തിരഞ്ഞെടുപ്പിൽ ഭിന്നശേഷി -വൃദ്ധ പങ്കാളിത്തം: ചരിത്രം കുറിച്ച് കാസർകോട് ജില്ല
പിക്ക് ആൻ ഡ്രോപ്പ് സംവിധാനം വിജയകരമായി ആസൂത്രണം ചെയ്ത് ജില്ല ശ്രദ്ധേയമായി
കാസർകോട്: തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഭിന്നശേഷിക്കാരുടെയും വൃദ്ധരുടെയും പങ്കാളിത്തം ഉറപ്പുവരുത്തുന്നതിൽ ചരിത്രം കുറിച്ച് കാസർകോട് ജില്ല. ആദ്യമായി ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആവിഷ്‌കരിച്ച, ചലന, കാഴ്ച പരിമിതി നേരിടുന്ന ഭിന്നശേഷിക്കാരെയും അവശരായ വൃദ്ധരെയും വോട്ട് ചെയ്യിക്കുന്നതിനായും തിരികെയും വാഹനത്തിൽ എത്തിക്കുന്ന പിക്ക് ആൻ ഡ്രോപ്പ് സംവിധാനം വിജയകരമായി ആസൂത്രണം ചെയ്ത് ജില്ല ശ്രദ്ധേയമായി.ഭിന്നശേഷിക്കാരായി വോട്ടർ പട്ടികയിൽ അടയാളപ്പെടുത്തിയവർക്കും 85 വയസ് കഴിഞ്ഞവർക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള ഹോം വോട്ടിംഗ് സൗകര്യവും ചലന, കാഴ്ച പരിമിതി നേരിടുന്ന ഭിന്നശേഷിക്കാരെയും അവശരായ വയോധികരെയും വോട്ട് ചെയ്യിക്കുന്ന പിക്ക് ആൻ ഡ്രോപ്പ് സംവിധാനവുമാണ് ഇതിൽ പ്രധാനപ്പെട്ട രണ്ട് പദ്ധതികൾ. ഹോം വോട്ടിംഗ് രാജ്യത്താകമാനം ഒരേതരത്തിലാണ് സംവിധാനം ചെയ്തതെങ്കിലും പിക്ക് ആൻഡ് ഡ്രോപ്പ് സംവിധാനത്തിന് അത്തരത്തിൽ കൃത്യമായ മാതൃക നിർദ്ദേശിക്കപ്പെട്ടിരുന്നില്ല.അതിനാൽ തന്നെ ഒന്നാംഘട്ട വോട്ടെടുപ്പിലും രണ്ടാംഘട്ട വോട്ടെടുപ്പിലും രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും വ്യത്യസ്തമായ രീതിയിലാണ് പിക്ക് ആൻഡ് ഡ്രോപ്പ് സംവിധാനം നടപ്പിലാക്കിയിരുന്നത്. ജില്ലയിലെ 38 ഗ്രാമ പഞ്ചായത്തുകളിലും 3 മുനിസിപ്പാലിറ്റികളിലും പാലിയേറ്റീവ് കെയർ യൂണിറ്റുകൾ കേന്ദ്രീകരിച്ച് പാലിയേറ്റീവ് കെയർ നഴ്സുമാരുടെ നേതൃത്വത്തിൽ ആശാവർക്കർമാരെ കോർത്തിണക്കിക്കൊണ്ടാണ് പദ്ധതി നടപ്പിലാക്കിയത്.