മുന്‍ കേരള സന്തോഷ് ട്രോഫി താരം ഒ.കെ. സത്യന്‍ അന്തരിച്ചു
സന്തോഷ് ട്രോഫി മുന്‍ താരം തളാപ്പ് കൃപാ നഴ്‌സിങ് ഹോമിന് സമീപം സലീഷ് വില്ലയില്‍ ഒ.കെ. സത്യന്‍ (സത്യവാന്‍-89) അന്തരിച്ചു.
കണ്ണൂര്‍: സന്തോഷ് ട്രോഫി മുന്‍ താരം തളാപ്പ് കൃപാ നഴ്‌സിങ് ഹോമിന് സമീപം സലീഷ് വില്ലയില്‍ ഒ.കെ. സത്യന്‍ (സത്യവാന്‍-89) അന്തരിച്ചു.അഞ്ചുവര്‍ഷം കേരളത്തിനുവേണ്ടി സന്തോഷ് ട്രോഫിയില്‍ ബൂട്ടണിഞ്ഞു. വാസ്‌കോ ഗോവ ഫുട്ബോള്‍ ക്ലബിന്റെ പ്രതാപകാലത്ത് ടീമിന്റെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചു. കേരള, ഗോവ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍, കോച്ച്, മാനേജര്‍ സെക്രട്ടറി സ്ഥാനങ്ങളും വഹിച്ചു. കേരളത്തിനകത്തും പുറത്തും ഒട്ടേറെ ദേശീയ മത്സരങ്ങളില്‍ പങ്കെടുത്തു. കേരളം ആദ്യമായി സെമിഫൈനല്‍ കളിച്ച 1962-ല്‍ നടന്ന കോഴിക്കോട് നാഷണലില്‍ സത്യന്റെ ഗോളാണ് ടീമിന് മൂന്നാം സ്ഥാനം നേടിക്കൊടുത്തത്.കണ്ണൂര്‍ ലക്കിസ്റ്റാറിലൂടെയാണ് തുടക്കം. പിന്നീട് ഗോവ സാല്‍ഗോക്കര്‍, വാസ്‌കോ ഗോവ തുടങ്ങിയ ക്ലബുകള്‍ക്ക് വേണ്ടിയും കളിച്ചു. 1972-ല്‍ കളിയില്‍നിന്ന് വിരമിച്ചു.ഭാര്യ: പരേതയായ ലളിത. മക്കള്‍: നിഷ, സലീഷ് (സ്പിരിറ്റഡ് യൂത്ത്സ് ക്ലബ് സെക്രട്ടറി, കണ്ണൂര്‍), റീന, പരേതയായ നീന. മരുമക്കള്‍: അജിത്ത് കുമാര്‍ (ദുബായ്), സിന്ധു, ദീപാനന്ദ്, സുരേശന്‍. സഹോദരങ്ങള്‍: യശോദ, പരേതരായ മാധവി, കണ്ണന്‍, സാവിത്രി, കറുവന്‍, ഭാസ്‌കരന്‍. സംസ്‌കാരം വെള്ളിയാഴ്ച 11-ന് പയ്യാമ്പലത്ത്.