീഗൽ സർവീസ് ക്ലിനിക്കുകൾ വ്യാപിപ്പിക്കണമെന്നും, സാധാരണ ജനങ്ങൾക്ക് അവർക്ക് നിഷേധിക്കപ്പെട്ട നീതി എത്രയും വേഗത്തിൽ ലഭ്യമാക്കാൻ ഇത്തരം സംവിധാനങ്ങൾ ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെൽസ (KeLSA) മെമ്പർ സെക്രട്ടറിയും ജില്ലാ ജഡ്ജിയുമായ അനിൽ കെ. ഭാസ്‌കർ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. എറണാകുളം ജെ.ജെ.ബി പ്രിൻസിപ്പൽ മജിസ്‌ട്രേറ്റ് ജി. പത്മകുമാർ ചടങ്ങിൽ അധ്യക്ഷനായി. എറണാകുളം പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജി കെ. ബാലകൃഷ്ണൻ, കണയന്നൂർ ടി.എൽ.എസ്.സി (TLSC) ചെയർപേഴ്‌സണും ജില്ലാ ജഡ്ജിയുമായ എം. സുലേഖ, സി.ഡബ്ല്യു.സി (CWC) ചെയർപേഴ്‌സൺ അഡ്വ. ഉല്ലാസ് മധു, ജെ.ജെ.ബി അംഗം അഡ്വ. പി നളിനി , ജില്ലാ വനിതാ ശിശുവികസന ഓഫീസർ ജെബിൻ ലോലിത സൈൻ, ഡി.സി.പി.ഒ ഡോ. പി ജയന്തി , കാണയന്നൂർ ടി.എൽ.എസ്.സി സെക്രട്ടറി ജോയ്സൺ, ജെ.ജെ.ബി അംഗം അഡ്വ. കെ എസ് ശ്രീജ , കാക്കനാട് ഗവ. ഒബ്സർവേഷൻ ഹോം സൂപ്രണ്ട് പി.എസ് സിനി , മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


