കുട്ടികളുടെ അവകാശങ്ങൾ ആഘോഷിക്കപ്പെടണം: മന്ത്രി വി ശിവൻകുട്ടി
കുട്ടികളുടെ അവകാശനിയമങ്ങൾ കൂടുതലായി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തു
കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുക മാത്രമല്ല ആഘോഷിക്കപ്പെടുന്ന അന്തരീക്ഷം സൃഷ്ടിക്കനാകണമെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പുമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സംഘടിപ്പിച്ച സംസ്ഥാനതല കർത്തവ്യവാഹകരുടെ ദ്വിദിന യോഗം വെള്ളയമ്പലം ട്രിവാൻഡ്രം സോഷ്യൽ സർവീസസ് സൊസൈറ്റിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് എല്ലാ മേഖലകളിലും ഒരുമിച്ച് പ്രവർത്തിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. 2009-ലെ വിദ്യാഭ്യാസ അവകാശ നിയമം, 2012-ലെ കുട്ടികളുടെ ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമം, ജുവനൈൽ ജസ്റ്റിസ് നിയമം തുടങ്ങിയ ശിശു സംബന്ധിയായ നിയമങ്ങളുടെ നിരീക്ഷണ ഉത്തരവാദിത്തം വളരെ വലുതാണ്. ഈ നിയമങ്ങൾ കേരളത്തിലെ ഓരോ കുട്ടിക്കും സംരക്ഷണം നൽകുകയും അവർക്ക് അഭിവൃദ്ധി പ്രാപിക്കാനുള്ള അവസരം നൽകുകയും ചെയ്യുന്നതിനുള്ള നമ്മുടെ പ്രതിബദ്ധതയുടെ തൂണുകളാണ്. കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച ഈ നിയമങ്ങൾ വിപുലമായി പഠിക്കുന്നതിന് പാഠ്യപദ്ധതിയിൽ കൂടുതൽ ഭാഗങ്ങൾ ഉൾക്കൊള്ളിക്കുമെന്നും മന്ത്രി പറഞ്ഞു.
ശിശുവികസനത്തിലും ക്ഷേമത്തിലും സ്തുത്യർഹമായ പ്രവർത്തനങ്ങൾക്ക് കേരളം ദീർഘകാലമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും, കുട്ടികൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ ഏറെയാണ്. കുട്ടികളുടെ ക്ഷേമത്തിനും വികസനത്തിനും വിദ്യാഭ്യാസത്തിനുമായി സർക്കാർ നിരവധി പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും സമയോചിതമായ ഇടപെടലുകളിലും ഏകോപനത്തിലും കാര്യമായ വിടവുകൾ ഇപ്പോഴും നേരിടുന്നുണ്ട്. കുട്ടികൾ ഇന്ന് നേരിടുന്ന പ്രശ്നങ്ങൾ ബഹുമുഖമാണ്. ശാരീരിക വെല്ലുവിളികൾ മാത്രമല്ല, മാനസിക-വൈകാരിക പ്രശ്നങ്ങൾ, ലഹരിവസ്തുക്കളുടെ ദുരുപയോഗം, ഇലക്ട്രോണിക് ഉപകരണങ്ങളോട്, പ്രത്യേകിച്ച് മൊബൈൽ ഫോണുകളോടുള്ള ആസക്തി എന്നിവയും അവർ അഭിമുഖീകരിക്കുന്നു. അവ അടിയന്തിരമായും സംവേദനക്ഷമതയോടെയും അഭിസംബോധന ചെയ്യേണ്ടത് നമ്മുടെ കടമയാണെന്ന് മന്ത്രി പറഞ്ഞു.
എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ലഭിക്കണമെന്ന് വിദ്യാഭ്യാസ അവകാശ നിയമം അനുശാസിക്കുന്നുണ്ട്. എന്നിട്ടും, ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടൽ, ഗതാഗത സൗകര്യങ്ങളുടെ അഭാവം, സാമ്പത്തിക ബുദ്ധിമുട്ടുകൾ, രക്ഷിതാക്കൾക്കിടയിലെ അവബോധമില്ലായ്മ എന്നിവ കാരണം ചില കുട്ടികൾക്ക്, പ്രത്യേകിച്ച് ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് പഠനം തുടരാൻ കഴിയുന്നില്ല. ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്നങ്ങൾ ഈ വെല്ലുവിളികളെ കൂടുതൽ സങ്കീർണ്ണമാക്കുന്നു. വിദ്യാഭ്യാസ അവകാശ നിയമം കടലാസിൽ മാത്രമുള്ള നിയമമല്ല, കേരളത്തിലെ ഓരോ കുട്ടിക്കും ഇത് യാഥാർത്ഥ്യമാണെന്ന് ഉറപ്പാക്കണം.
കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളുടെ വർദ്ധനയും ഭയാനകമാണ്. ലിംഗഭേദമില്ലാതെ 18 വയസ്സിന് താഴെയുള്ള കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനാണ് 2012 ലെ പോക്‌സോ നിയമം നടപ്പിലാക്കിയത്. നിയമത്തിന്റെ ഫലപ്രാപ്തി കൂട്ടായ പരിശ്രമത്തെ ആശ്രയിച്ചിരിക്കുന്നു. പോക്‌സോ നിയമം ഗൗരവത്തോടും അർപ്പണബോധത്തോടും കൂടി നടപ്പാക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനാവണം. 2015-ലെ ജുവനൈൽ ജസ്റ്റിസ് ആക്റ്റ് നമ്മുടെ ശിശു സംരക്ഷണ ചട്ടക്കൂടിന്റെ മറ്റൊരു ആണിക്കല്ലാണ്. ഈ സമഗ്ര നിയമം, പരിചരണവും സംരക്ഷണവും ആവശ്യമുള്ള കുട്ടികളുടെയും നിയമപരമായി സഹായം വേണ്ടവരുടെയും ആവശ്യങ്ങളെ അഭിസംബോധന ചെയ്യുന്നു. നിയമത്തിൽ വിവരിച്ചിരിക്കുന്ന അവകാശ സംരക്ഷണത്തിനും പുനരധിവാസത്തിനുമുള്ള സംവിധാനങ്ങൾ പൂർണ്ണമായും പ്രവർത്തനക്ഷമവും ഫലപ്രദവുമാണെന്ന് ഉറപ്പാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്ന് മന്ത്രി പറഞ്ഞു.
ശിശുക്ഷേമം മെച്ചപ്പെടുത്തുന്നതിൽ കേരളം ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും, അവശേഷിക്കുന്ന വെല്ലുവിളികൾ നാം അംഗീകരിക്കണം. കുട്ടികൾ നമ്മുടെ ഭാവിയാണ്, അവർ സുരക്ഷിതവും പരിപോഷിപ്പിക്കുന്നതും ശാക്തീകരിക്കുന്നതുമായ അന്തരീക്ഷത്തിൽ വളരുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് നമ്മുടെ കടമയാണ്. നിശ്ചയദാർഢ്യത്തോടെയും സഹകരണത്തോടെയും വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിലൂടെ കേരളത്തെ കുട്ടികളുടെ അവകാശങ്ങളുടെയും ക്ഷേമത്തിന്റെയും പ്രകാശഗോപുരമാക്കി മാറ്റാനാകും- മന്ത്രി പറഞ്ഞു.
ബാലാവകാശ കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ്കുമാർ അധ്യക്ഷത വഹിച്ചു. കുട്ടികളുടെ അവകാശങ്ങളിൽ അധിഷ്ഠിതമായ സമീപനം പല വകുപ്പുകളിലെയും ഉദ്യോഗസ്ഥരിൽ നിന്ന് ഉണ്ടാകുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച നിയമങ്ങൾ ബാധകമേയല്ല എന്ന മട്ടിലാണ് ചിലരുടെ സമീപനം. കുട്ടികൾ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരായാൽ തങ്ങളുടെ അവകാശങ്ങളെ ബാധിക്കുമോ എന്നാണ് ചില അധ്യാപകരുടെ ആശങ്ക. കുട്ടികളോടുള്ള സമീപനത്തിലും പോക്സോ കേസുകൾ കൈകാര്യം ചെയ്യുന്നതിലും പൊലീസിന്റെ താഴെത്തട്ടിൽ പലപ്പോഴും വീഴ്ചകൾ ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പോക്സോ കേസുകൾ സംസ്ഥാനത്ത് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച അവബോധമില്ലായ്മയാണ് പ്രധാന പ്രശ്നം. കേരളത്തെ കുട്ടിസൗഹൃദ സംസ്ഥാനമാക്കാൻ എല്ലാവരുടെയും കൂട്ടായപരിശ്രമം ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യോഗത്തിൽ പോക്‌സോ, ബാലനീതി, വിദ്യാഭ്യാസ അവകാശം എന്നീ നിയമങ്ങൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുന്ന സംസ്ഥാനതല കർത്തവ്യവാഹകർ പങ്കെടുത്തു.
ആഭ്യന്തരം, പൊതുവിദ്യാഭ്യാസം, വനിതാ-ശിശുവികസനം, ആരോഗ്യം, പട്ടികജാതി, പട്ടികവർഗ്ഗം, സാമൂഹിക നീതി വകുപ്പ് സെക്രട്ടറിമാർ, ഡയറക്ടർമാർ, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ, വി.എച്ച്.എസ്.ഇ, സി.ബി.എസ്.ഇ, എച്ച്.എസ്.ഇ, എസ്.എസ്.കെ, എസ്.പി.സി, ട്രാൻസ്‌പോർട്ട്, എക്‌സൈസ്, എസ്.സി.ആർ.ബി, എസ്.ജെ.പി.യു, ജെ.ജെ.ബി, സി.ഡബ്‌ള്യു.സി, ഡി.സി.പി.യു, നിർഭയ സെൽ, കരിയർ ഗൈഡൻസ് ആൻഡ് അഡോളസൻസ് തുടങ്ങിയവയിലെ കർത്തവ്യവാഹകർ തുടങ്ങിയർ പങ്കെടുത്തു.
ജുവനൈൽ ജസ്റ്റിസ് ആക്റ്റ്, പോക്‌സോ ആക്റ്റ്, ആർ.ടി.ഇ ആക്റ്റ് എന്നിവയുടെ കൃത്യമായ നടത്തിപ്പ് ലക്ഷ്യപ്രാപ്തിയിലെത്തിക്കാൻ കർത്തവ്യവാഹകരുടെ ഓരോ ഘട്ടത്തിലുമുള്ള കൂട്ടായ ചർച്ചയും വിശകലനവും അഭിപ്രായരൂപീകരണവും ആവശ്യമായതിനാൽ കമ്മിഷന്റെ ആഭിമുഖ്യത്തിൽ 14 ജില്ലകളിലും യോഗങ്ങൾ സംഘടിപ്പിച്ചിരുന്നു. പ്രശ്‌നങ്ങൾ വകുപ്പ് മേധാവികളുമായി ചർച്ച ചെയ്യുന്നതിനും പരിഹാരം കാണുന്നതിനും സർക്കാരിന് ശുപാർശകൾ സമർപ്പിക്കുന്നതിനുമാണ് സംസ്ഥാനതലത്തിൽ കമ്മിഷൻ യോഗം സംഘടിപ്പിച്ചത്. യോഗത്തിന്റെ രണ്ടാം ദിനമായ നാളെ (31) നടക്കുന്ന പോക്സോ നിയമം സംബന്ധിച്ച സെമിനാർ ഹൈക്കോടതി ജഡ്ജി എസ് മനു ഉദ്ഘാടനം ചെയ്യും.
ഉദ്ഘാടന ചടങ്ങിൽ ബാലാവകാശ കമ്മിഷൻ അംഗങ്ങളായ എൻ സുനന്ദ, ജലജ മോൾ സി, സിസിലി ജോസഫ്, ഡോ. വിൽസൺ എഫ്, കെ.കെ ഷൈജു എന്നിവർ പങ്കെടുത്തു. കമ്മീഷൻ അംഗം ബി മോഹൻ കുമാർ സ്വാഗതവും സെക്രട്ടറി ഷൈനി ജോർജ് നന്ദിയും പറഞ്ഞു.